'താൻ പറഞ്ഞത് ശരിയാണോ' എന്നും അവൾ കൂട്ടുകാരോട് ചോദിക്കുന്നുണ്ട്. എന്നാൽ, അപ്പോഴേക്കും കച്ചവടക്കാരൻ വടാ പാവെടുത്ത് അവൾക്ക് നൽകി കഴിഞ്ഞു.
പല വിദേശരാജ്യങ്ങളിൽ നിന്നും ഒരുപാട് സഞ്ചാരികൾ ഇന്ത്യയിൽ എത്താറുണ്ട്. നമ്മുടെ നാട് കാണുക, ഇവിടുത്തെ വിവിധങ്ങളായി സംസ്കാരങ്ങളെ അടുത്തറിയുക, പ്രകൃതിഭംഗി ആസ്വദിക്കുക, ഭക്ഷണം പരീക്ഷിക്കുക തുടങ്ങി ഒരുപാട് പ്ലാനുകളുമായിട്ടാണ് അവരിൽ പലരും ഇന്ത്യയിൽ എത്തുന്നത്. അതുപോലെ ഇന്ത്യയിൽ എത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹോങ്കോങ്ങിൽ നിന്നുള്ള കാരി എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യയിലെ തെരുവുകൾ പലപ്പോഴും ഭക്ഷണങ്ങൾ കൊണ്ട് സമൃദ്ധമാണ് അല്ലേ? ഒരുപാടുപേർ അത് പരീക്ഷിക്കാൻ ഇഷ്ടപ്പെടാറുണ്ട്. അതുപോലെ ഇന്ത്യയിലെ ഭക്ഷണം രുചിച്ച് നോക്കുന്ന കാരിയേയാണ് വീഡിയോയിൽ കാണുന്നത്. വടാ പാവാണ് അവൾ കഴിക്കുന്നത്. എന്നാൽ, അതൊന്നുമല്ല സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിച്ചത്. അവൾ മറാത്തിയിലാണ് വടാ പാവ് ആവശ്യപ്പെടുന്നത് എന്നതാണ്.
ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാരിക്കൊപ്പം ഇന്ത്യക്കാരനായ നിക്കും രണ്ട് സുഹൃത്തുക്കളും ഉണ്ട്. സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുകയാണ് അവർ. അങ്ങനെയാണ് ഈ കടയിലും എത്തുന്നത്. അവിടെ എത്തിയപ്പോൾ കാരി നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാനാണ് ശ്രമിക്കുന്നത്. അവൾ ആത്മവിശ്വാസത്തോടെ വിൽപ്പനക്കാരനെ നോക്കി, 'മാല വട പാവ് ദ്യ നാ?' എന്നാണ് ചോദിക്കുന്നത്. അവൾ നേരത്തെ തന്നെ ഗൂഗിളിൽ തിരഞ്ഞാണ് അത് പഠിച്ചുവച്ചത്. അവളുടെ ശ്രമം അത്ര ശരിയായില്ലെങ്കിലും അവളുടെ കൂട്ടുകാരെ അത് ചിരിപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല.
'താൻ പറഞ്ഞത് ശരിയാണോ' എന്നും അവൾ കൂട്ടുകാരോട് ചോദിക്കുന്നുണ്ട്. എന്നാൽ, അപ്പോഴേക്കും കച്ചവടക്കാരൻ വടാ പാവെടുത്ത് അവൾക്ക് നൽകി കഴിഞ്ഞു. അയാളുടെ പെട്ടെന്നുള്ള സർവീസും നിക്കിനെയും കൂട്ടുകാരെയും അമ്പരപ്പിച്ചു.
വടാ പാവ് അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഹോട്ടലിലെ വടാ പാവും ഇവിടുത്തെ വടാ പാവും തമ്മിൽ താരതമ്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ കാരി പറയുന്നത് ഹോട്ടലിലേതിനേക്കാൾ എത്രയോ നല്ലതാണ് ഇവിടെയുള്ളത് എന്നാണ്. പത്തിൽ പത്ത് മാർക്കും അവൾ ഈ വടാപാവിന് നൽകുന്നുണ്ട്.
എന്തായാലും, ഹോങ്കോങ്ങിൽ നിന്നെത്തിയ കാരിയുടെ ഇവിടുത്തെ ഭാഷയിൽ വടാ പാവ് ചോദിക്കാനുള്ള ആത്മാർത്ഥതയും അവളുടെ ഇടപെടലുകളുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ബോധിച്ച മട്ടാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.
