ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന് സംഭവിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടുടമ തിരിച്ചെത്തിയപ്പോൾ സ്കൂട്ടറിന്റെ വെളിച്ചത്തിലാണ് കള്ളനെ കണ്ടത്.
ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറി. എന്നാൽ, ഒന്നും വിചാരിച്ചപോലെ നടന്നില്ല. ഒടുവിൽ കുടുങ്ങിപ്പോയ കള്ളനെ പുറത്തിറക്കാൻ വീട്ടുടമയും പൊലീസും വേണ്ടി വന്നു. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്നത് കർണാടകയിലെ ബോർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപ് നഗറിലാണ്. എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിൻഡോയിലൂടെ ഒരു വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കള്ളൻ ഇതിന്റെ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവം വൈറലായി മാറിയതോടെ സമീപത്തെ മറ്റ് വീട്ടുകാർക്ക് തങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കയും ഉയർന്നിട്ടുണ്ട്. അതേസമയം, വീട്ടുടമ വിളിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇയാളുടെ കൂട്ടാളി ഓടി രക്ഷപ്പെട്ടു.
വീട്ടുടമയായ സുഭാഷ് കുമാർ റാവത്ത് പറയുന്നതനുസരിച്ച്, ജനുവരി 3 ശനിയാഴ്ച റാവത്തും ഭാര്യയും ഖതുശ്യാംജിയിലേക്ക് പോയതാണ്. ഞായറാഴ്ച രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. പ്രധാന ഗേറ്റ് തുറന്ന് സ്കൂട്ടറിൽ അകത്തേക്ക് വരുന്നതിനിടെ, സ്കൂട്ടറിന്റെ ഹെഡ്ലൈറ്റിലാണ് തന്റെ വീടിന്റെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിൻഡോയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് റാവത്ത് കണ്ടത്. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പൊലീസിൽ വിളിച്ച് വിവരം പറയുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വിൻഡോയിലൂടെ കുടുങ്ങിയ കള്ളനെ രക്ഷിച്ചു. ഇയാളെ പരിക്കുകളൊന്നുമില്ലാതെ തന്നെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അപ്പോഴേക്കും ഇയാൾക്കൊപ്പം വന്നിരുന്ന അയാളുടെ കൂട്ടാളി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കോട്ട ജില്ലയിലെ ദിഗോഡ് ഗ്രാമത്തിൽ താമസിക്കുന്ന പവൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനുശേഷം തിങ്കളാഴ്ച വൈകുന്നേരം ഇയാളെ ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തതായി ബോർഖേഡ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ടെയ്‌ലർ സ്ഥിരീകരിച്ചു. അതേസമയം, എക്സ്ഹോസ്റ്റ് ഫാൻ വിൻഡോയിൽ കുടുങ്ങിക്കിടക്കുന്ന പവന്റെ വീഡിയോ വലിയരീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
