'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല.
വിയറ്റ്നാമിലെ കഫേയിൽ ഫോട്ടോയെടുക്കാൻ പണം നൽകാതെ ബഹളം വെച്ച വിദേശിയായ വിനോദസഞ്ചാരിയുടെ പെരുമാറ്റത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഹോ ചി മിൻ സിറ്റിയിലെ പ്രശസ്തമായ ഗാർഡൻ കഫേയിലാണ് സംഭവം നടന്നത്. ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ കുളത്തിന് നടുവിലുള്ള ഒരു സുതാര്യമായ വള്ളത്തിൽ ഇരുന്ന് ഫോട്ടോയെടുക്കുന്നതിനാണ് കഫേ അധികൃതർ ചെറിയൊരു ഫീസ് ഈടാക്കുന്നത്. എന്നാൽ, ഫീസ് നൽകാതെ ഈ ക്ലിയർ കയാക്കിൽ കയറിയിരുന്ന ടൂറിസ്റ്റ്, കഫേ ജീവനക്കാരോട് നിരന്തരം ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ, 'എല്ലാവരും ഇവിടെ പണം നൽകിയാണ് ഫോട്ടോയെടുക്കുന്നത്' എന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു.
ഒടുവിൽ ഫോട്ടോയെടുക്കാൻ ആരും തയാറാകാതെ വന്നതോടെ, താൻ ഇസ്രായേലിൽ നിന്നുള്ളയാളായാതുകൊണ്ടാണോ തന്നെ സഹായിക്കാൻ തയ്യാറാവാത്തത് എന്നും യുവതി ചോദിക്കുന്നു. ഇതിന് 'അതെ, നിങ്ങൾക്കതറിയാമല്ലോ' എന്ന് ജീവനക്കാരൻ മറുപടി നൽകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പണം നൽകാതെ ഫോട്ടോ എടുക്കില്ല എന്ന് അറിയാമായിരുന്നിട്ടും അതിനായി നിർബന്ധിച്ചു കൊണ്ടേയിരുന്ന യുവതിയുടെ പെരുമാറ്റത്തെ പലരും വിമർശിച്ചു. അങ്ങനെ ഫോട്ടോ എടുക്കാനായി അവിടെയുള്ള ജീവനക്കാരോട് ആവശ്യപ്പെടുന്നത് ശരിയല്ല എന്നും അഭിപ്രായം ഉയർന്നു.
