തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിൽ ഭയന്നുനിന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി കൂടെക്കൂട്ടി സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ്. സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി വീഡിയോ. മനോഹരമായ വീഡിയോ കാണാം. 

നാം കാണിക്കുന്ന ഒരു ചെറിയ അനുകമ്പ മതി ഒരു ജീവൻ തന്നെ രക്ഷപ്പെടാൻ. അത് മനുഷ്യരോടായിക്കൊള്ളണം എന്നില്ല, ഏത് ജീവിയോടും ദയയും സ്നേഹവും കരുതലും സൂക്ഷിക്കുന്നവരാണ് മനുഷ്യത്വമുള്ളവർ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഈ കുഞ്ഞുവീഡിയോയിൽ കാണുന്നത് തിരക്കേറിയ ഒരു റോഡിൽ വാഹനങ്ങളുടെ നടുവിൽ ഭയന്നരണ്ട് നിൽക്കുന്ന ഒരു നായക്കുട്ടിയെ ആണ്. എന്നാൽ, ഒരു സൊമാറ്റോ റൈഡറുടെ നന്മ നിറഞ്ഞ പ്രവൃത്തി നായക്കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു.

ദേവേഷ് അ​ഗർവാൾ എന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എല്ലാവരേയും പോലെ ദേവേഷിനും ആ നായക്കുഞ്ഞിനെ അവ​ഗണിച്ചുകൊണ്ട് തന്റെ വഴി പോകാമായിരുന്നു. എങ്കിലും, ആ യുവാവ് അത് ചെയ്തില്ല. അയാൾ നായക്കുട്ടിയെ രക്ഷപ്പെടുത്തി തനിക്കൊപ്പം കൂട്ടുകയായിരുന്നു. വീഡിയോയിൽ നടന്ന സംഭവങ്ങളെ കുറിച്ച് ദേവേഷ് വിശദീകരിക്കുന്നതും കാണാം.

View post on Instagram

നിറയെ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിൽ ആകെ ഭയന്നരണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു നായക്കുട്ടി. ആ സമയത്ത് ദേവേഷ് ഒട്ടും അമാന്തിച്ച് നിൽക്കാതെ അതിന്റെ അടുത്തെത്തുകയും അവനെയും തനിക്കൊപ്പം കൂട്ടുകയും ചെയ്യുകയായിരുന്നു. ആദ്യം ദേവേഷ് ആ നായക്കുട്ടിയുടെ അമ്മയെ കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, ആ ശ്രമം വിഫലമായതോടെ അവനെ വഴിയിൽ ഉപേക്ഷിക്കാതെ തനിക്കൊപ്പം കൂട്ടുകയായിരുന്നു. പിന്നീട്, അവന് ഡു​ഗ്ഗു എന്ന് ദേവേഷ് പേര് നൽകുകയും ചെയ്തു. ദേവേഷിന്റെ ബാ​ഗിൽ സമാധാനത്തോടെ ഇരിക്കുന്ന നായയേയും വീഡിയോയിൽ കാണാം.

അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽ‌കിയിരിക്കുന്നത്. വലിയ പ്രവൃത്തിയാണ് ദേവേഷ് ചെയ്തത് എന്നും അവനെ ദൈവം അനു​ഗ്രഹിക്കട്ടെ എന്നും ആളുകൾ കമന്റ് നൽകി.