വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം
ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നും ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു, തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു, ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല, അമ്പലപ്പുഴയിൽ വികസന നായകൻ എന്ന ജി സുധാകരന്‍റെ പ്രതിച്ഛായയെ മറികടക്കാനായില്ല എന്നീ വിമർശനങ്ങളാണ് ഉയർന്നത്.

കൂടാതെ യു പ്രതിഭക്കെതിരെയും വിമർശനം ഉയർന്നു. പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചെന്നും പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? പ്രതിഭക്കെതിരായ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത് എന്നും വിമർശനം ഉയർന്നു.



