ഇന്ത്യ - പാകിസ്ഥാൻ വിഭജനകാലത്ത് വേർപിരിഞ്ഞ രണ്ട് സുഹൃത്തുക്കൾ 78 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന വൈകാരികമായ നിമിഷങ്ങള്‍. കാണാം വീഡിയോ. 

ജനങ്ങളുടെ മനസിൽ വലിയ മുറിവുകളുണ്ടാക്കിയാണ് ഇന്ത്യ - പാകിസ്ഥാൻ വിഭജനകാലം കടന്നുപോയത്. പ്രിയപ്പെട്ട പലരേയും വേർപിരിയേണ്ടി വന്ന കാലം. കുടുംബങ്ങൾ വിഭജിക്കപ്പെട്ടു, അതുവരെ കഴിഞ്ഞിരുന്ന വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു, ഒരിക്കലും തകരില്ലെന്ന് കരുതിയ സൗഹൃദങ്ങൾ പെട്ടെന്നൊരു ദിവസം അകലങ്ങളിലേക്ക് മറഞ്ഞു. അക്കാലത്ത് നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ ഇന്നും ജീവിച്ചിരിക്കുന്ന പലരും ഒരു മുറിവായി ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. അതുപോലെ തന്നെ വിവിധ സംഘടനകളുടെയും മറ്റും സഹായത്തോടെ അന്ന് പിരിയേണ്ടി വന്ന സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വീണ്ടും ഒന്നുചേരുന്ന കാഴ്ചകളും ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം യൂസറായ @lovely_singh9213 പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. 78 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടുന്ന രണ്ട് സുഹൃത്തുക്കളെയാണ് അതിൽ കാണുന്നത്. '78 വർഷങ്ങൾക്ക് ശേഷം രണ്ട് സുഹൃത്തുക്കൾ വീണ്ടും ഒന്നിച്ചു' എന്നാണ് ആ പോസ്റ്റിന്റെ ക്യാപ്ഷൻ. കാലങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന രണ്ട് വയോധികരെ ഈ വീഡിയോയിൽ കാണാം. ഒരു നിമിഷത്തേക്ക് അവർ ഒന്നും സംസാരിക്കുന്നില്ല. പകരം ഓർമ്മയിൽ നിന്നും ആ മുഖം കണ്ടെടുക്കാനെന്നത് പോലെ അവർ പരസ്പരം നോക്കിനിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

View post on Instagram

പിന്നീട് അവരിലൊരാൾ മുന്നോട്ട് വരുന്നു. പരസ്പരം തിരിച്ചറിഞ്ഞതുപോലെ ഇരുവരും കെട്ടിപ്പിടിക്കുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്. തങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോയതെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് പോലെ ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്നത് കാണാം. പിന്നീട് ഇരുവരും സംസാരിക്കുന്നതും കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി വന്നിരിക്കുന്നത്. 'യഥാർത്ഥ സൗഹൃദം ഒരിക്കലും മരിക്കുന്നില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഈ രം​ഗം തന്നെ കരയിപ്പിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഒരായുസ്സിന്റെ കാത്തിരിപ്പിനൊടുവിൽ അവർ ഒന്നിച്ചിരിക്കുന്നു' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്.