'അധ്യാപകര്‍ കുഞ്ഞുങ്ങളുടെ കാലുകഴുകി വെള്ളം കുടിക്കട്ടെ' എന്ന് മന്ത്രി എ കെ ബാലനും'  അധ്യാപകര്‍ ആര്‍ത്തിപ്പണ്ടാരങ്ങളാണ്' എന്ന് കടകംപള്ളി സുരേന്ദ്രനും 'സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ തിരുവനന്തപുരത്തെ ആറുവയസ്സുകാരന്‍ ആദര്‍ശിനെക്കണ്ടു പഠിക്കട്ടെ' എന്ന് മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. അവസാനം കോവിഡ് കാലത്ത് 'വെറുതെയിരിക്കുന്ന' അധ്യാപകരെ റേഷന്‍ കടകളിലേക്ക് നിയമിച്ചു. അവിടെയും അധ്യാപകര്‍ക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ നിരന്നു. ഇത്തരം ഭാഷാവ്യാവഹാരങ്ങള്‍ അധ്യാപകജോലിയെ ഏതുതരത്തിലാണ് അപനിര്‍മിക്കുന്നത്? 


 

1964-ല്‍ ബി.ആര്‍. പന്തലു നിര്‍മ്മിച്ച മലയാള സിനിമയാണ് സ്‌കൂള്‍ മാസ്റ്റര്‍. ഇതില്‍ തിക്കുറിശ്ശി അവതരിപ്പിച്ച ഹെഡ്മാസ്റ്ററുടെ ജീവിതം സ്‌കൂള്‍ മാനേജറുടെ അനധികൃതമായ പ്രവൃത്തികള്‍ കാരണം ദുരിതമയമാവുകയാണ്. ഈ സാമാന്യപ്രമേയത്തിനപ്പുറം, അദ്ധ്യാപകര്‍ എങ്ങനെയായിരിക്കണം എന്ന ചോദ്യംകൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. അടിമുടി ആദര്‍ശവാനാണ് സ്‌കൂള്‍മാസ്റ്ററെന്ന കഥാപാത്രം. തന്റെ പേന മോഷ്ടിച്ച വികൃതിയായ ജോണിയെ അടിക്കാന്‍ കുരുവിള മാഷ് നല്‍കിയ വടി ഒടിച്ചുകളയുന്നുണ്ട് അദ്ദേഹം. മാത്രമല്ല, ഉപദേശത്തിലൂടെ ജോണിയെക്കൊണ്ട് സത്യം പറയിപ്പിക്കുകയും സത്യത്തിനുള്ള സമ്മാനമായി മോഷ്ടിച്ച പേന സമ്മാനം നല്‍കുകയും ചെയ്യുന്നു. ഈ ജോണിയാണ് (ജെമിനി ഗണേശന്‍) പില്‍ക്കാലത്ത് മാഷുടെ വീട് നഷ്ടപ്പെട്ടപ്പോള്‍ അത് വീണ്ടെടുത്തുകൊടുക്കുന്നത്. സാമ്പത്തികമായ പ്രതിസന്ധിഘട്ടത്തില്‍പ്പോലും സത്യത്തെയും ആദര്‍ശത്തെയും മുറുകെപിടിക്കുന്ന, ശത്രുവിനെപ്പോലും സ്‌നേഹിക്കുന്ന കഥാപാത്രമാണ് സ്‌കൂള്‍ മാസ്റ്റര്‍.

