32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിന്‍റെ എക്സിറ്റ് വാതിൽ ഒരു യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചു. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന ഒരു മുൻ എംഎംഎ പോരാളി സമയോചിതമായി ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനം 32,000 അടി ഉയരത്തിലെത്തിയപ്പോൾ അസാധാരണമായ ഒന്ന് നടന്നു. ഒരു യാത്രക്കാരൻ ചാടി എഴുന്നേറ്റ് വിമാനത്തിന്‍റെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു. പെട്ടെന്ന് അത്തരമൊരു സംഭവം കണ്ടാൽ ആരായാലും ഒന്ന് ഭയക്കും. അടുത്തതെന്ത് സംഭവിക്കുമെന്ന് ഓർത്തുള്ള ഭയം. എന്നാൽ വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ സമയോജിതമായി ഇടപെട്ടു. യാത്രക്കാരെല്ലാം സുരക്ഷിതർ. അദ്ദേഹം ഒരു മുൻ എംഎംഎ (Mixed martial arts) പോരാളിയായിരുന്നു.

32,000 അടി ഉയരത്തിൽ ഒരു മദ്യപന്‍റെ വിളയാട്ടം

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ സീറ്റുകൾക്കിടെയിൽ ഒരാളെ ഇരുത്തി കൈകൾ രണ്ടും കൂട്ടിപിടിച്ച് നിൽക്കുന്ന കറുത്ത ടീ ഷർട്ട് ധരിച്ച ഒരാളെ കാണാം. അദ്ദേഹം ചൂയിംഗം നിർത്താതെ ചവയ്ക്കുന്നുണ്ട്. മറ്റ് യാത്രക്കാർ അദ്ദേഹത്തിന് കൈകൾ കൂട്ടിക്കെട്ടാനുള്ള ചരടുകൾ നൽകുകയും അത് ഉപയോഗിച്ച് സീറ്റിൽ ഇരിക്കുന്നയാളുടെ കൈകൾ അയാൾ കൂട്ടിക്കെട്ടുന്നതും വീഡിയോയിൽ കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി, '32,000 അടി ഉയരത്തിൽ ഒരു യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. ഒരു ജിയു-ജിറ്റ്സു ഇൻസ്ട്രക്ടർ എഴുന്നേറ്റ് നിന്ന് അത് തട‌ഞ്ഞു. വിമാനം മിയാമിയിൽ സുരക്ഷിതമായി ഇറങ്ങുന്നതുവരെ അയാളെ അവിടെ തന്നെ പിടിച്ചു നിർത്തി. ഏറ്റവും ആവശ്യമുള്ള സമയത്ത് തികഞ്ഞ വൈദഗ്ധ്യവും സംയമനവും.' വീഡിയോ വളരെ പെട്ടെന്ന് തന്നെ 19 ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേർ ആ റിയൽ ഹീറോയെ അഭിനന്ദിക്കാനായി എത്തി.

Scroll to load tweet…

ചൂയിംഗം ചവച്ച്, ഇതൊക്കെ എന്തെന്ന മട്ടിൽ...

കൃത്യസമയത്ത് യാത്രക്കാരനെ കീഴ്പ്പെടുത്തിയ മാർഷൽ ആർട്സ് പോരാളിയെ വീഡിയോ കണ്ടവ‍ർ അഭിനന്ദിച്ചു. പലപ്പോഴും അത്തരം ഒരാളുടെ അസാന്നിധ്യം പ്രശ്നങ്ങൾ വഷളാക്കാറുണ്ടെന്ന് ചിലരെഴുതി. അതേസമയം വാതിൽ തുറക്കാൻ ശ്രമിച്ചയാളെ എല്ലാവരും കുറ്റപ്പെടുത്തി. എന്നാൽ മറ്റ് ചിലർ 32,000 അടി ഉയരത്തിൽ വച്ച് ഒരു സാധാരണ യാത്രക്കാരന് എക്സിറ്റ് വാതിൽ തുറക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ തർക്കിക്കുന്ന തിരക്കിലായിരുന്നു. 'അയാൾ ചൂയിംഗം ചവച്ച് കൊണ്ടിരുന്നു. എല്ലാം വളരെ സാധാരണമെന്ന പോലെ' ഒരു കാഴ്ചക്കാരൻ അല്പം അവിശ്വാസത്തോടെ കുറിച്ചു. "എല്ലാ വിമാനങ്ങളിലും ജിയു-ജിറ്റ്സു ഷർട്ട് ധരിച്ച ആ ഒരാളെ എപ്പോഴും വേണം." എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ഇനി മുതൽ വിമാന യാത്രക്കാരുടെ മാനസികാരോഗ്യ റിപ്പോർട്ടും വിമാനക്കമ്പനികൾ ആവശ്യപ്പെടണമെന്ന് ചിലർ എഴുതി. 30,00 അടി ഉയരത്തിൽ നിൽക്കുമ്പോൾ ശക്തമായ ബാഹ്യമർദ്ദമുണ്ടാകുമെന്നും അത്തരമൊരു അവസ്ഥയിൽ ഉള്ളിലേക്ക് ചാരി നിൽക്കുന്ന പ്ലഗ്-ടൈപ്പ് ഡിസൈനുകളുള്ള എക്സിറ്റ് ഡോറുകൾ തുറക്കാൻ കഴിയില്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചു. വിമാനത്തിലെ ആ ഹീറോ മുൻ പ്രൊഫഷണൽ എംഎംഎ പോരാളിയായ ജോൺ ലോങ്‌വുഡ് ആണെന്ന് സിബിസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് വിമാനം മിയമിയിൽ അടിയന്തരമായി ഇറക്കുകയും പ്രശ്നമുണ്ടാക്കിയ ആളെ പോലീസിന് കൈമാറുകയും ചെയ്തു.