മാസം 1 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു 10,000 രൂപയുടെ ജോലിയിലേക്ക് മാറിയത് വലിയൊരു റിസ്ക് ആയിരുന്നു. തുടർന്ന് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ പങ്കുവെക്കുക, ഫോട്ടോഗ്രാഫിയും സ്ട്രാറ്റജിയും പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക തുടങ്ങി നിരന്തരമായ പഠനത്തിലൂടെ സ്വയം വളർന്നു.
സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിക്കുയെന്നാൽ അത്ര എളുപ്പുള്ള കാര്യമല്ല. അതുവരെ ശീലിച്ച ജീവിതരീതി തന്നെ ചിലപ്പോൾ മാറിയെന്ന് വരും. എന്നാൽ, ആ റിസ്കെടുക്കുന്നവർ ഇന്ന് കൂടിവരികയാണ്. അതുപോലെ, ഒരു യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ടാക്സ് ലോയർ ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മീഡിയ സ്ട്രാറ്റേജസ്റ്റുമാവുകയായിരുന്നു മെഹർ വർമ. വെറും മൂന്ന് വർഷം മുമ്പ് മാസം 1 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി കളഞ്ഞാണ് ഇന്ന് മുൻനിര ക്രിയേറ്ററായി അവർ മാറിയത്. നിലവിൽ പഴയതിന്റെ ഇരട്ടിയിലധികം വരുമാനമാണ് മെഹർ നേടുന്നതത്രെ.
2023 -ൽ ടാക്സ് ലോയർ ആയി ജോലി ചെയ്യുമ്പോൾ മാസം 1 ലക്ഷം രൂപയായിരുന്നു മെഹറിന്റെ വരുമാനം. ആദ്യ ജോലിയെന്ന നിലയിൽ താൻ ആഗ്രഹിച്ചതെല്ലാം അതിലുണ്ടായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും നല്ല കമ്പനിയുമായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിങ്കളാഴ്ചകളിലെ ജോലി ഭാരം മടുപ്പിച്ചു തുടങ്ങി. 'കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ശനിയാഴ്ചകൾക്കും ഞായറാഴ്ചകൾക്കും വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന് മനസ്സിലായി. തിങ്കളാഴ്ച രാവിലെകളെ ഞാൻ ഭയന്നുതുടങ്ങി' മെഹർ കുറിക്കുന്നു.
ഇതിനിടയിലാണ് തനിക്ക് കണ്ടന്റ് ക്രിയേഷൻ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ ജോലിക്കൊപ്പം തന്നെ കണ്ടന്റ് ക്രിയേഷനും ശ്രമിച്ചു. വാരാന്ത്യങ്ങളിൽ ഫോട്ടോഗ്രാഫി കോഴ്‌സുകൾ പഠിച്ചു. എന്നാൽ, പിന്നീട് ക്രിയേറ്റീവ് മേഖലയിലെ ജോലികൾക്കായി അപേക്ഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ 2024 ജനുവരിയിൽ ആദ്യ ഫ്രീലാൻസ് ഗിഗ് ലഭിച്ചു. 7-8 വീഡിയോകളും ചില പ്രൊഡക്റ്റ് ഫോട്ടോകളും എടുക്കുന്നതിന് 10,000 രൂപയായിരുന്നു പ്രതിഫലം. അതോടെ അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
മാസം 1 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു 10,000 രൂപയുടെ ജോലിയിലേക്ക് മാറിയത് വലിയൊരു റിസ്ക് ആയിരുന്നു. തുടർന്ന് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ പങ്കുവെക്കുക, ഫോട്ടോഗ്രാഫിയും സ്ട്രാറ്റജിയും പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക തുടങ്ങി നിരന്തരമായ പഠനത്തിലൂടെ സ്വയം വളർന്നു. 'ഞാൻ എനിക്ക് ഒരു വർഷം സമയം നൽകി. എഡിറ്റിംഗ്, സ്റ്റോറി ടെല്ലിംഗ്, ഫോട്ടോഗ്രാഫി, സ്ട്രാറ്റജി എന്നിവ പഠിച്ചു. ബ്രാൻഡുകളെ സമീപിച്ചു, പതുക്കെ ഫ്രീലാൻസ് ക്ലയന്റുകളെ ലഭിച്ചുതുടങ്ങി' മെഹർ പറഞ്ഞു. ഒടുവിൽ നിയമരംഗത്തുനിന്ന് സമ്പാദിച്ചിരുന്നതിന്റെ ഇരട്ടിയിലധികം തുക നേടാൻ സാധിച്ചു.
ഇന്ന് തനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാനും യാത്ര ചെയ്യാനും ഹോബികൾക്കായി സമയം കണ്ടെത്താനും സാധിക്കുന്നുണ്ട്. എങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് കരുതുന്നില്ല. കണ്ടന്റ് ക്രിയേഷൻ രംഗത്ത് സ്ഥിരമായ ശമ്പളം ഉറപ്പില്ല, ചില മാസങ്ങൾ മികച്ചതായിരിക്കുമെങ്കിലും മറ്റു ചിലപ്പോൾ തിരിച്ചടികൾ ഉണ്ടായേക്കാം. എങ്കിലും, ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ഉറച്ച ബോധ്യമുണ്ട്. 'എന്റെ ജീവിതത്തിലെ ആദ്യ 24 വർഷക്കാലം, ഞാൻ ആഗ്രഹിച്ച കരിയറിനായി പഠിക്കുമ്പോൾ പോലും ഈ അനുഭൂതി എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എനിക്കതുണ്ട്. എന്റെ ജീവിതം പൂർണ്ണമായി ഞാൻ പ്ലാൻ ചെയ്തു തീർത്തിട്ടില്ല, എങ്കിലും എന്റേതായൊരു ജീവിതം ഞാൻ കെട്ടിപ്പടുക്കുകയാണെന്ന തോന്നൽ എനിക്കിപ്പോഴുണ്ട്' എന്നും 27 -കാരിയായ മെഹർ പറയുന്നു.
