തൊഴിലില്ലായ്മ, ഉയർന്ന വാടക, വർദ്ധിച്ചുവരുന്ന വിദ്വേഷം എന്നിവയെല്ലാം കാനഡയിൽ ഇന്ന് നേരിടേണ്ടി വരുന്നുണ്ട് എന്നും കുശാൽ മെഹ്റ പറയുന്നു.

ഇന്ത്യയിലെ മാതാപിതാക്കൾ കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് അയക്കരുതെന്ന് ഇന്തോ-കനേഡിയൻ യൂട്യൂബർ കുശാൽ മെഹ്‌റ. പിആർ (permanent residency) വാ​ഗ്ദ്ധാനം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള യുവാക്കൾ കാനഡയിലേക്ക് വരുന്നത്. എന്നാൽ, ചൂഷണം, ജോലിസാധ്യത കുറവ്, വംശീയത, എന്തിന് മനുഷ്യക്കടത്ത് വരെ അവിടെ നേരിടേണ്ടി വന്നേക്കാം എന്നാണ് കുശാൽ മെഹ്റ പറയുന്നത്. മാധ്യമപ്രവർത്തകനായ രവീന്ദർ സിംഗ് റോബിനുമായുള്ള സംഭാഷണത്തിനിടയിലാണ് ഇക്കാര്യം മെഹ്റ പറയുന്നത്.

കനേഡിയൻ കോളേജുകളും സർവകലാശാലകളും വ്യാജ വാഗ്ദാനങ്ങളും ഡിപ്ലോമകളും വിൽക്കുകയാണ് എന്നും അദ്ദേഹം സംഭാഷണത്തിനിടെ കുറ്റപ്പെടുത്തി. '2019 ഓടെ, ഇന്റർനാഷണൽ സ്റ്റുഡന്റ്സിനെ ആകർഷിക്കുന്നതിനായി നിരവധി കനേഡിയൻ കോളേജുകളും സർവകലാശാലകളും ഇന്ത്യയിലേക്ക് വന്നു. കാനഡയിൽ പഠിച്ച ശേഷം വിദ്യാർത്ഥികൾക്ക് പിആർ ലഭിക്കുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഈ കോളേജുകളും സർവകലാശാലകളും പലതും തൊഴിൽ വിപണിയിൽ വലിയ മൂല്ല്യമൊന്നും ഇല്ലാത്ത ഡിപ്ലോമകൾ വിൽക്കുന്ന ഡിപ്ലോമ മില്ലുകൾ ആണെന്നത് പല വിദ്യാർത്ഥികൾക്കും മനസിലായിട്ടില്ല' എന്നും കുശാൽ മെഹ്റ പറയുന്നു.

'നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പൗരത്വം കിട്ടുമെന്ന ഇത്തരം വ്യാജ കോളേജുകളുടെ വാ​ഗ്ദ്ധാനത്തിന്റെ ഇരകളാവുകയാണ്. വാട്ടർലൂ, യോർക്ക്, വെസ്റ്റേൺ പോലുള്ള പ്രശസ്തമായ ഒരു സർവകലാശാലയാണെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ അല്ലാതെയുള്ള പല ഓഫറുകളും നിങ്ങളുടെ ഭാവി നശിപ്പിക്കുന്ന ഒരു കെണിയാണ്' എന്നാണ് കുശാൽ മെഹ്റ അഭിപ്രായപ്പെടുന്നത്.

തൊഴിലില്ലായ്മ, ഉയർന്ന വാടക, വർദ്ധിച്ചുവരുന്ന വിദ്വേഷം എന്നിവയെല്ലാം കാനഡയിൽ ഇന്ന് നേരിടേണ്ടി വരുന്നുണ്ട് എന്നും കുശാൽ മെഹ്റ പറയുന്നു. പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമങ്ങൾ നടക്കുന്നുണ്ട് എന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മനുഷ്യക്കടത്തിന് ഇരയായ 13 പെൺകുട്ടികളെ സ്വന്തം ചെലവിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും കുശാൽ‌ മെഹ്റ അവകാശപ്പെടുന്നു.

Scroll to load tweet…

ലൈംഗിക വ്യാപാരത്തിന് ഇരയായിത്തീരുന്ന അനേകം ഇന്ത്യൻ സ്ത്രീകളുണ്ട്. പലരും ഭൂമിയിൽ പകുതിയും വിറ്റ് 40-50 ലക്ഷം കൊടുത്തിട്ടാണ് കാനഡയിലേക്ക് വരുന്നത്. തിരികെ പോയാൽ അവർക്കെന്താണുണ്ടാവുക എന്നും കുശാൽ മെഹ്റ ചോദിക്കുന്നു. മെഹ്റയെ അനുകൂലിച്ചും വിമർശിച്ചും അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ഈ പറയുന്നതിനെല്ലാം കൃത്യമായ കണക്കുകളുണ്ടോ, എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത് എന്നാണ് വിമർശിക്കുന്നവർ പ്രധാനമായും ചോദിച്ചത്. കൃത്യമായ വിവരം ഇല്ലാതെ വെറുതെ ഇത്തരം കണക്കുകൾ പറയരുത് എന്നും ആളുകൾ വിമർശിച്ചു.