മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ കുടുങ്ങിയ ഒരു കൂട്ടം വിനോദസഞ്ചാരികൾ ഗർബ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദുരന്തമുഖത്ത് അപകടകരമായ സാഹചര്യത്തിൽ ഇത്തരത്തിൽ പെരുമാറിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇത്തരം പ്രവൃത്തികൾ കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ഇത് സാമാന്യബുദ്ധിയില്ലായ്മയാണെന്നും പലരും അഭിപ്രായപ്പെട്ടു.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യന് എങ്ങനെയാണ് ആഘോഷിക്കാൻ തോന്നുക? എന്നാൽ, അത്തരം സന്ദർഭങ്ങളിലും സന്തോഷം കണ്ടെത്തുന്നവരുണ്ട്. സമാനമായൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ അത്തരം ആഘോഷങ്ങൾ ദുരന്തങ്ങളെക്കാൾ വലിയ ദുരന്തമാണെന്നായിരുന്നു നെറ്റിസെൺസ് അഭിപ്രായപ്പെട്ടത്. കിഴുക്കാംതൂക്കായ മലനിരകളുടെ താഴ്വാരയിൽ ഒരു അരുവിയുടെ തീരത്ത് നിർത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ സമീപത്ത് ഗർബ നൃത്തം കളിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ വീഡിയോയ്ക്ക് താഴെയായിരുന്നു രൂക്ഷമായ പ്രതികരണവുമായി നെറ്റിസെൺസ് എത്തിയത്.
ദുരന്തത്തിനിടെയിലും നൃത്തം
ഇതിനകം ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേർ കണ്ട വീഡിയോ പങ്കുവച്ച് കൊണ്ട് റിതിക് ഇങ്ങനെ എഴുതി. 'മണ്ണിടിച്ചിൽ മൂലമുണ്ടായ ഒരു റോഡപകടത്തിന് ഇടയിൽ ഗർബ അവതരിപ്പിക്കുന്ന ഒരു കൂട്ടം ഗുജ്ജു വിനോദ സഞ്ചാരികൾ. അവർക്ക് അടിസ്ഥാന മാന്യത പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. ശബ്ദവും കുഴപ്പങ്ങളും സൃഷ്ടിക്കുന്നത് മറ്റൊരു മണ്ണിടിച്ചിലിന് കാരണമാകും. അത് നിരവധി ജീവൻ അപഹരിച്ചേക്കാം. പണം കൊടുത്ത് ക്ലാസും സാമാന്യബുദ്ധിയും വാങ്ങാൻ കഴിയില്ല.' വീഡിയോ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ വീഡിയോ വീണ്ടും പങ്കുവച്ചു. അത്രയേറെ അപകടം പിടിച്ച സ്ഥലത്ത് ഇത്രയേറെ സന്തോഷം പ്രകടിപ്പിക്കണമെങ്കിൽ അവർക്ക് മറ്റെന്തോ പ്രശ്നമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. കിഴുക്കാംതൂക്കായ മലയുടെ താഴ്വാരത്തിന് നിന്നും ഉണ്ടാക്കുന്ന വലിയ ശബ്ദം പ്രതിധ്വനിക്കും ഇത് സൃഷ്ടിക്കുന്ന പ്രകമ്പനം മലകളുടെ ബലക്കുറവിന് പ്രതിരോധിക്കാൻ കഴിയാതെ വരികയും അവ ഇടിഞ്ഞ് വീഴുകയും ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, മലയിടിഞ്ഞ് നിരവധി സഞ്ചാരികളടക്കം റോഡിൽ കുടുങ്ങിക്കിടക്കുമ്പോൾ അതിനിടെയിലും കൂട്ടം കൂടി ആർത്ത് വിളിച്ച് നൃത്തം ചെയ്യുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. മനുഷ്യരായാൽ ആവശ്യത്തിനെങ്കിലും കോമൺസെന്‍സ് വേണമെന്നായിരുന്നു പലരും കുറിച്ചത്.
ഒരല്പം കോമൺസെൻസ്
വിനോദ സഞ്ചാരികളുടെ പെരുമാറ്റം, സുരക്ഷാ അവബോധം, സോഷ്യൽ മീഡിയ സംസ്കാരം എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് വീഡിയോ ഉയർത്തിയത്. ചിലർ അവരുടെ ദീർഘനേരമായുള്ള കാത്തിരിപ്പും അത് സൃഷ്ടിച്ച മടുപ്പിനും അറുതി വരുത്താനായിരിക്കാം നൃത്തം ചെയ്തതെന്ന് ന്യായീകരിച്ചു. അതേസമയം ചുറ്റുപാടുകളോടുള്ള ബഹുമാനം, സ്ഥലത്തെ പ്രത്യക അവസ്ഥ, സുരക്ഷ. സാഹചര്യത്തെ കുറിച്ചുള്ള അവബോധം എന്നിവ ഏതൊരു വൈറൽ ഉള്ളടക്കത്തെക്കാളും ഏതൊരു സന്തോഷ നിമിഷത്തെക്കാളും പ്രധാന്യം അർഹിക്കുന്നെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അപകടകരമായ ഒരു സാഹചര്യത്തെ വിനോദമായി കണക്കാക്കുന്നതിനെ മറ്റ് ചിലർ വിമർശിച്ചു, പ്രകൃതിദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ആളുകൾ കൂടുതൽ അവബോധവും സംയമനവും പാലിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടി. ചില ഉപയോക്താക്കൾ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. ആദ്യത്തെ മണ്ണിടിച്ചിലിന് ശേഷവും തുടർന്നു മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അടുത്തിടെ വിയറ്റ്നാമിലെ വിമാനത്താവളത്തിന്‍റെ റൺവെയിൽ വച്ച് ചിലർ ഗർബ നൃത്തം കളിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിട്ട് അധിക ദിവസം കഴിയും മുന്നേയാണ് മറ്റൊരു ഗർബ നൃത്തത്തിനും രൂക്ഷ വിമർശനം നേരിടേണ്ടിരുന്നത്.


