സൈക്കിൾ സവാരിക്കിടെ അപകടത്തിൽപ്പെട്ട് കുഴിയിലേക്ക് വീണ അനിയനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് ജ്യേഷ്ഠൻ പിന്നാലെ ചാടി. സഹോദര സ്നേഹത്തിന്‍റെയും ധൈര്യത്തിന്‍റെയും ഈ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ ജ്യേഷ്ഠൻറെ ധീരതയെ പ്രശംസിച്ചു.

ണ്ട് ആണ്‍കുട്ടികളുള്ള വീട്ടിൽ നിന്നും കേൾക്കുന്ന സ്ഥിരം പരാതികളിലൊന്ന് ഇരുവരും തമ്മിലുള്ള വഴക്കായിരിക്കും. എന്നാൽ അത്തരം ചില ചെറിയ വഴക്കുകൾ ഉണ്ടാകുമെങ്കിലും ജേഷ്ഠാനുജന്മാര്‍ക്കിടയിൽ ഒരു സ്നേഹബന്ധം നിലനിൽക്കും. സഹോദരന്മാരാണെന്ന രക്തബന്ധം. ഇത്തരമൊരു ആത്മബന്ധത്തെ വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവൻ പണയം വെച്ച് സ്വന്തം സഹോദരനെ രക്ഷിച്ചെടുത്ത ഒരു കൊച്ചു മിടുക്കൻ. സഹോദര സ്നേഹത്തിന്‍റെയും ധൈര്യത്തിന്‍റെയും ഈ മനോഹര കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ആയിരങ്ങളുടെ ശ്രദ്ധ നേടിയത്. സൈക്കിൾ സവാരിക്കിടെ അപകടത്തിൽപ്പെട്ട അനിയനെ സ്വന്തം ജീവൻ പണയപ്പെടുത്തി ജ്യേഷ്ഠൻ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അത്.

അനിയൻ വീണു, പിന്നാലെ ചാടി ചേട്ടനും

ഡിസംബർ 11-ാം തിയതി വീടിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കുന്നിൻ ചെരിവിനോട് ചേർന്നുള്ള വീട്ടുമുറ്റത്ത് കൂടി സൈക്കിൾ ചവിട്ടുകയായിരുന്നു രണ്ട് സഹോദരങ്ങൾ. ഇതിനിടയിൽ പെട്ടെന്ന് ഇളയ സഹോദരൻ സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ അരികിലേക്ക് അപകടകരമായി വഴുതി വീണു. നിമിഷനേരം കൊണ്ട് അവിടെ നിന്നും റോഡരികിലെ ആഴമേറിയ കുഴിയിലേക്ക് സൈക്കിളും കുട്ടിയും പതിക്കുന്നു. ഇതോടെ സാഹചര്യം അതീവ ഗുരുതരമായി മാറി. എന്നാൽ ഒരു നിമിഷം പോലും വൈകാതെ ജ്യേഷ്ഠൻ രക്ഷാപ്രവർത്തനത്തിന് ചാടി ഇറങ്ങി. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ, അനിയനെ പിടിച്ചുയർത്താനായി ആ കുഴിയിലേക്ക് അവനും ചാടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ അയൽക്കാര്‍ ഓടിയെത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

സഹോദരബന്ധമെന്ന്

സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്ന ആ ദൃശ്യം ജ്യേഷ്ഠന്‍റെ മനക്കരുത്തും അവർ തമ്മിലുള്ള ആഴമേറിയ ആത്മബന്ധവുമാണ് വെളിപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനമാണ് ലഭിച്ചത്. ജ്യേഷ്ഠന്‍റെ അവസരോചിതമായ ഇടപെടലിനെയും ധീരതയെയും പ്രകീർത്തിച്ച് നിരവധി പേ‍ർ കുറിപ്പുകളെഴുതി. അനിയനെ രക്ഷിക്കാൻ ആ സഹോദരൻ ഏതറ്റം വരെയും പോകുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. കുടുംബന്ധങ്ങൾ തമ്മിലുള്ള സ്നേഹത്തിന്‍റെ ആഴം ഓർമ്മിപ്പിക്കുന്നതാണ് ദൃശ്യമെന്ന് പലരും കുറിച്ചു.