ദില്ലി വിമാനത്താവളത്തിൽ ഒരു സംഘം വിദേശികൾ റീൽ ചിത്രീകരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഇന്ത്യക്കാർ വിദേശത്ത് സമാനമായ രീതിയിൽ പെരുമാറിയാൽ ഇതേ സ്വീകാര്യത ലഭിക്കുമോ എന്നും ഇത് ഇരട്ടത്താപ്പാണോ എന്നും നിരവധി പേർ ചോദ്യം ഉന്നയിച്ചു.

ദില്ലി വിമാനത്താവളത്തിൽ ഒരു സംഘം വിദേശികൾ സോഷ്യൽ മീഡിയ റീലിനായി വീഡിയോ ചിത്രീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വിമാനത്താവള പരിസരത്ത് വിദേശികൾ റീൽ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഉന്നയിച്ച ചോദ്യമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചയ്ക്ക് കാരണം. “ഇന്ത്യക്കാർ വിദേശത്ത് ഇതുപോലെ ചെയ്താൽ എന്തായിരിക്കും പ്രതികരണം?” എന്നായിരുന്നു യുവാവിന്‍റെ ചോദ്യം.

വിമാനത്താവളത്തിൽ ആടിപ്പാടി വിദേശികൾ

വിദേശികളുടെ സംഘം വിമാനത്താവളത്തിൽ റീൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. യാത്രക്കാരുടെ തിരക്കിനിടയിലും വിദേശ സഞ്ചാരികൾ ക്യാമറയ്ക്ക് മുന്നിൽ ആടിയും പാടിയും ബഹളം വയ്ക്കുന്നതും വിമാനത്താവളത്തിലെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഇതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

View post on Instagram

ഇന്ത്യക്കാർക്ക് വിദേശത്ത് ഇത് സാധ്യമോ?

വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്തുമ്പോൾ പൊതുസ്ഥലങ്ങളിൽ റീൽ ചിത്രീകരിക്കുന്നതിനെ ആളുകൾ കൗതുകത്തോടെ കാണുകയും പലപ്പോഴും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സമാനമായ രീതിയിൽ വീഡിയോ ചിത്രീകരിച്ചാൽ അവിടുത്തെ അധികൃതരുടെയും പൊതുജനങ്ങളുടെയും പ്രതികരണം എങ്ങനെയായിരിക്കുമെന്നതാണ് ചർച്ചയ്ക്ക് വഴിവെച്ചത്.

ഇരട്ടത്താപ്പെന്ന് ഒരു വിഭാഗം

സംഭവം ഒരു വലിയ സാമൂഹിക ചർച്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. വിദേശികൾ ചെയ്യുമ്പോൾ സാധാരണമായി കാണുന്ന ചില കാര്യങ്ങൾ ഇന്ത്യക്കാർ ചെയ്യുമ്പോൾ വിമർശിക്കപ്പെടുന്നുണ്ടോ എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. അതേസമയം, വിമാനത്താവളങ്ങൾ പോലുള്ള സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങളുണ്ടാകാമെന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ചിലർ ഉന്നയിച്ചു. അതേസമയം മറ്റ് ചിലർ ഇത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. ഇന്ത്യക്കാർ ഇതേ കാര്യം ചെയ്യുമ്പോൾ സംസ്കാരമില്ലാത്തവരായി ചിത്രീകരിക്കപ്പെടുകയും വിദേശികൾ ചെയ്യുമ്പോൾ അതൊരു വിനോദ പരിപാടിയായി കാണുന്നതും ഇത്തരമൊരു ഇട്ടത്താപ്പിന്‍റെ കാര്യമാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.