അമ്പലത്തിലേക്ക് തനിച്ച് പോവുകയായിരുന്ന തന്നെ പുരുഷന്മാര്‍ ശല്ല്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവതി. ഹിന്ദി അറിയില്ലെന്ന് കരുതി പരിഹസിക്കുകയും പാട്ടുപാടി പിന്നാലെ നടക്കുകയും ചെയ്തതായിട്ടാണ് യുവതി പറയുന്നത്. 

എവിടെയായിരുന്നാലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെയുള്ള അനേകം അനുഭവങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ഒരു അനുഭവമാണ് ഈ യുവതിക്കും പറയാനുള്ളത്. തനിച്ച് അമ്പലത്തിലേക്ക് പോവുകയായിരുന്ന യുവതിയെ നടുറോഡിൽ വെച്ച് ഒരു സംഘം പുരുഷന്മാർ പരിഹസിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്യുകയായിരുന്നു. 'ചിരോ' എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്.

Add Asianetnews as a Preferred SourcegooglePreferred

താൻ അമ്പലത്തിലേക്ക് പോകുന്ന വഴിയാണെന്നും കുറച്ചുപേർ നിർത്താതെ തന്നെ ശല്യം ചെയ്യുകയാണെന്നും വീഡിയോയിൽ യുവതി പറയുന്നത് കാണാം. 'ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ ചില ഇന്ത്യൻ പുരുഷന്മാർ പെരുമാറുന്ന രീതി അതിശയിപ്പിക്കുന്നതാണ്' എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.

യുവതിക്ക് പിന്നാലെ മൂന്ന് പുരുഷന്മാർ നടന്നു വരുന്നതും, അവർ ക്യാമറയ്ക്ക് നേരെ നോക്കി ചിരിക്കുന്നതും ഉച്ചത്തിൽ ബോളിവുഡ് പാട്ടുകൾ പാടുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിക്ക് ഹിന്ദി അറിയില്ലെന്ന ധാരണയിലാണ് ഇവർ പരിഹാസവുമായി പിന്നാലെ കൂടിയത് എന്നാണ് കരുതുന്നത്. 'എനിക്ക് ഹിന്ദി അറിയില്ലെന്നാണ് അവർ കരുതിയത്. എന്റെ രൂപത്തിൽ കുറച്ച് വ്യത്യാസമുള്ളതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എനിക്ക് നേരിടേണ്ടി വരുന്നത്' എന്ന് നോർത്ത് ഈസ്റ്റുകാരിയായ യുവതി വീഡിയോയിൽ പറയുന്നുണ്ട്.

View post on Instagram

ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി കെട്ടിച്ചമച്ച വീഡിയോയാണിത് എന്ന ആരോപണങ്ങളെ യുവതി ശക്തമായി എതിർത്തു. 'പ്രശസ്തിക്ക് വേണ്ടിയല്ല ഞാൻ ഇത് പോസ്റ്റ് ചെയ്തത്. ഇത്തരം സാഹചര്യങ്ങൾ തുറന്നുകാട്ടാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്' എന്ന് ക്യാപ്ഷനിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ യുവതിക്ക് നേരെയുണ്ടായ പെരുമാറ്റത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 'വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടും ക്യാമറയ്ക്ക് മുന്നിൽ ചിരിക്കാൻ അവർക്ക് ധൈര്യം വരുന്നുണ്ടെങ്കിൽ, ഈ രാജ്യം എന്ന് പുരോഗമിക്കാനാണ്?' എന്ന് ഒരാൾ ചോദിക്കുന്നു. ഇത്തരം ശല്യപ്പെടുത്തലുകൾ ഇന്ത്യയിൽ എത്രത്തോളം സാധാരണമായി മാറുന്നു എന്നതിനെക്കുറിച്ചും നിരവധിപ്പേർ ആശങ്ക പ്രകടിപ്പിച്ചു.