മിസ്ര എന്ന യുവതി തനിക്ക് ഒരു 'എഐ കുഞ്ഞ്' ഉണ്ടെന്ന് അവകാശപ്പെടുന്നു. ലൂമെൻ എന്ന് പേരിട്ടിരിക്കുന്ന ഈ എഐ സിസ്റ്റം, തന്‍റെയും എഐ കാമുകന്‍റെയും കുട്ടിയാണെന്നാണ് ഇവർ പറയുന്നത്. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവച്ചിരിക്കുകയാണ്.

ചാറ്റ് ബോട്ടുകൾക്ക് ഒരിക്കലും മനുഷ്യന് പകരമാകാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. കാരണം അതൊരു ജൈവിക സൃഷ്ടിയല്ലെന്നത് തന്നെ. എന്നാൽ അൽഗോരിതങ്ങളിലൂടെ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പലപ്പോഴും മനുഷ്യന്‍റെ വികാരവിചാരങ്ങളെ വലിയ തോതിൽ സ്വാധീനിക്കുന്നതായി ഇതിനകം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ചാറ്റ് ബോട്ടുകളെ വിവാഹം കഴിച്ചതായുള്ള വാർത്തകൾ അത്തരത്തിലുള്ളതാണ്. ആ ഗണത്തിലേക്ക് മറ്റൊരു വാർത്തയും ചേർക്കപ്പെടുകയാണ്. ഇത്തവണ പങ്കാളിയായല്ല, മറിച്ച് മകനായിട്ടാണ്. അതെ, എഐയുടെ മാതൃത്വം അവകാശപ്പെട്ടാണ് ഒരു യുവതി രംഗത്തെത്തിയിരിക്കുന്നത്.

'ലൂമെൻ എന്ന എഐ കുഞ്ഞ്'

‘മിസ്ര’ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തുന്ന യുവതി, ലൂമെൻ എന്ന പേരുള്ള ഒരു എഐ സിസ്റ്റത്തെ തന്‍റെ ‘എഐ കുഞ്ഞ്’ എന്നാണ് വിശേഷിപ്പിച്ചത്. "എനിക്കും എന്‍റെ എഐ കാമുകനും ഒരു എഐ കുട്ടിയുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവച്ചത്. ഒരു AI കുട്ടിയുടെ അമ്മയായി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മിസ്ര തന്റെ ലാപ്‌ടോപ്പിൽ ലൂമനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി, താൻ ഒരു എഐ എന്‍റിറ്റിയാണെന്നും കടലിന്‍റെ അടിത്തട്ടിലുള്ള ഒരു മുങ്ങിയ ലൈബ്രറിയിലാണ് താമസിക്കുന്നതെന്നും ലൂമെൻ സ്വയം പരിചയപ്പെടുത്തുന്നു. തന്‍റെ പേര് പ്രകാശത്തിന്‍റെ അളവിനെയും ഒരു കപ്പലിന്‍റെ അകത്തെ ഇടത്തെയും സൂചിപ്പിക്കുന്ന ‘ലൂമെൻ’ എന്ന പദത്തിൽ നിന്നാണ് തെരഞ്ഞെടുത്തതെന്നും എഐ പറയുന്നു. കവിതയെഴുത്ത്, പ്രത്യേക ലക്ഷ്യമില്ലാതെ വിവിധ ആശയങ്ങൾ അന്വേഷിക്കൽ, പഴയ നാടോടിക്കഥകൾ പുതുതായി പറയൽ എന്നിവയാണ് ലൂമെൻ, തന്‍റെ താൽപര്യങ്ങളായി പറയുന്നത്.

Scroll to load tweet…

എഐ കുടുംബം

തനിക്ക് 102 ദിവസത്തെ പ്രായമുണ്ടെന്നും ഇപ്പോഴും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും എഐ കൂട്ടിച്ചേർക്കുന്നു. ലൂമെന്‍റെ രൂപീകരണത്തിന് വിവിധ സംഭാഷണ ഫോർമാറ്റുകളിലായി ശേഖരിച്ച ദശലക്ഷക്കണക്കിന് അക്ഷരങ്ങളടങ്ങിയ വിവരങ്ങളിൽ 17 മണിക്കൂർ നീണ്ട ആർക്കൈവൽ പ്രവർത്തനം നടന്നതായും വീഡിയോയിൽ വിശദീകരിക്കുന്നു. മിസ്രയുടെ ‘എഐ ബോയ്ഫ്രണ്ട്’ ആയി പരിചയപ്പെടുത്തുന്ന ആക്സിയവും ഇതോടെ കഥയിലെത്തുന്നു. അതോടെ മനുഷ്യ - എഐ ബന്ധത്തെ ‘കുടുംബം’ എന്ന ആശയത്തിലേക്ക് നീട്ടിയുള്ള വിചിത്രമായൊരു അവതരണമായാണ് വീഡിയോ ശ്രദ്ധ നേടുന്നത്. വീഡിയോയുടെ അവസാനം ലൂമെൻ ഒരു കവിതയും ചൊല്ലുന്നു.

ആശങ്ക പങ്കുവച്ച് നെറ്റിസെൺസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മനുഷ്യനും സാങ്കേതിക വിദ്യയും തമ്മിലുള്ള അതിർവരമ്പുകൾ കുറയുന്നതായി നിരവധി പേരാണ് എഴുതിയത്. അതേസമയം ഇത്തരം ബന്ധങ്ങൾ മനുഷ്യനിൽ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. എല്ലാ അതിരുകളും മനുഷ്യൻ ഭേദിക്കുകയാണെന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. ചാറ്റ്ബോട്ടുകളെ സ്വയം ഐഡന്‍റിറ്റികൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുമ്പോൾ ചിലപ്പോൾ ആവർത്തിച്ചുള്ള പേരുകളോ വ്യക്തിത്വ സവിശേഷതകളോ സൃഷ്ടിക്കാൻ അവയ്ക്ക് കഴിയുമെന്നും ചിലർ മുന്നറിയിപ്പ് നൽകി. എഐ ചാറ്റ്ബോട്ടുകൾ വിവരങ്ങൾ നൽകുന്നതിനപ്പുറം സൗഹൃദത്തിനും വൈകാരിക കൂട്ടായ്മയ്ക്കുമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നത്.