ദില്ലിയിലെ തന്റെ വീട്ടുടമയ്ക്ക് നാട്ടിൽ നിന്നുള്ള ഒരു ചൂല് സമ്മാനിച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു യുവതി. ഒരു ചൂല് കാരണം നമ്മുടെ ബന്ധം മെച്ചപ്പെട്ടു എന്നാണ് യുവതി പറയുന്നത്. 

കാണുമ്പോൾ തന്നെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന ലളിതമായ അനേകം വീഡിയോകൾ നമ്മുടെ ഫീഡുകളിൽ വരാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു ചൂല് എങ്ങനെയാണ് ദില്ലിയിലുള്ള തന്റെ വീട്ടുടമയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയത് എന്നതിനെ കുറിച്ച് ഒരു യുവതി അനുഭവം പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇത്. @shellcopter എന്ന യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള പരമ്പരാ​ഗതമായി നിർമ്മിക്കുന്ന ചൂലുകൾ എങ്ങനെയാണ് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാകുന്നത് എന്ന് അവൾ പറയുന്നുണ്ട്. അത് നല്ല കട്ടിയുള്ള, ഒരുപാട് കാലം നിലനിൽക്കുന്ന നല്ല ചൂലുകളാണ് എന്നാണ് യുവതി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യമായി ദില്ലി മാർക്കറ്റിൽ നിന്നും ചൂല് വാങ്ങിയതിന്റെ അനുഭവവും യുവതി പറയുന്നു. കുറച്ച് തവണ ഉപയോ​ഗിച്ചാൽ തന്നെ നശിച്ചു പോകുന്ന കട്ടിയില്ലാത്ത ചൂലുകളാണ് ഇവ എന്നാണ് യുവതി പറയുന്നത്. ഒരിക്കൽ വീട്ടിൽ പോയി തിരികെ വരുമ്പോൾ അമ്മ അവൾക്ക് പച്ചക്കറിയും ഭക്ഷണവും കുറച്ച് ചൂലുകളും കൊടുത്തുവിട്ടു. വീട്ടുടമയ്ക്ക് ഭക്ഷണം സമ്മാനിക്കുന്നതിന് പകരം അതിൽ നിന്നും ഒരു ചൂല് നൽകാനാണത്രെ യുവതിയുടെ അമ്മ നിർദ്ദേശിച്ചത്. അങ്ങനെ അവൾ വീട്ടുടമയ്ക്ക് ഒരു ചൂൽ സമ്മാനമായി നൽകി. ആ ചൂലാവട്ടെ വീട്ടുടമയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അത് അവരുടെ ബന്ധം തന്നെ മെച്ചപ്പെടുത്തി.

പിന്നീട്, വീട്ടിൽ പോകുമ്പോൾ ചൂല് കൊണ്ടുവരുമോ എന്ന് വീട്ടുടമ അന്വേഷിച്ചു തുടങ്ങി. വേണമെങ്കിൽ പണം തരാമെന്നും പറഞ്ഞത്രെ. 'ചൂല് എന്നത് എല്ലാവർക്കും ഒരുപോലെ ആവശ്യമുള്ള ഒന്നാണ്. അതുപോലെ, ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ സ്വന്തം വീട്ടിൽ നിന്നുള്ള ഒരു സാധനം മറ്റൊരാൾക്ക് സമ്മാനമായി നൽകുന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, നിങ്ങൾ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആളാണെങ്കിൽ, നിങ്ങളുടെ വീട്ടുടമസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കൊരു ചൂല് സമ്മാനമായി നൽകൂ. ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കൂ' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

View post on Instagram

നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'നോർത്ത് ഈസ്റ്റ് ഭാ​ഗത്ത് നിന്നുള്ളവർ വീട് നല്ല വൃത്തിയായി സൂക്ഷിക്കുമെന്ന് എന്റെ വീട്ടുടമ എപ്പോഴും പറയുമായിരുന്നു, ഈ ചൂലായിരിക്കും സീക്രട്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയത്.