മുംബൈയിൽ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഉന്നതി ദേവാലിയ എന്ന യുവതി ഡ്രൈവറുടെ സീറ്റിന് പിന്നിൽ കണ്ട സുരക്ഷാ സന്ദേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 'നിങ്ങൾ സുരക്ഷിതർ, ഞാനുമൊരു അച്ഛൻ' എന്നെഴുതിയ ആ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഡ്രൈവറുടെ കരുതലിന് വലിയ അഭിനന്ദനം ലഭിക്കുകയും ചെയ്തു.

പൊതുഗതാഗത സംവിധാനങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് ഒരു പേടിസ്വപ്നമാണ്. യാത്രയിലുടനീളം അനാവശ്യമായ ശല്യപ്പെടുത്തലുകൾ ഭയന്ന് അതീവ ജാഗ്രതയോടെ ഇരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന് പലരും നേരിടുന്നത്. എന്നാൽ, മുംബൈയിൽ നിന്നുള്ള ഒരു ഓട്ടോ യാത്ര ഈ പതിവ് കാഴ്ചകളെ മാറ്റിമറിച്ചു. ഒരു ഓട്ടോ റിക്ഷയ്ക്കുള്ളിൽ പതിപ്പിച്ച ഹൃദ്യമായ സുരക്ഷാ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഒരു വനിതാ യാത്രക്കാരി അത് പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പിന്നാലെ ഇത് വൈറലായി. ഉന്നതി ദേവാലിയ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ചെറിയൊരു കരുതൽ സമൂഹത്തിന്‍റെ മനോഭാവത്തെ എങ്ങനെ മാറ്റുന്നു എന്നതിന് വലിയൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.

'നിങ്ങൾ സുരക്ഷിതർ, ഞാനുമൊരു അച്ഛൻ'

ഓട്ടോ ഡ്രൈവറുടെ സീറ്റിന് പിന്നിലായി പതിപ്പിച്ച ആ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: "ഞാനും ഒരു പിതാവും സഹോദരനുമാണ്. നിങ്ങളുടെ സുരക്ഷ എനിക്ക് പ്രധാനപ്പെട്ടതാണ്. യാതൊരു ഭയവുമില്ലാതെ സുഖമായി ഇരുന്നോളൂ." രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു ഓട്ടോയിലെഴുതിയ ഈ കുറിപ്പ്. ഡ്രൈവറുടെ ഈ കരുതൽ കണ്ട് അത്ഭുതപ്പെട്ട ഉന്നതി ഇങ്ങനെ കുറിച്ചു: "എല്ലാ പുരുഷന്മാരും ഭീഷണിയല്ലെന്നും, ചിലരെങ്കിലും മറ്റൊരാളുടെ സുരക്ഷിതമായ ഇടമാണെന്നും തിരിച്ചറിയുന്ന നിമിഷം". കാലഘട്ടത്തിന്‍റെ പ്രത്യേകത കൊണ്ട് ഇത്തരമൊരു ചെറിയ കരുതൽ പോലും വലിയൊരു ആഡംബരമായി തോന്നുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

അകമഴിഞ്ഞ അഭിനന്ദനം

ഈ വീഡിയോയ്ക്ക് ഇതിനോടകം 27 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. ഡ്രൈവറുടെ ഈ മാതൃകയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് കുറിപ്പുകളുമായി രംഗത്തെത്തുന്നത്. മറ്റുള്ളവരെ സുരക്ഷിതരാക്കാനും ആത്മവിശ്വാസം നൽകാനും എല്ലാവരും ഇത്തരത്തിൽ ചിന്തിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടു. "ഇതെന്നെ ശരിക്കും സന്തോഷിപ്പിച്ചു. എല്ലാവരും ഇദ്ദേഹത്തെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു" എന്ന് ഒരാൾ കുറിച്ചപ്പോൾ, "എനിക്ക് ഈ അമ്മാവന്‍റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരനാകണം. എനിക്കൊരു മെമ്പർഷിപ്പ് തരൂ. വലിയൊരു ആദരവ്" എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. "വളരെ അർത്ഥവത്തായ വാക്കുകൾ. എല്ലാ പുരുഷന്മാരും ഇദ്ദേഹത്തെപ്പോലെ ഉദാരമനസ്കരായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു. ഇദ്ദേഹത്തിന് വലിയൊരു സല്യൂട്ട്" എന്നിങ്ങനെ നീളുന്നു മറ്റ് അഭിനന്ദന കുറിപ്പുകൾ.