അപ്രതീക്ഷിതമായ ചെറിയ ചില സംഭവങ്ങള്‍ നമ്മുടെ ഒരു ദിവസം തന്നെ മനോഹരമാക്കി മാറ്റാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു പൂവില്പനക്കാരിയാണ് ഈ വീഡിയോയിലെ താരം. 

മനസിന് കുളിർമ്മ തോന്നുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇതും. ഇൻസ്റ്റാഗ്രാം യൂസറായ മഹേക് ഷായാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മഹേക്കും യുവതിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ കാണുന്നത്. 'ലോകം മുഴുവൻ നിങ്ങളോട് ക്രൂരത കാണിക്കുമ്പോഴും ദയ കാണിക്കുക എന്നതാണ് നിങ്ങൾക്ക് ആർജ്ജിച്ചെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കഴിവ്' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആ സ്ത്രീ ട്രാഫിക് സി​ഗ്നലുകളിൽ പൂക്കൾ വിൽക്കുകയായിരുന്നു എന്നും മഹേക് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

'ഞാൻ സാധാരണയായി പൂക്കൾ ഇഷ്ടപ്പെടാത്ത ആളാണ്. ഒരു പെൺകുട്ടി പൂക്കൾ ഇഷ്ടപ്പെടാത്തത് സാധാരണമല്ലെന്നും എനിക്കറിയാം, പക്ഷേ പൂക്കൾ ഒരു ദിവസം കൊണ്ട് വാടിപ്പോകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, അത് എന്നെ സങ്കടപ്പെടുത്തും, അതിനാൽ തന്നെ എനിക്ക് ആ പൂവ് വേണ്ടായിരുന്നു, പക്ഷേ ഞാനറിയാതെ തന്നെ അവൾ എന്റെ ദിവസം ശരിക്കും മനോഹരമാക്കി മാറ്റി' എന്നാണ് മഹേക് കുറിച്ചിരിക്കുന്നത്.

View post on Instagram

പൂക്കൾ വേണ്ടെന്ന് പറഞ്ഞിട്ടും പൂവില്പനക്കാരി അവളുടെ കയ്യിലേക്ക് പൂക്കൾ പിടിപ്പിക്കുന്നത് കാണാം. വിലയെത്രയാണ് എന്ന് ചോദിക്കുമ്പോൾ ഇഷ്ടമുള്ളത് തന്നാൽ മതി എന്നാണ് പറയുന്നത്. അവിടെ നിന്നും പൂക്കൾ വിറ്റ് നടന്നു മറയുന്നതിന് മുമ്പായി യാത്രക്കാർ നൽകുന്ന പണം പുഞ്ചിരിയോടെ വാങ്ങുന്ന യുവതിയെ കാണാം. 'ഇഷ്ടമില്ലെങ്കിലും അവരിൽ നിന്ന് പൂക്കൾ വാങ്ങിക്കാം, കാരണം അത് അവർക്ക് സന്തോഷം നൽകുന്നു' എന്നാണ് മഹേക് പറയുന്നത്. 22 മില്ല്യണിലധികം പേരാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.