ബെംഗളൂരുവിലെ KSIC ഷോറൂമിൽ മൈസൂർ സിൽക്ക് സാരി വാങ്ങാൻ ആളുകൾ തലേദിവസം രാത്രി മുതൽ ക്യൂവില്‍. പുലര്‍ച്ചെ നാല് മണിക്ക് ഷോറൂമിലെത്തിയ യുവതി പങ്കുവച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. 

മൈസൂർ സിൽക്ക് സാരികൾ വളരെ പ്രശസ്തമാണ്. ആവശ്യക്കാരും ഏറെയാണ്. എന്നാലിപ്പോൾ, ബെംഗളൂരുവിലെ ജയാനഗറിലുള്ള കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (KSIC) ഷോറൂമിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിക്കുന്നത്. സാരി വാങ്ങാനായി 6 മണിക്കൂറോളം ക്യൂവിൽ നിന്ന ഒരു യുവതിയുടെ അനുഭവമാണ് വൈറലാകുന്നത്. 'off.script' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. പുലർച്ചെ 3.45 -ന് തന്നെ താൻ ഷോറൂമിലേക്ക് ഇറങ്ങിയെന്ന് യുവതി പറയുന്നു. ലിസ്റ്റിൽ പേര് വരാൻ വേണ്ടി തിരക്കിട്ട് ഷോറൂമിലെത്തുമ്പോൾ സമയം പുലർച്ചെ 4 മണിയായതേയുള്ളൂ. അപ്പോഴും തനിക്ക് മുന്നിൽ നിരവധി പേർ ക്യൂവിൽ ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഇത് മൂല്യമുള്ളതാണോ എന്ന് എനിക്കറിയില്ല. സിൽക്ക് സാരികളോടുള്ള ഭ്രമമാണോ അതോ അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണോ ഇത്രയും തിരക്കിന് പിന്നിലെന്ന് മനസ്സിലാകുന്നില്ല. ഇതൊരു നല്ല അനുഭവമായിരുന്നുവെങ്കിലും ജീവിതത്തിൽ ഇനിയൊരിക്കൽ കൂടി ഇതിന് മുതിരില്ല' എന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

തലേദിവസം രാത്രി 9 മണിക്ക് എത്തി ഒന്നാമതെത്തിയവരും പുലർച്ചെ 3 മണിക്ക് എത്തിയവരും ആ നീണ്ട ക്യൂവിലുണ്ടായിരുന്നു. രാവിലെ 10 മണിക്ക് തുറക്കുന്ന ഷോറൂമിൽ ടോക്കൺ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു സമയം 10 പേർക്ക് മാത്രമാണ് കയറാൻ അനുമതിയുള്ളത്. ഒരാൾക്ക് ഷോപ്പിങ്ങിനായി ലഭിക്കുന്നത് വെറും 10 മിനിറ്റ് മാത്രമാണ്. ഒരു ടോക്കൺ ഉപയോഗിച്ച് ഒരു സാരി മാത്രമേ വാങ്ങാൻ സാധിക്കൂ. 25,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് സാരികളുടെ വില. വ്യാഴം, ശനി ദിവസങ്ങളിലാണ് സ്റ്റോക്ക് എത്തുന്നത്. ഏകദേശം 100 സാരികൾ മാത്രമാണ് ഒരു സമയം വിൽപനയ്‌ക്കായി എത്തുക.

എന്തുകൊണ്ട് മൈസൂർ സിൽക്കിന് ഇത്ര പ്രിയം?

ശുദ്ധമായ മൾബറി സിൽക്കിൽ നിർമ്മിക്കുന്ന ഈ സാരികളിൽ തങ്കം പൂശിയ ഇഴകളാണ് ഉപയോഗിക്കുന്നത്. സ്വർണവില മാറുന്നതിനനുസരിച്ച് ഈ സാരികളുടെ വിലയിലും വ്യത്യാസം വരാറുണ്ട്. ജിഐ ടാ​ഗ് പദവിയുള്ള ഈ സാരികളുടെ ആധികാരികത ഉറപ്പാക്കാൻ ഓരോ സാരിയിലും പ്രത്യേക കോഡും ഹോളോഗ്രാമും ഉണ്ടായിരിക്കും.