പൂനെയിലെ ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനം കൊണ്ട് വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും അമ്പരപ്പിക്കുകയായിരുന്നു അദ്ദേഹം. 

ക്ലാസ് മുറികളിൽ ​ഗൗരവക്കാരായി ഇരിക്കുന്ന, കുട്ടികൾക്ക് കാണുമ്പോൾ തന്നെ ആകെ ടെൻഷനും ഭയവും ഒക്കെ തോന്നുന്ന അധ്യാപകരുടെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ അടിച്ചുപൊളിച്ച് വിദ്യാർത്ഥികളുടെ വൈബിനൊപ്പം നിൽക്കുന്ന അനേകം അധ്യാപകരെ നമുക്ക് സ്കൂളിലും കോളേജിലും ഒക്കെ കാണാം. അത്തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു അധ്യാപകന്റെ വീഡിയോയാണ് ഇതും. പൂനെ ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിലെ ഒരു അധ്യാപകനാണ് പ്രശസ്തമായ 'ഷോലെ' സിനിമയിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

യൂണിവേഴ്സിറ്റിയിൽ നടന്ന 'ദൃഷ്ടി 2026' എന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു വിദ്യാർത്ഥികളെയും മറ്റ് അധ്യാപകരേയും ഒക്കെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഈ പ്രകടനം. വളരെ ആവേശത്തോടെ അദ്ദേഹം പാട്ടുപാടുന്നതും മറ്റുള്ളവർ കേട്ടിരിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. നുപുർ മാൾ എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'നിങ്ങളുടെ പ്ലേലിസ്റ്റിനേക്കാൾ വൈബുള്ള പ്രൊഫസർ' എന്ന രസകരവും മനോഹരവുമായ ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View post on Instagram

വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. അനേകങ്ങൾ പോസ്റ്റിന് കമന്റുകളുമായി എത്തി. 'കോളേജ് ജീവിതം അവിസ്മരണീയമാക്കുന്നത് ഇത്തരം അധ്യാപകരാണ്' എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഗൗരവക്കാരായ അധ്യാപകർ എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതുന്നതാണ് ഈ പ്രകടനമെന്നും, വിദ്യാർത്ഥികളുമായി ഇത്രയും അടുത്ത ബന്ധം പുലർത്തുന്ന അധ്യാപകർക്ക് ലഭിക്കുന്ന ബഹുമാനം ഇരട്ടിയായിരിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.