വിവാഹത്തിനായി ട്രെയിനിലെ ഒരു കോച്ച് മുഴുവനും ബുക്ക് ചെയ്ത് ആഘോഷമാക്കി മാറ്റിയ ഒരു ഒരു മാർവാഡി കുടുംബത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ഇന്ത്യയിലെ വിവാഹങ്ങൾ എന്ന് പറയുമ്പോൾ തന്നെ വലിയ ആഘോഷങ്ങളാണ്. പാട്ടും നൃത്തവും വർണങ്ങളും ഒക്കെയായി അത് കൂടിച്ചേരലിന്റെ ആഘോഷമായി മാറുന്ന കാഴ്ചയാണ് നാം കാണാറ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ള ഒരു ആഘോഷമാണ്. ഒരു വിവാഹ സംഘം ട്രെയിനിലെ ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് അത് ആഘോഷവേദിയാക്കി മാറ്റുകയായിരുന്നു. ഒരു മാർവാഡി കുടുംബമാണ് തങ്ങളുടെ ബന്ധുക്കൾക്കായി ഒരു റെയിൽവേ കോച്ച് മുഴുവനായും ബുക്ക് ചെയ്തത്. പാട്ടും നൃത്തവും കേക്ക് മുറിക്കലുമൊക്കെയായി വിവാഹാഘോഷങ്ങൾ ട്രെയിനിൽ നിന്നു തന്നെ ഇവർ ആരംഭിച്ചിരുന്നു. ട്രെയിൻ കോച്ചിന് മുന്നിൽ പൂമാലകൾ ചാർത്തിയും അതിഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിപ്പിച്ചുമാണ് ഇവരുടെ ആഘോഷം തുടങ്ങിയത്.

പാട്ടിനൊപ്പം ചുവടുവെക്കുന്ന മുതിർന്നവരെയും കുട്ടികളെയും ഒക്കെ വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല. കോച്ചിനുള്ളിൽ വെച്ച് വധു കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിവാഹത്തിന്റെ ഭാഗമായുള്ള സമ്മാനക്കൈമാറ്റങ്ങളും ട്രെയിനുള്ളിൽ വെച്ച് തന്നെയാണ് നടന്നത്. തിക്കിനും തിരക്കിനും ഇടയിലൂടെ ടിക്കറ്റ് പരിശോധിക്കാനെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെയും വീഡിയോയിൽ കാണാം.

Scroll to load tweet…

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. അനന്ത് ഐ.ആർ.എ.എസ് എന്ന യൂസറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽ‌കിയത്. 'കുടുംബാംഗങ്ങൾക്കൊപ്പം ഇത്തരമൊരു യാത്ര അതിമനോഹരം തന്നെയാവും' എന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത് . എന്നാൽ, ' സാധാരണക്കാർ ടിക്കറ്റ് കിട്ടാതെ വലയുമ്പോൾ ഇത്തരത്തിൽ കോച്ചുകൾ ബുക്ക് ചെയ്യുന്നത് ശരിയാണോ ' എന്ന് ചോദിച്ചവരും ഉണ്ട്.