ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ, അമിത വിലയുള്ള നോട്ട് ബുക്കുകൾ സ്കൂളിൽ നിന്ന് വാങ്ങാൻ വിസമ്മതിച്ച രക്ഷിതാവിനെ പ്രിൻസിപ്പാൾ അധിക്ഷേപിച്ചു. കുട്ടിയുടെ പേര് രജിസ്റ്ററിൽ നിന്ന് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷിതാവിനോട് മോശമായി സംസാരിക്കുകയും ചെയ്ത പ്രിൻസിപ്പാളിന്റെ വീഡിയോ വൈറലായതോടെ അവർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
വീണ്ടുമൊരു അവധിക്കാലമാണ്. ഒരു മാസം കൂടിക്കഴിഞ്ഞാൽ അടുത്ത അധ്യയന വർഷം തുടങ്ങും. അതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള തിരക്കിലാണ് അച്ഛനമ്മമാർ. എന്നാൽ, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസും പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെ വിലയും താങ്ങാവുന്നതിനും അപ്പുറമാണെന്ന പരാതിയും ഉയരുന്നു. സ്വകാര്യ സ്കൂൾ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നുമില്ല. അതിനിടെയാണ് സ്കൂളിൽ നിന്നും അമിത വില കൊടുത്ത് നോട്ട് ബുക്കുകൾ വാങ്ങാൻ കഴിയില്ലെന്ന് അറിയിച്ച ഒരു അമ്മയെ അധിക്ഷേപിക്കുന്ന സ്കൂൾ പ്രിന്‍സിപ്പാളിന്‍റെ വീഡിയോ വൈറലായി.
യുപി വിദ്യാർത്ഥിക്ക് 1200 രൂപയുടെ നോട്ട് ബുക്ക്
ഉത്തർപ്രദേശിലെ ഹാർഡോയിയിലെ ഒരു യുപി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ പ്രിൻസിപ്പാളും ഒരു രക്ഷിതാവും തമ്മിലുള്ള തർക്കത്തിന്‍റെ വീഡിയോയായിരുന്നു അത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സ്കൂളിൽ നിന്നും വാങ്ങണമെന്ന് സൺബീം സ്കൂൾ പ്രിൻസിപ്പൽ മംത മിശ്ര അവശ്യപ്പെട്ടു. എന്നാൽ സ്കൂളിലെ സാധാനങ്ങൾക്ക് വലിയ വിലയാണെന്നും അതേ സാധനങ്ങൾ വില കുറച്ച് പുറത്ത് കിട്ടുമെന്നും അതിനാൽ പുറത്ത് നിന്നും വാങ്ങാമെന്നും അറിയിച്ച നീലം വർമ്മയെന്ന രക്ഷിതാവിനെ അധിക്ഷേപിക്കുന്ന സ്കൂൾ പ്രിന്‍സിപ്പാളിനെ വീഡിയോയിൽ കാണാം. മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ മുന്നിൽ വച്ചാണ് മംത മിശ്ര അധിക്ഷേപിച്ച് സംസാരിച്ചത്. അവർ നിരന്തരം 'ഷട്ട് അപ്പ്' എന്ന് അലറി വിളിക്കുന്നതും വീഡിയോയിൽ കാണാം. സ്‌കൂളിൽ നിന്ന് മാത്രം 1,200 രൂപയുടെ നോട്ട്ബുക്കുകൾ വാങ്ങാൻ ആവശ്യപ്പെട്ടതായി രക്ഷിതാവ് പറയുന്നു. എന്നാൽ, സ്കൂളിൽ നിന്നും നോട്ട് ബുക്ക് വാങ്ങിയില്ലെങ്കിൽ സ്‌കൂൾ രജിസ്റ്ററിൽ നിന്ന് കുട്ടിയുടെ പേര് വെട്ടുമെന്ന് മംത മിശ്ര ഭീഷണിപ്പെടുത്തി. "വിഡ്ഡി പുറത്ത് പോകൂവെന്ന്" ഇടയ്ക്ക് അവർ ആക്രോഷിക്കുന്നതും കേൾക്കാം.
സ്വയം ന്യായീകരിച്ച് പ്രിന്‍സിപ്പാൾ
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നിരവധി പേർ സ്കൂൾ പ്രിന്‍സിപ്പാളിനെ വിമർശിച്ച് രംഗത്തെത്തി. അവർക്ക് ഒരു സ്കൂൾ പ്രിൻസിപ്പാളായിരിക്കാൻ ഒരു യോഗ്യതയുമില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം. കുട്ടികളുടെ മാതാപിതാക്കളോട് അവരുടെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ ആ സ്കൂളിലെ കുട്ടികളുടെ കാര്യം എന്താകുമെന്ന് ചിലർ ചോദിച്ചു. പ്രതിഷേധം വ്യാപകമായതോടെ പ്രതികരണവുമായി മംത മിശ്രയും രംഗത്തെത്തി. അത് പുസ്തകം വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും മറിച്ച് ഫീസ് കുറയ്ക്കുന്നതിന് അവർ ആവശ്യപ്പെട്ടതാണെന്നുമായിരുന്നു മംത മിശ്ര അവകാശപ്പെട്ടത്. സ്കൂളിൽ ആ ദിവസം ഒരു വക്സിൻ ഡ്രൈവ് നടക്കുകയായിരുന്നു. ഇതിനിടെയാണ് ഏതാണ്ട് മൂന്ന് മണിക്കൂറോളം അവർ പ്രശ്നമുണ്ടായതെന്നും മംത കുൂട്ടിച്ചേർത്തു. ഒപ്പം നീലം വർമ്മയുടെ ഭാഷ വളരെ മോശമായിരുന്നെന്നും അവർ അവകാശപ്പെട്ടു.
പ്രിന്‍സിപ്പാളിനെതിരെ നെറ്റിസെൺസ്
മംത മിശ്ര സ്വന്തം ഭാഗം നായീകരിച്ച് കൊണ്ട് സംസാരിച്ചെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രിൻസിപ്പാളിനെതിരെ തിരിഞ്ഞു. കുട്ടികൾ പല സാഹചര്യങ്ങളിൽ നിന്നും വരുന്നവരാകുമെന്നും ഒരു യുപി സ്കൂൾ കുട്ടിക്ക് ഒരു വർഷത്തേക്ക് എന്തിനാണ് 1200 രൂപയുടെ നോട്ടു പുസ്തകങ്ങളെന്നും ചിലർ ചോദ്യം ചെയ്തു. പ്രിൻസിപ്പാളിന്‍റെ ഭാഷ ധാർഷ്ട്യത്തിന്‍റെതാണെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ തന്നെയാകും അവർ തന്‍റെ മറ്റ് സഹപ്രവർത്തകരോടും കുട്ടികളോടും സംസാരിക്കുന്നതെന്ന് ചിലർ കുറിച്ചു. ഇത്തരം പ്രിൻസിപ്പാളുമാരാണ് പുതിയ തലമുറയെ നശിപ്പിക്കുന്നതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്.


