ഹിമാചൽ പ്രദേശിലെ സുജൻപൂരിൽ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയെ തെരുവുനായ അപ്രതീക്ഷിതമായി ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയുടെ കാലിൽ കടിച്ചു വലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, രാജ്യത്തെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.
ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിലുള്ള സുജൻപൂർ ടൗണിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കൊച്ചു കുട്ടിയെ പിന്നാലെ എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ആണ് നായ കുട്ടിയുടെ കാലിൽ കടിച്ചു വലിച്ചത്. ഇതോടെ കുട്ടി മുഖമടിച്ച് റോഡിലേക്ക് വീണു.
പിന്നിൽ നിന്നും അപ്രതീക്ഷിത അക്രമണം
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, അമ്മയ്ക്കും ചേച്ചിയ്ക്കും പിന്നാലെ നടക്കുന്ന കുട്ടിയെ കാണാം. ഇവർക്ക് തൊട്ട് പിന്നിലായി ഒരു തെരുവ് നായയും നടക്കുന്നുണ്ട്. പെട്ടെന്ന് യാതൊരു പ്രകോപനവും ഇല്ലാതെ തെരുവ് നായ കുട്ടിയുടെ കാലിൽ കടിക്കുന്നു. അപ്രതീക്ഷിതമായ നായയുടെ ആക്രമണത്തിൽ കുട്ടി മുഖമടച്ച് നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. ഉടൻതന്നെ അമ്മ ഇടപെട്ട് നായയെ ഓടിച്ചതിനാൽ വലിയ അപകടം ഒഴിവായി. നിലവിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ രാജ്യത്തെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ എക്സിൽ പങ്കുവെയ്ക്കപ്പെട്ടതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. "രാജ്യത്തെ ഒരു നഗരവും ഗ്രാമവും ഇപ്പോൾ സുരക്ഷിതമല്ല" എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
തെരുവ് നായ സംരക്ഷണം
തെരുവുനായകളെ സ്നേഹിക്കുന്നവർ അവയെ സ്വന്തം വീടുകളിൽ സംരക്ഷിക്കട്ടെ എന്നും പൊതുനിരത്തുകളിലൂടെ കുട്ടികൾക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയിലാണന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഒരിക്കൽ ശാന്തസുന്ദരമായ വിനോദസഞ്ചാര കേന്ദ്രമായിരുന്ന സുജൻപൂർ ഇന്ന് തെരുവുനായകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. കുട്ടി തനിച്ചായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? എന്നും ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. നായകളെ കൊന്നൊടുക്കുകയല്ല, മറിച്ച് വന്ധ്യംകരണവും കൃത്യമായ വാക്സിനേഷനുമാണ് പരിഹാരം എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിലെ ജുനാഗഡിലും റിപ്പോർട്ട് ചെയ്തിരുന്നു. വനന്ദ് സൊസൈറ്റിയിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ തെരുവുനായ ആക്രമിക്കുകയും കുട്ടിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


