സിംബാബ്‌വെയിലെ ഒരു ഹോട്ടൽ അടുക്കളയിലേക്ക് 12 അടി നീളമുള്ള ഒരു മുതല ഇഴഞ്ഞെത്തിയപ്പോൾ ജീവനക്കാരും അതിഥികളും ഞെട്ടി. ഭക്ഷണം തേടിയെത്തിയതെന്ന് കരുതുന്ന നൈൽ മുതലയെ പിന്നീട് വന്യജീവി വകുപ്പ് അധികൃതർ എത്തി പിടികൂടി സാംബെസി നദിയിൽ സുരക്ഷിതമായി വിട്ടയച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

സിംബാബ്‌വെയിലെ ഒരു ഹോട്ടലിന്‍റെ അടുക്കളയിലേക്ക് 12 അടി നീളമുള്ള ഒരു മുതല ഇഴഞ്ഞു കയറി വന്നപ്പോൾ ഹോട്ടൽ ജീവനക്കാരും അതിഥികളും അക്ഷരാർത്ഥത്തിൽ ഞെട്ടി. വിശന്ന് വലഞ്ഞ മുതല ഭക്ഷണം അന്വേഷിച്ച് ഹോട്ടലിന്‍റെ അടുക്കളയിലേക്ക് കയറിയെന്ന തരത്തിൽ വീ‍ഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോയിൽ, അസാംബെസി റിവർ ലോഡ്ജിന്‍റെ അടുക്കളയ്ക്ക് സമീപത്തേക്ക് നീങ്ങുന്ന മുതലയെ കാണാം.

'ഒരു പേയിംഗ് ഗസ്റ്റിനെ പോലെ...'

ഒരു ആഡംബര റിസോട്ടിന്‍റെ മുറികൾ പോലെയുള്ള സ്ഥലത്ത് കൂടി ഒരു കൂറ്റൻ മുതല ഇഴ‌ഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം. പതുക്ക നീങ്ങിയ മുതല ഹോട്ടലിന്‍റെ അടുക്കളയെയും വിശാലമായ ഡൈനിംഗ് ഹാളിനെയും വേർതിരിക്കുന്ന കൗണ്ടറിലേക്ക് കയറി അവിടെ ഇരിപ്പുറപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യം മുതലയെ ഒരു തരത്തിലും ശല്യം ചെയ്യുന്നില്ല.

Scroll to load tweet…

മുതല ഭക്ഷണം കഴിക്കാനെത്തിയത് പോലെയാണ് പെരുമാറിയതെന്ന് ഈ സമയം ഹോട്ടലിൽ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് ടെലിഗ്രാഫ് യുകെയോട് പറഞ്ഞു. "ഒരു പേയിംഗ് ഗസ്റ്റിനെ പോലെ അത് അകത്തു കടന്നുവന്നെന്ന് വെയിറ്റർമാർ ഞങ്ങളോട് പറഞ്ഞു, പറ്റിയ മേശ കിട്ടാതെ വന്നപ്പോൾ അത് ഒരു മേശയിൽ അന്വേഷിച്ചു. അവിടെ ആരെയും കാണാതെ അത് അടുക്കളയിലേക്ക് കയറാൻ ശ്രമിച്ചു," ടൂറിസ്റ്റ് ജോൺ റിച്ചാർഡ്സ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

സുരക്ഷിതമായി വിട്ടയച്ചു

മുതല ഹോട്ടൽ മുറിയിൽ ഇരുപ്പുറപ്പിച്ചതിന് പിന്നാലെ ജീവനക്കാർ സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്‍റ് അതോറിറ്റിയെ വിവരം അറിയിച്ചു. പിന്നാലെ സംഘമെത്തി മുതലയെ പിടികൂടി സാംബെസി നദിയിലേക്ക് സുരക്ഷിതമായി വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അടുത്തുള്ള സാംബെസി നദിയിൽ നിന്നാണ് മുതല ഹോട്ടലിലേക്ക് കയറിവന്നതെന്ന് ഹോട്ടൽ ജീവനക്കാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പ്രകൃതിയിലെ ഏറ്റവും കാര്യക്ഷമമായ വേട്ടക്കാരിൽ ഒന്നായി കരുതുന്ന നൈൽ മുതലയാണ് ഹോട്ടലിൽ കയറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മാംസഭോജികളായ ഇവ മനുഷ്യരെയും ഭക്ഷിക്കും. ഓരോ വർഷവും നൈൽ മുതലകളുടെ കടിയേറ്റ് നൂറുകണക്കിന് മരണങ്ങളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.