ബെംഗളൂരുവിൽ വീട് വാടകയ്ക്ക് എടുക്കുമ്പോൾ തങ്ങള്‍ പഠിച്ച പാഠങ്ങള്‍ പങ്കുവെക്കുകയാണ് ഈ ദമ്പതികൾ. വെള്ളം, ഡെപ്പോസിറ്റ് തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം എന്തെല്ലാം ശ്രദ്ധിക്കണം എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ബെംഗളൂരു നഗരത്തിൽ വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് പലരും അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തങ്ങൾക്കുണ്ടായ അനുഭവങ്ങളും അതിലൂടെ പഠിച്ച പാഠങ്ങളും പങ്കുവെയ്ക്കുകയാണ് ഈ ദമ്പതികൾ. നാല് വർഷത്തിനിടെ മൂന്ന് വീടുകൾ മാറിയയെന്നും ശേഷമാണ് 19,000 രൂപ വാടകയ്ക്ക് മികച്ചൊരു 2BHK ഫ്ലാറ്റ് കണ്ടെത്താൻ കഴിഞ്ഞതെന്നും റോഷ്‌നിയും അഭിഷേകും പറയുന്നു. @remotewalizindagi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവർ അനുഭവം പങ്കുവെച്ചത്.
പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് ഇവർ പറയുന്നത്. വീട്ടിലെ വെള്ളം കാവേരി കണക്ഷനാണോ അതോ ടാങ്കർ ലോറിയാണോ എന്ന് ആദ്യം തന്നെ ചോദിച്ചറിയണം. ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നതെങ്കിൽ മാസാമാസം വലിയൊരു തുക അധികം നൽകേണ്ടി വരും. അതുപോലെ തന്നെ വീട് ഒഴിഞ്ഞുപോകുമ്പോൾ ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതിനെക്കുറിച്ച് മുൻകൂട്ടി തന്നെ കൃത്യമായ കരാറുണ്ടാക്കണം. അല്ലാത്തപക്ഷം അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഉടമകൾ വലിയ തുക കൈക്കലാക്കാൻ സാധ്യതയുണ്ട്. മാലിന്യം കളയാനുള്ള സൗകര്യം, സമയം എന്നിവയ്ക്ക് പുറമെ ആ പ്രദേശത്ത് വീട്ടുജോലിക്കാരെയോ പാചകക്കാരെയോ എളുപ്പത്തിൽ കിട്ടുമോ എന്നതും പരിശോധിക്കണം. വീടിന്റെ ഭംഗി മാത്രം നോക്കി വീട് തിരഞ്ഞെടുക്കരുത്. ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
'മറ്റൊരു കൂട്ടർ അഡ്വാൻസ് തരാൻ തയ്യാറായി നിൽക്കുകയാണ്' എന്ന ഉടമകളുടെയോ ബ്രോക്കർമാരുടെയോ വാക്കുകളിൽ വീണ് പെട്ടെന്ന് വീട് എടുക്കരുത്. സ്ഥലത്തെ ശബ്ദമലിനീകരണം, സുരക്ഷ, യാത്രാസൗകര്യം എന്നിവയെല്ലാം സ്വയം ബോധ്യപ്പെട്ട ശേഷം മാത്രം കരാറിൽ ഒപ്പിടുക എന്നാണ് ഇവർ പറയുന്നത്. 'നാല് വർഷത്തിനിടെ മൂന്ന് വീടുകൾ മാറിയതിൽ നിന്നും ഞങ്ങൾ ഒരുപാട് തെറ്റുകൾ പഠിച്ചു. ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കും' എന്നും ദമ്പതികൾ പറയുന്നു. വീഡിയോയ്ക്ക് അനേകങ്ങളാണ് ഇവർ പറയുന്നത് സത്യമാണ് എന്ന് അംഗീകരിച്ചുകൊണ്ട് കമന്റുകളുമായി വന്നത്.