2011-ല്‍ എം മോഹനന്‍ സംവിധാനം ചെയ്ത മാണിക്യക്കല്ലിലും ഇതുപോലെ ആദര്‍ശവാനായ ഒരു അധ്യാപകനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാതൃകാധ്യാപകനായ വിനയചന്ദ്രന്‍. സ്‌കൂള്‍മാസ്റ്ററില്‍ നിന്ന് 47 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും, കുലീനത ദ്യോതിപ്പിക്കുന്ന വേഷത്തിലോ ശരീരഭാഷയിലോ സംസാരശൈലിയിലോ ഒന്നും ഈ അധ്യാപക കഥാപാത്രത്തിനും വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നു കാണാം. വട്ടപ്പൂജ്യം വിജയശതമാനം നേടിയ കേരളത്തിലെ ഒരേയൊരു സ്‌കൂളായ വണ്ണാമ്മല സ്‌കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയര്‍ത്തുകയാണ് വിനയചന്ദ്രന്‍ മാഷ്. ഇത് അദ്ദേഹം നേടുന്നത് തന്റെ ചുറ്റുമുള്ള 'അധ്യാപക'രോടും ഉന്നത ഉദ്യോഗസ്ഥരോടും, കരിങ്കല്‍ക്കുഴി കരുണനെപ്പോലെയുള്ള കള്ളവാറ്റ് നടത്തുന്ന സാമൂഹികദ്രോഹികളോടുപോലും, ഏറ്റുമുട്ടിക്കൊണ്ടാണ്. അധ്യാപകന്‍ തിന്‍മകളെ ചെറുത്തുതോല്പിച്ച് സമൂഹത്തിനു വെളിച്ചം നല്‍കേണ്ടവനാണ് എന്ന ബോധം അയാള്‍ക്കുണ്ട്. ജോണിയെ അടിക്കാനുള്ള വടി തിക്കുറിശ്ശിയുടെ കഥാപാത്രം ഒടിച്ചുകളഞ്ഞതുപോലെ, വികൃതിയായ പൂച്ചബഷീറിനെ അടിക്കാന്‍ സഹഅധ്യാപകന്‍ നല്‍കിയ വടി നിരസിക്കുകയാണ് വിനയചന്ദ്രന്‍. ഉപദേശമാണ് ഈ ചിത്രത്തിലും വിദ്യാര്‍ത്ഥിയെ നന്‍മയിലേക്കു നയിക്കാനുള്ള ഉപാധി. സ്‌കൂള്‍ ഗോഡൗണാക്കി വളംവില്‍ക്കുന്ന പ്രധാനധ്യാപകന്‍, അധ്യാപകവൃത്തി സൈഡ് ബിസിനസ് മാത്രമാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഷഡ്ഢിക്കച്ചവടത്തിലും ഏര്‍പ്പെടുന്ന പവനന്‍ പരിമഠം, മുട്ടവില്പനയും യോഗാധ്യാപനവും നടത്തി അധികവരുമാനമുണ്ടാക്കുന്ന സ്‌പോര്‍ട്‌സ് ടീച്ചറായ ചാന്ദ്‌നി തുടങ്ങിയ കഥാപാത്രങ്ങള്‍ വിനയചന്ദ്രന്റെ ആദര്‍ശാത്മകതയ്ക്കു മറുപുറത്തു നില്‍ക്കുന്നുണ്ട്. 

ഈ രണ്ടു ചിത്രങ്ങള്‍ മാത്രമല്ല, മലയാളത്തില്‍ വിദ്യാലയവും വിദ്യാഭ്യാസവും പശ്ചാത്തലമായി പുറത്തിറങ്ങിയിട്ടുള്ള മിക്ക ചിത്രങ്ങളും അദ്ധ്യാപകരെ ആദര്‍ശാത്മക വ്യക്തിത്വങ്ങളായി ചിത്രീകരിക്കുന്നതില്‍ യാതൊരു ഉപേക്ഷയും കാട്ടിയിട്ടില്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളോ വ്യക്തിത്വപരാധീനതകളോ ഇല്ലാത്ത, നിസ്വാര്‍ത്ഥമതികളായ ആ ശുദ്ധമനസ്‌കര്‍, സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുമ്പോഴും നന്‍മയെ മുറുകെപ്പിടിക്കുന്നവരാണ്. അധ്യാപകരെക്കുറിച്ചുള്ള പൊതുബോധം ചലച്ചിത്രത്തെയും, തിരിച്ചും, കാലാകാലങ്ങളായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഗുരുത്വം പോലുള്ള ആശയങ്ങളിലൂടെ, ഈ പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ അധ്യാപകരും പൊതുസമൂഹവും നിരന്തരം പ്രയത്‌നിക്കുന്നുമുണ്ട്.

 

.................................................................

സ്‌‌കൂള്‍മാസ്റ്ററില്‍ നിന്ന്  47 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും, കുലീനത ദ്യോതിപ്പിക്കുന്ന വേഷത്തിലോ ശരീരഭാഷയിലോ സംസാരശൈലിയിലോ ഒന്നും ഈ അധ്യാപക കഥാപാത്രത്തിനും വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നു കാണാം.

