ആയുധധാരികളായ റഷ്യന്‍ സൈനികരോട് ഈ വൃദ്ധ തന്റെ രാജ്യത്ത് ഇന്ന് ഇറങ്ങി പോകാന്‍ കല്‍പിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. തുറമുഖ നഗരമായ ഹെനിചെസ്‌കിലാണ് സംഭവം നടന്നത്.  

റഷ്യന്‍ സൈന്യം യുക്രൈനില്‍ അധിനിവേശം തുടരുന്നതിനിടെ പുറത്തുവരുന്നതെല്ലാം ഭീതിജനകമായ ദൃശ്യങ്ങളാണ്. യുക്രൈനിന്റെ പല ഭാഗങ്ങളും സ്‌ഫോടന ശബ്ദത്താല്‍ വിറകൊണ്ടു. ഭയം ജനിപ്പിച്ച് കൊണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇരമ്പുകയാണ്. ട്രെയിന്‍ സ്റ്റേഷനുകളില്‍ അഭയം പ്രാപിക്കുന്ന നിരാലംബരായ കുടുംബങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. തെരുവുകള്‍ യുദ്ധത്തിന്റെ ഭീകരതയുടെ നേര്‍ക്കാഴ്ചകളാണ്. 

അതിനിടയിലാണ് ഒരു യുക്രൈന്‍ വൃദ്ധയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നത്. ആയുധധാരികളായ റഷ്യന്‍ സൈനികരോട് ഈ വൃദ്ധ തന്റെ രാജ്യത്ത് ഇന്ന് ഇറങ്ങി പോകാന്‍ കല്‍പിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. തുറമുഖ നഗരമായ ഹെനിചെസ്‌കിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീിഡിയയിലും പുറത്തും നിരവധി പേരാണ് ആ സ്ത്രീയുടെ ധൈര്യത്തെ പ്രശംസിക്കുന്നത്. 

Scroll to load tweet…

ആയുധധാരികളായ റഷ്യന്‍ അധിനിവേശ സൈനികര്‍ക്ക് നേരെ തിരിഞ്ഞാണ് അവരുടെ സംസാരം: എന്റെ രാജ്യത്ത് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ ഉറക്കെ ചോദിക്കുന്നു. ഇടുപ്പില്‍ ഒരു വലിയ യന്ത്രത്തോക്കും കയ്യില്‍ മറ്റൊരു തോക്കും പിടിച്ചാണ് സൈനികന്‍ നിന്നിരുന്നത്. അപ്രതീക്ഷിതമായ ഈ പ്രതികരണത്തില്‍ പതറി പോയ സൈനികരിലൊരാള്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒപ്പം റഷ്യന്‍ സൈനികന്‍ അവരോട് പോകാന്‍ ആവശ്യപ്പെടുകയും, സാഹചര്യം വഷളാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും ചെയ്തു.

ഇത് കേട്ട് അവര്‍ തിരിഞ്ഞ് നടക്കാന്‍ ഒരുങ്ങിയെങ്കിലും, ഉടനെ മടങ്ങി വരികയും ചെയ്തു. 

തുടര്‍ന്ന് ദേഷ്യം സഹിക്കാനാകാതെ അവര്‍ പറഞ്ഞു: ''ഈ സൂര്യകാന്തി വിത്തുകള്‍ എടുത്ത് നിങ്ങളുടെ പോക്കറ്റില്‍ ഇടൂ. അങ്ങനെ നിങ്ങളുടെ മരണശേഷം കുറഞ്ഞത് ഉക്രേനിയന്‍ മണ്ണില്‍ സൂര്യകാന്തിപ്പൂക്കളെങ്കിലും വളരട്ടെ. ഞാന്‍ നിങ്ങളോട് പറയുന്നു, ഈ നിമിഷം മുതല്‍ നിങ്ങള്‍ ശപിക്കപ്പെട്ടിരിക്കുന്നു.'' ഇത്രയും പറഞ്ഞ് അവര്‍ നടന്നു പോയി. 

ഇതിനിടയില്‍ അവര്‍ സൈന്യത്തെ 'ഫാഷിസ്റ്റുകള്‍' എന്നും 'ശത്രുക്കള്‍'എന്നും മറ്റും വിളിക്കുന്നുമുണ്ട്. 

ട്വിറ്ററില്‍, ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പലരും സ്ത്രീയുടെ ധീരതയെ പ്രശംസിച്ചു. 'അസാമാന്യ ധൈര്യം! നന്ദി! ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്!' -ഒരാള്‍ എഴുതി.

Scroll to load tweet…

റഷ്യ അയല്‍രാജ്യത്തിന് നേരെ ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തെക്കന്‍ യുക്രൈന്‍ നഗരത്തില്‍ ഈ സംഭവം നടന്നത്. നഗരങ്ങളെ ലക്ഷ്യമാക്കി പാഞ്ഞു വന്ന റഷ്യന്‍ മിസൈലുകള്‍ വീടുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ഡസന്‍ കണക്കിന് ആളുകള്‍ മരണപ്പെട്ടു. ശത്രുവിനെ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ ഇതിനകം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. എന്നാലും, റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുകയാണ് യുക്രൈന്‍ സൈന്യം. അധിനിവേശത്തിനെതിരെ പോരാടാന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. 'രാജ്യത്തെ പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. നഗരങ്ങളില്‍ ഉക്രെയ്നെ പിന്തുണയ്ക്കാന്‍ തയ്യാറാകുക' അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു.