മാസം 5 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പണത്തിനും കരിയറിനും ഒക്കെ അപ്പുറം മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട് എന്നാണ് ഈ പോസ്റ്റ് തെളിയിക്കുന്നത്. 

വലിയ ശമ്പളം കിട്ടുന്ന ജോലി, അതോടെ ജീവിതം സെറ്റ്! ഇങ്ങനെ സ്വപ്നം കാണുന്നവരായിരിക്കും ഏറെയും. കരിയറിൽ വലിയ വിജയം നേടുക, നല്ല ശമ്പളത്തിൽ അടിച്ചുപൊളിച്ച് ജീവിക്കുക ഇങ്ങനെയൊക്കെ ആ​ഗ്രഹിച്ചാലും ചിലപ്പോൾ അതൊന്നും നടക്കണമെന്നില്ല. ലക്ഷങ്ങൾ ശമ്പളം കിട്ടുന്നുണ്ടാവാം. എന്നാൽ, അതിനിടയിൽ അവരവർക്കുവേണ്ടി ജീവിക്കാനുള്ള അവസരമോ, സമയമോ കിട്ടുന്നില്ലെങ്കിൽ ഈ കരിയറും കാശും കൊണ്ട് എന്ത് കാര്യം അല്ലേ? ഈ തിരിച്ചറിവിൽ നിന്നും വലിയ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്ന ആളുകളുണ്ട്. അതിലൊരാളാണ് ജോയിത. 'ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്ന് നാം കേട്ടിട്ടുണ്ടാവും. അതുപോലെയാണ് ജോയിതയും തന്റെ അനുഭവത്തെ കുറിച്ച് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാസം 5 ലക്ഷം രൂപ ലഭിച്ചിരുന്ന ജോലി വേണ്ടെന്ന് വെക്കുകയാണ് ജോയിത ചെയ്തത്. 14 വർഷത്തെ കോർപ്പറേറ്റ് എക്സ്പീരിയൻസ് ഉള്ള ആളാണ് ജോയിത. ആഡംബരങ്ങൾക്കും വിദേശയാത്രകൾക്കും ഒക്കെ അപ്പുറം ഈ ശമ്പളം തന്നെ ഒരു 'സ്വർണ്ണക്കൂടി'നുള്ളിൽ തളച്ചിടുകയായിരുന്നു എന്നാണ് അവർ പറയുന്നത്. ഉയർന്ന ശമ്പളം ലഭിക്കുമ്പോൾ അതിനോടൊപ്പം ബോണസ് പോലെ വരുന്ന അമിതമായ ജോലിഭാരത്തെയും വ്യക്തിസ്വാതന്ത്ര്യമില്ലായ്മയെയും കുറിച്ചാണ് ജോയിത പറയുന്നത്.

ഉയർന്ന ശമ്പളം കിട്ടുമ്പോൾ സ്വാഭാവികമായും ജീവിതരീതിയിലും മാറ്റം വരും. ഇത് പിന്നീട് ആ ജോലി ഉപേക്ഷിക്കാൻ കഴിയാത്ത വിധം നമ്മളെ ആ ട്രാപ്പിൽ കുടുക്കിയിടും. കുടുംബത്തിൽ നിന്നും സ്വന്തം കുട്ടിയിൽ നിന്നും വരെ താൻ അകന്നുപോയി. പ്രൊമോഷന് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായി താൻ മാറി. പദവികൾക്കും പണത്തിനും എല്ലാം അപ്പുറമായി താൻ ആരാണെന്ന് കണ്ടെത്താനാണ് ഈ ജോലി രാജിവെച്ചതെന്ന് ജോയിത പറയുന്നു.

വെറുതെ ഒരു സുപ്രഭാതത്തിൽ ജോലി രാജി വയ്ക്കുകയല്ല ജോയിത ചെയ്തത്. ജോലി രാജിവെക്കുന്നതിന് മുൻപ് തനിക്ക് EMI ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. നിലവിൽ ഒരു ഫുൾടൈം ജോലിക്കു പകരം ഫ്രാക്ഷണൽ സി.എം.ഒ ആയി പ്രവർത്തിക്കുകയാണ് അവർ. അതായത് ചില പ്രോജക്റ്റുകളുടെ ഭാ​ഗമായി പ്രവർത്തിച്ചാൽ മതി. ഇത് തനിക്ക് കൂടുതൽ സമയം നൽകുന്നതായി ജോയിത പറയുന്നു.

View post on Instagram

ജോയിത പറഞ്ഞത് ശരിയാണ് എന്നാണ് പോസ്റ്റിന് താഴെ പലരും അഭിപ്രായം പറഞ്ഞിരിക്കുന്നത്. ധീരമായ തീരുമാനം എന്നും പലരും ജോയിതയുടെ തീരുമാനത്തെ വിശേഷിപ്പിച്ചു. എന്നാൽ അതേസമയം, എല്ലാ കമ്പനികളും ഒരുപോലെയല്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.