മാണിക്യക്കല്ല് എന്ന സിനിമയില്‍ അധ്യാപകന്റെ വേഷത്തില്‍ പൃഥ്വിരാജ്'വെറുതെയിരിക്കുന്ന' അധ്യാപകര്‍
പക്ഷേ, കഴിഞ്ഞ കുറച്ചുനാളുകളായി അധ്യാപകര്‍ എന്ന വിഭാഗം വാര്‍ത്തകളിലും സാമാന്യവ്യവഹാരങ്ങളിലും പ്രത്യക്ഷപ്പെട്ടത് ഇങ്ങനെ ഉയര്‍ത്തിക്കാട്ടപ്പെട്ട ആദര്‍ശാത്മകതയുടെ വിരുദ്ധധ്രുവത്തെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു. കൊവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പളം മാറ്റിവയ്ക്കലിനോട് ഉത്തരവിന്റെ പകര്‍പ്പുകള്‍ കത്തിച്ച് ഒരു വിഭാഗം അധ്യാപകര്‍ നടത്തിയ പ്രതിഷേധമാണ് ഏറ്റവുമൊടുവിലത്തേത്. അവര്‍ കുഞ്ഞുങ്ങളുടെ 'കാലുകഴുകി വെള്ളം കുടിക്കട്ടെ' എന്ന മന്ത്രി എ കെ ബാലനും അധ്യാപകര്‍ 'ആര്‍ത്തിപ്പണ്ടാരങ്ങളാണ്' എന്ന് കടകംപള്ളി സുരേന്ദ്രനും 'സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ തിരുവനന്തപുരത്തെ ആറുവയസ്സുകാരന്‍ ആദര്‍ശിനെക്കണ്ടു പഠിക്കട്ടെ' എന്ന് മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകര്‍ ഇനി മുതല്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടെന്നു പ്രസ്താവിച്ച് അധ്യാപകര്‍ക്കെതിരെ ഫ്‌ളക്‌സുകളടിക്കപ്പെട്ടു. അധ്യാപകര്‍ക്കെതിരായ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിറഞ്ഞു. അവസാനം കൊവിഡ് കാലത്ത് 'വെറുതെയിരിക്കുന്ന' അധ്യാപകരെ റേഷന്‍ കടകളിലേക്ക് നിയമിച്ചു. അവിടെയും അധ്യാപകര്‍ക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ നിരന്നു. ഇപ്പോഴും തുടരുന്നു. എന്താണ് ജോലിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അധ്യാപനമാണെന്ന് ഉത്തരം പറയന്‍ പറ്റാത്ത രീതിയിലേക്ക് ഇത്തരം ഭാഷാവ്യവഹാരങ്ങള്‍ അധ്യാപകരെ കൊണ്ടെത്തിച്ചിട്ടുണ്ട്. 

എന്തുകൊണ്ടാണ് മറ്റ് സര്‍വീസ് സംഘടനകള്‍ക്കുനേരെയൊന്നുമില്ലാത്ത ആക്രമണം അധ്യാപക സമൂഹത്തിനുനേരെ ഉണ്ടാവുന്നത്? പൊതുസമൂഹം അധ്യാപക ജോലി ഏതുരീതിയിലാണ് മനസ്സിലാക്കിവെച്ചിരിക്കുന്നത്? അവര്‍ക്കെതിരേ ഉപയോഗിക്കപ്പെടുന്ന ഭാഷയുടെ തീവ്രത, അവര്‍ക്ക് പൊതുസമൂഹം കല്പിച്ചുകൊടുത്ത ആദര്‍ശാത്മകയുടെ അനുപാതത്തില്‍ തന്നെയാണെന്നതാണ് കൗതുകകരമായ വസ്തുത. അധ്യാപനം മറ്റേതു ജോലിയേയും പോലെ, ചില പ്രത്യേക നൈപുണികളുള്‍പ്പെടുന്ന ഒരു തൊഴിലായി മാത്രം പരിഗണിക്കണമെന്ന വാദഗതികള്‍ ശക്തമാകുന്ന ഇക്കാലത്ത്,  അധ്യാപകര്‍ എങ്ങനെയാണ് അധ്യാപകവൃത്തിയെ ഉള്‍ക്കൊള്ളുന്നതെന്ന ചോദ്യം പ്രസക്തമാണ്.  

 

.................................................................

Read more: കൊറോണക്കാലത്തെ പരീക്ഷാ സാധ്യതകള്‍ 


റേഷന്‍ കടയിലെ അധ്യാപകര്‍. ട്രോളുകളില്‍ ഒന്ന്. 

 

