ന്യൂയോർക്ക് സബ്‌വേയിൽ വെച്ച് തന്റെ 75 -ാം ജന്മദിനം ആഘോഷിക്കാൻ ശ്രമിച്ച ലിൻഡ മാർക്കസ് സ്മിത്ത് എന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുത്. സഹയാത്രികരോട് തനിക്കൊപ്പം ജന്മദിന ഗാനം ആലപിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും, ഒന്നോ രണ്ടോ പേർ മാത്രമാണ് പങ്കുചേർന്നത്.
ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ സബ്‌വേ ട്രെയിനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. തന്റെ 75 -ാം ജന്മദിനം സഹയാത്രികർക്കൊപ്പം ആഘോഷിക്കാൻ ശ്രമിച്ച ലിൻഡ മാർക്കസ് സ്മിത്ത് എന്ന ഒരു സ്ത്രീയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, പ്രതീക്ഷിച്ചത്ര പിന്തുണ യാത്രക്കാരിൽ നിന്ന് ലഭിക്കാത്തത് വീഡിയോ കാണുന്നവരെ സങ്കടപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വീഡിയോയിൽ നിറഞ്ഞ ചിരിയോടെ ട്രെയിനിലെ യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ലിൻഡ സംസാരിച്ചു തുടങ്ങുന്നത് കാണാം. 'ഹേയ് ന്യൂയോർക്ക്, എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്നൊരു കാര്യമാണിത്. ഇന്ന് എനിക്ക് 75 വയസ്സ് തികയുകയാണ്. ഒറിഗോണിലുള്ളവർക്ക് ന്യൂയോർക്കുകാർ എത്ര കൂളാണെന്ന് മനസ്സിലാക്കി കൊടുക്കാൻ നിങ്ങൾ എനിക്കൊപ്പം ഹാപ്പി ബർത്ത്ഡേ പാടുമോ?' എന്നായിരുന്നു അവരുടെ ചോദ്യം.
തുടർന്ന് അവർ തന്നെ പാടാൻ തുടങ്ങിയെങ്കിലും, ആകെ ഉണ്ടായിരുന്നവരിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് അവരോടൊപ്പം പാടിയത്. മറ്റുള്ളവർ ഫോണുകളിലൊക്കെ മുഴുകി മൗനം പാലിക്കുന്നതും കാണാം. 'ഹാപ്പി ബർത്ത്ഡേ ടു മീ...' എന്ന് ഒടുവിൽ അവർക്ക് ഒറ്റയ്ക്ക് പാടി അവസാനിപ്പിക്കേണ്ടിയും വന്നു. ലിൻഡ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഈ തിരക്കു പിടിച്ച ജീവിതത്തിൽ ആർക്കുവേണ്ടിയും ചിലവഴിക്കാൻ ആരുടെയും കയ്യിൽ സമയമില്ല എന്ന യാഥാർത്ഥ്യമാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.
'75 -ാം വയസ്സിൽ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉറക്കെ പാടുമായിരുന്നു' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'ആളുകൾക്കിടയിലെ ഈ അകൽച്ച സങ്കടകരമാണ്. തിരക്കിനിടയിലും ഒരാളുടെ സന്തോഷത്തിൽ പങ്കുചേരാൻ ആരും തയ്യാറാവാത്തത് കഷ്ടം തന്നെ' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. 'ന്യൂയോർക്ക് നഗരം എപ്പോഴും ഓട്ടത്തിലാണ്, ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലാത്ത അവസ്ഥയാണ്' എന്നും ചിലർ അഭിപ്രായപ്പെട്ടു.
