പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷനുകൾ, മെഡിക്കൽ ആവശ്യങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്കായിട്ടുള്ളതാണ് ഈ പണം.
വിവാഹമോചിതരാവുമ്പോൾ ചൈൽഡ് സപ്പോർട്ടിനു വേണ്ടി ഒരു തുക നൽകേണ്ടി വരുന്നത് സാധാരണമാണ് അല്ലേ? അത് കുട്ടികളുടെ ചെലവിന് വേണ്ടി നൽകുന്നതാണ്. എന്നാൽ, തുർക്കിയിൽ ഒരാൾക്ക് വിവാഹമോചനത്തിന് പിന്നാലെ മുൻഭാര്യയുടെ പൂച്ചയുടെ ചെലവിനായി 10,000 ടർക്കിഷ് ലിറ (21,307 രൂപ) കൊടുക്കേണ്ടി വന്നിരിക്കയാണ്. ഇപ്പോൾ പലരും കുട്ടികൾക്ക് പകരമായി വളർത്തുമൃഗങ്ങളെ കാണാറുണ്ട്. അതുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ആളുകൾ ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നത്.
ഇസ്താംബൂളിൽ നിന്നുള്ള ബുഗ്രയും മുൻ ഭാര്യ എസ്ഗിയുമാണ് രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞത്. വിവാഹസമയത്ത്, ദമ്പതികൾ രണ്ട് വളർത്തു പൂച്ചകളെ ഒരുമിച്ച് നോക്കിയിരുന്നു. വിവാഹമോചനം നേടുമ്പോഴുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി, എസ്ഗിക്കാണ് പൂച്ചകളുടെ സംരക്ഷണം ലഭിച്ചത്. അതേസമയം അടുത്ത 10 വർഷത്തേക്ക് അവയുടെ പരിപാലനത്തിനായി ഓരോ മൂന്നുമാസം കൂടുമ്പോഴും 10,000 ലിറ സാമ്പത്തികമായി സംഭാവന ചെയ്യാമെന്ന് ബുഗ്ര സമ്മതിച്ചു. പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷനുകൾ, മെഡിക്കൽ ആവശ്യങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്കായിട്ടുള്ളതാണ് ഈ പണം. ചെലവ് കൂടുന്നതിന് അനുസരിച്ച് ഓരോ വർഷവും ഈ തുക മാറാൻ സാധ്യതയുണ്ട്. പൂച്ചകൾ ജീവിച്ചിരിക്കുന്ന കാലം വരെ ഈ തുക നൽകണം.
പൂച്ചയുടെ ശരാശരി ആയുസായ 15 വർഷത്തെ അടിസ്ഥാനമാക്കിയാണ് തുക കണക്കാക്കുന്നത്. വളർത്തുമൃഗ സംരക്ഷണത്തിന് പുറമേ, ബുഗ്ര എസ്ഗിക്ക് 550,000 ലിറ (ഏകദേശം 11,54,179) നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. തുർക്കിയിലെ വളർത്തുമൃഗങ്ങളെ മൈക്രോചിപ്പിംഗ് വഴി രജിസ്റ്റർ ചെയ്തിരിക്കും. ഉടമയായിരിക്കും നിയമപരമായ രക്ഷാധികാരിയെന്നും നിയമ വിദഗ്ധയായ അയ്ലിൻ എസ്ര എറെൻ വിശദീകരിച്ചു. തുർക്കിയിലെ മൃഗസംരക്ഷണ നിയമപ്രകാരം, വളർത്തുമൃഗങ്ങളെ സ്വത്തായിട്ടല്ല, പകരം ജീവികളായി തന്നെയാണ് കണക്കാക്കുന്നത്. കൂടാതെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് ധാർമ്മികവും നിയമപരവുമായ ലംഘനമായി കണക്കാക്കപ്പെടും. മൈക്രോചിപ്പ് ചെയ്ത വളർത്തുമൃഗങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.


