കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ അവനോട് ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി.
തന്റെ ശബ്ദത്തിന്റെ പേരിൽ വർഷങ്ങളോളം കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എഴുത്തുകാരനും അധ്യാപകനുമായ ദീപക് രാമോല. ഹാർവാർഡ് ബിരുദധാരി കൂടിയാണ് ദീപക്. ഇൻസ്റ്റഗ്രാമിലാണ് ദീപക് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഒടുവിൽ താൻ തന്നെത്തന്നെ അംഗീകരിച്ചുവെന്നാണ് ദീപക് പറയുന്നത്. അതിന് ഒപ്പം നിന്ന മനുഷ്യർക്ക് സ്നേഹവും നന്ദിയും അറിയിക്കുക കൂടി ചെയ്തു ദീപക്.
തന്റെ ശബ്ദം ഒരു കുട്ടിയുടേത് പോലെയോ പെൺകുട്ടിയുടേത് പോലെയോ ആണെന്നും പറഞ്ഞ് സ്കൂൾ കാലം മുതൽ ആളുകൾ തന്നെ പരിഹസിച്ചിരുന്നു. സമീപകാലത്തുണ്ടായ ഒരു മോശം അനുഭവം സ്കൂൾ കാലത്തെ അധിക്ഷേപങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇടയാക്കി. എന്നാൽ, 11-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഇംഗ്ലീഷ് അധ്യാപികയുമായുണ്ടായ ഒരു സംഭാഷണമാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ അവനോട് ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി. 'ഇനി മുതൽ നിനക്ക് സംസാരിക്കാനേ കഴിഞ്ഞില്ലെങ്കിലോ? അപ്പോൾ നിനക്ക് കുഴപ്പമുണ്ടാകുമോ?' എന്നായി അടുത്ത ചോദ്യം. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതിനാൽ അത് പറ്റില്ലെന്നായിരുന്നു ദീപകിന്റെ മറുപടി.
'ശരി, അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി, നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണ്. നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണെങ്കിൽ, നിന്റെ ശബ്ദത്തെ നീ തന്നെ ഉൾക്കൊള്ളണം, ഒപ്പം നിന്റെ കഥയെയും' എന്നും അധ്യാപിക പറഞ്ഞതായി ദീപക് പറയുന്നു.
താൻ സ്വയം അംഗീകരിച്ച ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവർക്ക് തന്നെ ചെറുതാക്കാനോ തോൽപ്പിക്കാനോ കഴിയില്ലെന്ന് ആ അധ്യാപിക തന്നെ ഓർമ്മിപ്പിച്ചതായും ദീപക് കൂട്ടിച്ചേർത്തു. 'അന്ന് മുതൽ എന്റെ ശബ്ദത്തെ ഓർത്ത് ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല' എന്നും ദീപക് പറയുന്നു. നിരവധിപ്പേരാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ സ്വയം അംഗീകരിച്ചാൽ അയാളെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
