യുകെയിലേക്ക് പോകാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ​ഗുജ്ജന്റെ ഭർത്താവ് പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നീട് തിരിച്ചെത്തിയ ഇയാൾ വിസ പേജ് ബോധപൂർവ്വം കീറിനശിപ്പിച്ച് യാത്ര മുടക്കി. പഠിക്കാൻ പോകാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും പണം മുഴുവൻ സ്വന്തമാക്കാനാണ് ഇത് ചെയ്തതെന്നും ഇയാൾ തുറന്ന് പറയുകയും ചെയ്തു.

സ്ത്രീധനം, ​ഗാർഹിക പീഡനം, ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, ഒരു വിവാഹത്തിന്റെ പേരിൽ താനനുഭവിച്ച കൊടിയ ദുരന്തത്തിന്റെ കഥ വെളിപ്പെടുത്തി യുവതി. ഗുഞ്ജൻ റാത്തോഡ് എന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് തന്റെ ദുരനുഭവങ്ങളുടെയും അതിജീവനത്തിന്റെയും കഥ വെളിപ്പെടുത്തുന്നത്. 26 -ാം വയസ്സിൽ തന്നെ സ്വന്തമായി രണ്ട് സംരംഭങ്ങൾ നടത്തിയിരുന്ന സാമ്പത്തിക ഭദ്രതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ഗുഞ്ജൻ. ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇതേ മേഖലയിൽ ജോലി ചെയ്യുന്ന യുവാവിനെ അവൾ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ, വിവാഹത്തിന് ഒരു മാസം മുൻപ് തന്നെ ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. കാർ, 5 ലക്ഷം രൂപ, ബന്ധുക്കൾക്ക് നൽകാനായി വെള്ളി നാണയങ്ങൾ എന്നിവയാണ് ഇവർ ആവശ്യപ്പെട്ടത്. പണവും കാറും നൽകാൻ ഗുഞ്ജൻ വിസമ്മതിച്ചെങ്കിലും വെള്ളി നാണയങ്ങൾ നൽകാൻ കുടുംബം തയ്യാറായി. അങ്ങനെ വിവാഹം നടന്നു.

ലണ്ടൻ പഠനത്തിന്റെ പേരിൽ തട്ടിപ്പ്

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം യുകെയിലെ ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ ഇരുവരും ഉപരിപഠനത്തിന് അഡ്മിഷൻ നേടി. ഇതിനായി ഗുഞ്ജന്റെ പേരിൽ 50 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടുപ്പിച്ചു. ഇതിന് പുറമെ വിസ ആവശ്യങ്ങൾക്കായി ഗുഞ്ജന്റെ അമ്മയോട് 13 ലക്ഷം രൂപയും ഭർത്താവ് വാങ്ങി. ആകെ 63 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്ത്. സ്വന്തം അച്ഛൻ സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.

എന്നാൽ, യുകെയിലേക്ക് പോകാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ​ഗുജ്ജന്റെ ഭർത്താവ് പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നീട് തിരിച്ചെത്തിയ ഇയാൾ വിസ പേജ് ബോധപൂർവ്വം കീറിനശിപ്പിച്ച് യാത്ര മുടക്കി. പഠിക്കാൻ പോകാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും പണം മുഴുവൻ സ്വന്തമാക്കാനാണ് ഇത് ചെയ്തതെന്നും ഇയാൾ തുറന്ന് പറയുകയും ചെയ്തു. 'നിന്റെ അച്ഛന്റെ പണം ഞാൻ തട്ടിപ്പറിച്ച് തിന്നു, പറ്റുമെങ്കിൽ തിരികെ വാങ്ങൂ' എന്നായിരുന്നു ഇയാളുടെ വെല്ലുവിളി. ഈ തുകയുടെ പലിശ അടയ്ക്കാനായി ഗുഞ്ജന്റെ 65 വയസ്സുള്ള പിതാവിന് തന്റെ നിക്ഷേപങ്ങൾ മുഴുവൻ പിൻവലിക്കേണ്ടി വന്നു.

ശാരീരിക പീഡനവും അറസ്റ്റും

സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ഗുഞ്ജന് നേരെ കടുത്ത ശാരീരിക പീഡനവും തുടങ്ങി. ഭർത്താവിന്റെ അമ്മാവനായിരുന്നു ഇതിന് പ്രേരിപ്പിച്ച് കൂടെ നിന്നത്. അടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്തു. ശരീരത്തിൽ പാടുകൾ ഒന്നുമില്ലാത്തതിനാൽ തെളിവ് കാണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തി.

View post on Instagram

ശാരീരികാവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് കൂടെ നിർത്തിയിരിക്കുന്നത് എന്ന് ഭർത്താവ് തുറന്നുപറഞ്ഞതോടെ ഗുഞ്ജൻ ആ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പൊലീസിൽ പരാതി നൽകി ഭർത്താവിനെ അറസ്റ്റ് ചെയ്യിപ്പിച്ചു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഇയാളുടെ കുടുംബം ഇപ്പോൾ അടുത്ത വിവാഹത്തിനായുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എല്ലാം നഷ്ടപ്പെട്ടെങ്കിലും തന്റെ കരിയറിലും ആത്മാഭിമാനത്തിലും വിശ്വസിച്ച് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഗുഞ്ജൻ ഇപ്പോൾ. ഹ്യുമൻസ് ഓഫ് ബോംബെ പേജിലാണ് ​ഗുജ്ജൻ തന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്.