മധ്യപ്രദേശിലെ സത്‌നയിൽ കടം കൊടുക്കാൻ വിസമ്മതിച്ചതിന് രണ്ട് യുവാക്കൾ കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ സ്ഥിരം പറ്റുകാരായ രണ്ട് യുവാക്കൾ കടയ്ക്ക് തീയിട്ടു. ഈ സമയം കടയില്‍ ഉണ്ടായിരുന്ന കടയുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവാക്കൾ ലഘുഭക്ഷണവും ഡിസ്പോസിബിൾ ഗ്ലാസുകളുമാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ കട ഉടമ ഇത് നിരസിച്ചതിലുള്ള ദേഷ്യത്തിലാണ് ഇവര് കടയ്ക്ക് തീയിട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കോത്തി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിദൗണ്ട് ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പെട്രോളൊഴിച്ച് തീ കൊളുത്തി
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വീടിനോട് ചേർന്നുള്ള ഒരു ചെറിയ സ്റ്റേഷനറി കടയ്ക്ക് മുന്നില്‍ ഒരു യുവാവ് നില്‍ക്കുന്നത് കാണാം. അരുത് അരുത് എന്ന് ആരോ പറയുന്നതിന് പിന്നാലെ യുവാവ് തന്‍റെ കൈയിലിരുന്ന തീപ്പെട്ടി കൊള്ളി കത്തിച്ച് ഇടുന്നു. ഇതോടെ പ്രദേശത്താകെ തീ ആളിപ്പടരുന്നതും വീഡിയോയില്‍ കാണാം. കടയ്ക്കുള്ളിലേക്ക് തീ ആളിപ്പടരുമ്പോൾ മറ്റൊരു വഴിയിലൂടെ കാമറ മുന്നോട്ട് നീങ്ങുകയും കടയ്ക്ക് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളിൽ തീ ആളിപ്പടരുന്നതും കാണാം.
വീണ്ടും കാമറ പുറത്തേക്ക് നീങ്ങുകയും കടയില്‍ തീ ആളിപ്പടരുന്ന ദൃശ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. അല്പം കഴിഞ്ഞ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കുന്നവുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാൻ കഴിയുക. ആദ്യം കോത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ കടയുടമയെ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ നില ഗുരുതരമായതിനാൽ സത്‌ന ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പോലീസ് കേസ്
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോത്തി പോലീസ് പ്രതികളായ ബച്ച ത്രിവേദിയ്ക്കും കൃഷ്ണ ത്രിവേദിയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികൾ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇരുവരും കടയില്‍ നിന്നും സാധനങ്ങൾ വാങ്ങുകയും പണം നല്‍കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീണ്ടും ഇതേ ആവശ്യവുമായെത്തിയപ്പോഴാണ് കടയുടമ സാധനങ്ങൾ നല്‍കാന്‍ തയ്യാറാകാതിരുന്നത്. ഇതിനെ തുടർന്നാണ് ഇവര്‍ കടയ്ക്ക് തീയിട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സ്ഥലത്ത് നിന്നും തീയിടാന്‍ ഉപയോഗിച്ച പെട്രോൾ കുപ്പികൾ പേലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കൊലപാതകശ്രമം, തീവയ്പ്പ്, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികൾ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


