ഇന്ത്യയിൽ ഒരു പാരാഗ്ലൈഡിംഗ് യാത്ര മരത്തിൽ ഇടിച്ച് അപകടത്തിൽ അവസാനിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഈ സംഭവം രാജ്യത്തെ സാഹസിക കായിക വിനോദങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ അഭാവത്തെക്കുറിച്ചുമുള്ള വലിയ ആശങ്കകൾക്ക് കാരണമായി.

സാഹസിക കായിക വിനോദങ്ങളിൽ അപകട സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഏറെ ശ്രദ്ധയും അപകട സാധ്യത തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഇതിന് ആവശ്യമാണ്. മാത്രമല്ല, കൃത്യമായ പരിശീലനം ലഭിച്ച പരിചയ സമ്പന്നരായ പരിശീലകരോ സഹായികളോ വേണം സാഹസിക വിനോദങ്ങൾ നിയന്ത്രിക്കാനും. ഇന്ത്യയിലെ സാഹസിക കായിക വിനോദ രംഗത്ത് സുരക്ഷാ ആശങ്ക വീണ്ടും ഉയർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഇന്ത്യയിലെ സാഹസിക കായിക വിനോദം ഒഴിവാക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

വേണോ ഈ സാഹസികത

ആവേശത്തോടെ തുടങ്ങിയ ഒരു പാരാഗ്ലൈഡിംഗ് റൈഡ് പെട്ടെന്ന് ഒരു ഭയാനകമായി മാറുന്നതിന്‍റെ വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഇന്ത്യൻ സാഹസിക കായിക വിനോദങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീഡിയോ ഉയർത്തി. അപകടസാധ്യതകളെക്കുറിച്ചും ഇത്തരം വിനോദ പരിപാടികൾ മതിയായ സുരക്ഷാ പരിശോധനകൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും നിരവധി കാഴ്ചക്കാർ ചോദ്യങ്ങൾ ഉന്നയിച്ചു. നിഖിൽ സൈയ്നി പങ്കുവച്ച വീഡിയോ ഇതിനകം അരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഒരു സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പാരാഗ്ലൈഡിംഗ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിശാലമായ ആകാശത്ത് ഇരുവരും പറക്കുന്ന ഒരു ദൃശ്യത്തിന് പിന്നാലെ കാണുന്നത് ഇരുവരും മരചില്ലകളിൽ തട്ടി താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

സുരക്ഷയില്ലാത്ത സാഹസികത

വീഡിയോ ഓണ്‍ലൈനിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ സാഹസിക വിനോദങ്ങളിലെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇന്ത്യയിൽ സാഹസിക കായിക വിനോദങ്ങൾ വളരെ കുറച്ച് മാത്രമേ നിയന്ത്രിക്കപ്പെട്ടിട്ടുള്ളൂവെന്നും കഴിയുമെങ്കിൽ അവ ഒഴിവാക്കാനും നിഖിൽ എഴുതി. പിന്നാലെ ഇത്തരം സാഹസിക വിനോദങ്ങളുടെ സുരക്ഷാ പരിശോധനയെ കുറിച്ചും സഹായികളെ കുറിച്ചും നിരവധി പേരാണ് സംശയവും ആശങ്കയും പങ്കുവച്ചത്. തായ്‌ലൻഡിലും ഇന്തോനേഷ്യയിലും ഇവ വിജയകരമായി ചെയ്യുമ്പോൾ ഇന്ത്യയിൽ ആളുകൾ കൊല്ലപ്പെടുകയാണെന്നും ഇത്തരം വിനോദങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.