19 വയസ്സുള്ള അഖിൽ എന്ന യുവാവ് ടയറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുന്നു. മറ്റുള്ളവരുടെ ഉപദേശം അവഗണിച്ച്, അവൻ ആ കുഞ്ഞിനെ സ്വന്തം അമ്മയുടെ സഹായത്തോടെ വളർത്താൻ തീരുമാനിച്ചു. ആരവ് എന്ന് പേരിട്ട ആ കുഞ്ഞിന് ഇന്ന് രണ്ട് വയസ്. 

കുട്ടികളെ വള‍ർത്തുകയെന്നത് ചെറിയൊരു കാര്യമല്ല, പ്രത്യേകിച്ചും ഇക്കാലത്ത്. അത്തരമൊരു 'വലിയ ചുമതല' ഏറ്റെടുക്കാനുള്ള മടി കൊണ്ട് കൂടിയാണ്, പുതിയ തലമുറ വിവാഹത്തെയും കുടുംബ ജീവിതത്തെയും ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നതെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഏഴാം മാസത്തിൽ ട്രക്ക് ടയറിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ കിട്ടിയപ്പോൾ. അഹമ്മദാബാദുകാരനായ 19 -കാരന് മറ്റൊന്നിനെ കുറിച്ചും ആലോചിക്കാനുണ്ടായിരുന്നില്ല, അവൻ ആ അനാഥനാക്കപ്പെട്ട കുഞ്ഞിനെ വളർത്തി. ഇന്ന് അവന്, ആരവിന് രണ്ട് വയസ്. ഇരുവരുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അന്ന് അനാഥൻ

ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ 14 ന് ഒരു ട്രക്ക് ടയറിനുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഒരു ആൺകുഞ്ഞിനെ അവൻ കണ്ടെത്തി. അന്ന് 19 വയസ് മാത്രമുണ്ടായിരുന്ന അഖിൽ ഭയന്നുപോയി. ആ കൗമാരക്കാരൻ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് ഓടി. കുഞ്ഞിന് ഏഴ് മാസമേ പ്രായമൊള്ളൂവെന്നും ശാരീരികമായി ദുർബലനാണെന്നും ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്‍റെ സുരക്ഷയ്ക്ക് അവനെ ദത്ത് കേന്ദ്രങ്ങളിലോ ശിശുപരിപാലന കേന്ദ്രങ്ങളിലോ കൊടുക്കാൻ പലരും അഖിലിനെ ഉപദേശിച്ചു. പക്ഷേ. ആ കുഞ്ഞിനെ അവന് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.

View post on Instagram

കുഞ്ഞുമായി അഖിൽ വീട്ടിലെത്തി. കുഞ്ഞിനെ വളർത്തണമെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ. ആദ്യം അവൻറെ അമ്മയ്ക്കും അത് സ്വീകാര്യമായില്ല. പക്ഷേ കുഞ്ഞിനെ കൈയിലെടുത്തതോടെ അമ്മുടെ മറുപടിയും മാറി. ആ അമ്മയും മകനും കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. അവർ അവന് ആരവ് എന്ന് പേരിട്ടു. ജൂൺ 14 അവന്‍റെ ജന്മദിനമായി, അവന് ഒരു അമ്മയെയും ചേട്ടനെയും അന്ന് ലഭിച്ചു. ഇന്ന്, ആരവിന് രണ്ട് വയസ്സായി, ആരോഗ്യവാനും സുരക്ഷിതനും കുടുംബത്തിന്‍റെ എല്ലാമെല്ലാമാണ്. ഇരുവരുടെയും വീഡിയോ പങ്കുവച്ച് കൊണ്ട് അപ്‌വർത്തി പീപ്പിൾ എന്ന ഇന്‍സ്റ്റാഗ്രാം ഹാൻറിലിൽ കുറിച്ചു.

ഒന്ന് കെട്ടിപ്പിടിക്കണം, കരയണം

പതിനാല് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വൈകാരികമായ കുറിപ്പുകളാൾ കമൻറ് ബോക്സ് നിറഞ്ഞു. 'പാകിസ്ഥാനിൽ നിന്നും സ്നേഹം. എന്‍റെ കണ്ണുകൾ നിറയുന്നു'വെന്നായിരുന്നു ഒരു കുറിപ്പ്. പലരും കുട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യമെന്തായിരിക്കുമെന്ന് കുറിച്ചു. മറ്റ് ചിലർ അത്തരമൊരു തീരുമാനമെടുക്കാൻ കഴിഞ്ഞതിന് യുവാവിനെ അഭിനന്ദിച്ചു. ചില നിലവിൽ കുട്ടിയുടെ അവകാശത്തിന് നിയമപരിരക്ഷയില്ലെന്നും അതിനാൽ നിയമപരമായി ദത്തടുക്കണമെന്നും ഇല്ലെങ്കിൽ കുട്ടിയുടെ അവകാശം ചോദിച്ചെത്തുന്നവർക്ക് ഇരുവരെയും വേർപിരിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഒരിക്കലെങ്കിലും യുവാവിനെ കാണണമെന്നും മുറുക്കെ കെട്ടിപ്പിടിച്ച് അവൻറെ സ്നേഹത്തിന് മുന്നിൽ കരയണമെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് കഴിഞ്ഞിട്ടില്ല.