നെതർലൻഡ്‌സിലെ വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് അദിതി എന്ന ഇന്ത്യൻ യുവതി. ജോലി സമയത്ത് പൂർണ്ണമായി ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, ശേഷം കുടുംബത്തിനും സ്വകാര്യ ജീവിതത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന ഡച്ച് തൊഴിൽ സംസ്കാരത്തെ കുറിച്ചാണ് അദിതി പറയുന്നത്.

ജോലിക്കിടയിൽ പെട്ട് സ്വന്തം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നില്ലേ? സ്വകാര്യജീവിതത്തിലെ സന്തോഷങ്ങൾ ജോലിത്തിരക്കിൽ മുങ്ങിപ്പോവുകയാണോ? എന്നാൽ, അങ്ങനെയാവരുത്. വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് നെതർലൻഡ്‌സിൽ നിന്നും ഒരു ഇന്ത്യൻ‌ യുവതി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അദിതി എന്ന യുവതി തന്റെ ജോലിസ്ഥലത്തെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. നെതർലൻഡ്‌സിലെ ഈ തികച്ചും വ്യത്യസ്തമായ തൊഴിൽ സംസ്‌കാരം തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെ സ്വാധീനിച്ചുവെന്നാണ് അദിതി വീഡിയോയിൽ പറയുന്നത്.

'ഇവിടുത്തെ ആളുകൾ വർക്ക്-ലൈഫ് ബാലൻസിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ജോലി സമയത്ത് അവർ മറ്റൊന്നും ശ്രദ്ധിക്കില്ല. പൂർണ്ണമായ ശ്രദ്ധയോടും കൃത്യനിഷ്ഠയോടും കൂടി അവർ ജോലി ചെയ്യുന്നു. എന്നാൽ ജോലി സമയം കഴിഞ്ഞാൽ പിന്നെ അവർക്ക് ജോലി വെറുമൊരു ഓർമ്മ മാത്രമാണ്' എന്നാണ് അദിതി പറയുന്നത്.

View post on Instagram

ജോലിയും സ്വകാര്യ ജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ നെതർലൻഡ്‌സിൽ ഉണ്ടെന്നും അദിതി ചൂണ്ടിക്കാട്ടുന്നു. ജോലി സമയത്ത് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നു. ജോലിക്ക് ശേഷം ഓഫീസ് കാര്യങ്ങൾ പൂർണ്ണമായും മറന്ന് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നു എന്നാണ് അദിതി പറയുന്നത്. ഈ രീതി പിന്തുടരുന്നത് വഴി ഓരോ ദിവസവും മാനസിക സമ്മർദ്ദമില്ലാതെ ജോലി പൂർത്തിയാക്കാനും, വൈകുന്നേരങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷമായി ഇരിക്കാനും തനിക്ക് സാധിക്കുന്നുണ്ടെന്നും അദിതി പറയുന്നു. നിരവധിപ്പേരാണ് അദിതി ഷെയർ ചെയ്ത വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എല്ലാ രാജ്യങ്ങളിലും ഇതായിരിക്കണം അവസ്ഥ എന്നാണ് പലരും പറഞ്ഞത്.