'റിട്ടയർമെന്റ് എന്നത് പ്രായവുമായി ബന്ധപ്പെട്ടതല്ല, സമ്മർദ്ദത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്നതാണ്' എന്നാണ് സ്നേഹ പറയുന്നത്. മഹാരാഷ്ട്രയിലെ കൊയ്ലിയിൽ തടാകത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ഒരു മലമ്പ്രദേശത്താണ് 'ബാപ്ബേട്ടി ഫാം' സ്ഥിതി ചെയ്യുന്നത്.
ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ, ഈ കോർപറേറ്റ് ജോലിയൊന്നും വേണ്ട. ഇതൊക്കെ വിട്ട് നാട്ടിൽ പോയി പ്രിയപ്പെട്ടവരോടൊപ്പം കുറച്ചുകൂടി സമാധാനമായി ജീവിക്കണം എന്ന്. എന്നാൽ, അതിനുള്ള ധൈര്യം നമുക്ക് കിട്ടാറില്ല. പക്ഷേ, വെറും 29-ാം വയസ്സിൽ അങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തൊരു യുവതിയെ കുറിച്ചാണിത്. നഗരത്തിലെ തിരക്കുപിടിച്ച ജീവിതവും ജോലിയിലെ സമ്മർദ്ദവും ഒക്കെ ഉപേക്ഷിച്ച് 29-ാം വയസ്സിൽ 'റിട്ടയർമെന്റ്' പ്രഖ്യാപിച്ചിരിക്കയാണവൾ. മഹാരാഷ്ട്രയിലെ കൊയ്ലിയിൽ അച്ഛനൊപ്പം പെർമകൾച്ചർ ഫാം സ്റ്റേ ആരംഭിക്കുകയായിരുന്നു സ്നേഹ രാജ്ഗുരു. താൻ എങ്ങനെ ഈ ജീവിതം തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കി സ്നേഹ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായി മാറിയിരിക്കുകയാണിപ്പോൾ.
ബോളിവുഡിൽ ജോലി ചെയ്തിരുന്ന സ്നേഹയ്ക്ക് യാത്രകളോടുള്ള ഇഷ്ടമാണ് പെർമകൾച്ചറിലേക്ക് വഴിതുറന്നത്. അതേസമയം, ടാറ്റ മോട്ടോഴ്സിൽ 30 വർഷത്തിലേറെ ജോലി ചെയ്ത് വിരമിച്ച അച്ഛനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അച്ഛനും മകളും ചേർന്ന് ഈ സംരംഭത്തിന് തുടക്കമിട്ടത്.
തന്റെ വീഡിയോയിലൂടെ സ്നേഹ പങ്കുവെച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. അതിൽ ഒന്നാമത്തേത് ഭൂമി വാങ്ങുക എന്നത് തന്നെയാണ്. ചെറിയൊരു ഭൂമി വാങ്ങി അതിന് ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പേരിടുക. അവർ തങ്ങളുടെ ഫാമിന് 'ബാപ്ബേട്ടി' എന്നാണ് പേരിട്ടിരിക്കുന്നത്.
ഫലവൃക്ഷങ്ങൾ നടുക എന്നതാണ് അടുത്തത്. കായ്ഫലമുള്ള മരങ്ങൾ വളർത്തുക. അവ കുറഞ്ഞ പരിചരണം കൊണ്ട് വർഷങ്ങളോളം നമുക്ക് ഫലം തരും.
അടുത്തത് സ്വന്തമായി ഭക്ഷണത്തിന് വേണ്ടതെല്ലാം ഉണ്ടാക്കിയെടുക്കുക. ഇത് ലോക്ക്ഡൗൺ പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ആരെയും ആശ്രയിക്കാതിരിക്കാൻ സഹായിക്കും.
ചുറ്റും പൂക്കൾ നിറയ്ക്കുക എന്നതാണ് അടുത്തത്. മനസ്സിന് സന്തോഷം നൽകുന്ന മനോഹരമായ ചുറ്റുപാട് സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
'റിട്ടയർമെന്റ് എന്നത് പ്രായവുമായി ബന്ധപ്പെട്ടതല്ല, സമ്മർദ്ദത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്നതാണ്' എന്നാണ് സ്നേഹ വീഡിയോയിൽ പറയുന്നത്. മഹാരാഷ്ട്രയിലെ കൊയ്ലിയിൽ തടാകത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ഒരു മലമ്പ്രദേശത്താണ് 'ബാപ്ബേട്ടി ഫാം' സ്ഥിതി ചെയ്യുന്നത്. നിരവധി പേരാണ് സ്നേഹയുടെ തീരുമാനത്തെ അഭിനന്ദിച്ച് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.
