വിവാഹച്ചടങ്ങുകൾക്ക് ശേഷം വേദിയിലെത്തിയ വരന്റെ പിതാവ് തന്റെ മകന് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പിതാവിനെ പ്രശംസിച്ചുകൊണ്ട് ആളുകള്‍ കമന്‍റുകള്‍ നല്‍കുകയാണ്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് വിവാഹ മുഹൂർത്തം. പലതരത്തിലുള്ള വിവാഹച്ചടങ്ങുകളുടെയും മറ്റും വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. വധുവിനും വരനും ഒപ്പം വേദിയിലെത്തിയ വരന്റെ പിതാവ് തന്റെ മകന് നൽകിയ ഉപദേശമാണ് ഇപ്പോൾ ആളുകളുടെ കൈയടി നേടുന്നത്. വിവാഹ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് വരന്റെ പിതാവ് വേദിയിലെത്തിയത്. പിന്നാലെ, അദ്ദേഹം തന്റെ മകനോട് സംസാരിക്കുന്നതും കാണാം.
'നമ്മുടെ സംസ്കാരത്തിൽ പുരുഷന്മാർക്ക് ഒരുപാട് മുൻഗണനകളും അവകാശങ്ങളും നൽകുന്നുണ്ട് (പ്രിവിലേജ്). ആ അവകാശങ്ങളെല്ലാം ഇവിടെ ഉപേക്ഷിക്കാനാണ് ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലേക്ക് പോകുമ്പോൾ ഒരു മകനായി, തുല്യനായ ഒരു പങ്കാളിയായി മാത്രം വേണം പോകാൻ. നിന്റെ കുടുംബത്തെ നീ എങ്ങനെയാണോ ബഹുമാനിക്കുന്നത് അതുപോലെ തന്നെ അവളുടെ കുടുംബത്തെയും ബഹുമാനിക്കുക' എന്ന മനോഹരമായ ഉപദേശമാണ് ഈ അച്ഛൻ തന്റെ മകന് വിവാഹദിനത്തിൽ നൽകുന്നത്.
വരന്റെ അച്ഛന്റെ വാക്കുകൾ കേട്ടതോടെ ഹാളിലുണ്ടായിരുന്ന അതിഥികളെല്ലാം നിശബ്ദരായി. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് താഴെ പിതാവിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 'സാർ, നിങ്ങളുടെ ഈ മനോഭാവത്തിന് വലിയൊരു സല്യൂട്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇതുപോലെയുള്ള പുരുഷന്മാരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഒരു പിതാവ് മകന് നൽകുന്ന ഏറ്റവും വലിയ ജീവിതപാഠം' എന്നും പലരും അഭിപ്രായപ്പെട്ടു. എന്തൊക്കെ തന്നെയായാലും വിവാഹദിനത്തിൽ ഇങ്ങനെയൊരു ഉപദേശം മകന് നൽകാൻ കാണിച്ച ആ അച്ഛൻ വലിയൊരു മനുഷ്യൻ തന്നെ അല്ലേ?
