വർക്ക് ഫ്രം ഹോം മടുപ്പുണ്ടാക്കുന്നുണ്ടോ? താന്‍ പരീക്ഷിച്ചൊരു മാര്‍ഗത്തെ കുറിച്ച് പറയുകയാണ് ബെംഗളൂരു സ്വദേശിയായ യുവതി. കഫേയില്‍ ചെന്ന്, അവിടെയിരുന്ന് ജോലി ചെയ്തപ്പോള്‍ പ്രൊഡക്ടിവിറ്റി കൂടിയെന്നാണ് യുവതി പറയുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 'വർക്ക് ഫ്രം ഹോം' രീതികൾ പലപ്പോഴും മടുപ്പിക്കാറുണ്ടോ? എന്നാൽ, അതിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയൊരു വഴി കാണിച്ചുതരികയാണ് ബെംഗളൂരു സ്വദേശിയായ ദിവ്യ മോസസ്. വീട്ടിലെ ജോലി സാഹചര്യം മടുപ്പിക്കുന്നതും പ്രൊഡക്ടിവിറ്റി കുറയുന്നതുമായതോടെ തന്റെ 'ഓഫീസ്' ഒരു കഫേയിലേക്ക് മാറ്റിയ ദിവ്യയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തതായും കാര്യക്ഷമമായി ജോലി തീർക്കാൻ സാധിക്കാത്തതായും ദിവ്യയ്ക്ക് തോന്നി. തുടർന്നാണ് ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലുള്ള ഒരു കഫേയിലേക്ക് മാറാൻ അവൾ തീരുമാനിച്ചത്. റാപ്പിഡോ വിളിച്ച് കഫേയിലെത്തിയ ദിവ്യ, അവിടുത്തെ മനോഹരമായ അന്തരീക്ഷത്തിൽ ജോലി ആസ്വദിച്ചു ചെയ്യുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Add Asianetnews as a Preferred SourcegooglePreferred

View post on Instagram

'ചില ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അത്ര സുഖകരമാകില്ല. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു മാറ്റത്തിനായി ഞാൻ എച്ച്.എസ്.ആറിലെ കഫേയിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഇനി ആഴ്ചയിൽ രണ്ടുദിവസം ഇത് തുടരാനാണ് തന്റെ തീരുമാനം' എന്നാണ് ദിവ്യ കുറിപ്പിൽ പറയുന്നത്.

ചർച്ചയായി 'കഫേ കൾച്ചർ'

വീടിന്റെ കംഫർട്ടും, അതേസമയം തന്നെ കഫേയിലേക്ക് മാറുമ്പോഴുള്ള അന്തരീക്ഷവും തമ്മിലുള്ള വ്യത്യാസമാണ് ഈ വീഡിയോയിലൂടെ ചർച്ചയാകുന്നത്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ കഫേ കൾച്ചർ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു. വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. 'ചില ദിവസങ്ങളിൽ വീട്ടിലെ അന്തരീക്ഷം ജോലി ചെയ്യാൻ തോന്നിക്കുന്നതായിരിക്കില്ല, എന്നാൽ കഫേകൾ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കാനും നന്നായി ജോലി ചെയ്യാനും താൻ മാസങ്ങളായി ഇതാണ് പിന്തുടരുന്നതെന്ന് മറ്റൊരാൾ കുറിച്ചു.