ഗുരുകുലത്തില്‍നിന്നും വിദ്യാലയത്തിലേക്ക് 
ഗുരുകുലമായിരുന്നു ഇന്ത്യന്‍ പാരമ്പര്യത്തില്‍ അറിവാര്‍ജ്ജനത്തിന്റെ ആദ്യ ഇടം. അവിടെ ഗുരുവിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ശിഷ്യരോ അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹമോ മുതിര്‍ന്നിരുന്നില്ല. ഗുരുക്കള്‍ ഋഷികളോ ഋഷിതുല്യരോ ആയിരുന്നു. അറിവിന്റെ അധികാരികളായി അവര്‍ അവരോധിക്കപ്പെട്ടു. ഗുരുവിനോടുള്ള അനുസരണ (ഗുരുത്വം) മനുഷ്യര്‍ക്കുണ്ടാകേണ്ട വലിയൊരു ഗുണമായി എണ്ണപ്പെടുകയും നിരവധി കഥകളിലൂടെ ഈ സങ്കല്പം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്തു. ഗുരുത്വദോഷത്തെയും ഗുരുനിന്ദയേയും വലിയ പാപങ്ങളായി കണക്കാക്കി. പലപ്പോഴും  ഗുരു പ്രതിഫലമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതുകൊണ്ടു തന്നെ, തൊഴിലെന്ന പദത്തെ ആ വ്യവഹാരവുമായി ചേര്‍ത്തുവയ്ക്കുന്നത് സങ്കല്‍പത്തിനും അതീതമായിരുന്നു.

ലോകചരിത്രം പരിശോധിച്ചാല്‍ പൗരോഹിത്യത്തോടൊപ്പം അധ്യാപനവും ഒന്നിച്ചുകൊണ്ടുപോയിരുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള സൂചനകള്‍ കാണാം. പ്രതിഫലം വാങ്ങിക്കൊണ്ട് ലോകത്താദ്യമായി അധ്യാപനം നടത്തിയിരുന്നത് ഏഥന്‍സിലെ സോഫിസ്റ്റുകളാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കേരളത്തില്‍, റാണി ഗൗരി പാര്‍വതിഭായി ആണ് 'രാജ്യധര്‍മത്തിനും യശസ്സിനും ഭരണകാര്യങ്ങള്‍ക്കും വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് മനസ്സിലാക്കി' സര്‍ക്കാര്‍ ചെലവില്‍ അധ്യാപകരെ മാസശമ്പളത്തിന് നിയമിക്കാന്‍ 1817-ല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. 'കൊല്ലത്തിന് വടക്കുള്ള പ്രദേശങ്ങളില്‍ ഒള്ള പിള്ളരെ എഴുത്തുപഠിപ്പിക്കുന്നതിന് വാദ്ധ്യാര്‍മാര്‍ക്ക് ശമ്പളം കൊടുപ്പാന്‍ ജനങ്ങള്‍ക്ക് വകയില്ലാതേയും പള്ളിക്കൂടവുംവെച്ച് വാദ്ധ്യാര്‍മാര്‍ വന്ന് പാര്‍ക്കാതെയും ആ ദിക്കിലുള്ള ആളുകള്‍ക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റവും കുറവായിട്ടു വന്നിരിക്കുന്നു എന്നും പണ്ടാരവകയില്‍നിന്ന് ശമ്പളവും കൊടുത്ത് വാദ്ധ്യാര്‍മാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പഠിപ്പിച്ച് പ്രാപ്തി ആക്കിയാല്‍ ഓരോ ഉദ്യോഗങ്ങള്‍ക്കും ഉപകാരമായിട്ടും രാജ്യത്തേക്ക് യശസും കീര്‍ത്തിയും ധര്‍മവും അഭിവൃദ്ധിയായിട്ടും വരുന്നതാകകൊണ്ട്' എന്ന് അവര്‍ നീട്ടില്‍ വ്യക്തമാക്കുന്നു. അമ്പതുപണം വീതമായിരുന്നു ഇവര്‍ക്കുള്ള ശമ്പളമായി റാണി നീട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. വാദ്ധ്യാരില്‍നിന്ന് മാഷിലേക്കും മാഷില്‍നിന്ന് സാറിലേക്കും അധ്യാപകര്‍ ഭാഷാപരമായി വളര്‍ന്നു. മാസം അമ്പതുപണം ശമ്പളത്തില്‍നിന്ന് മാസം  അമ്പതിനായിരം മൊത്തശമ്പളമെങ്കിലും വാങ്ങുന്ന പ്രവൃത്തിയായി അധ്യാപനം മാറി. ഇതിനിടെ അധ്യാപകരെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും അറിവ് സ്വാംശീകരിക്കുന്ന കുട്ടിയുടെ മനോഭാവത്തിലും അവനവനില്‍തന്നെയും അധ്യാപകന്‍/ അധ്യാപിക എന്ന രൂപത്തിന് മാറ്റം വന്നു.

രാഷ്ട്രസേവനത്തിനും സാമൂഹിക സേവനത്തിനും മുന്‍നിരയില്‍നില്‍ക്കേണ്ട ആളുകളാണ് അധ്യാപകര്‍ എന്നതാണ് മറ്റൊരു പൊതുബോധം. ഈ ബോധത്തെ രൂപപ്പെടുത്തിയെടുത്തതില്‍ അധ്യാപകര്‍ക്കും വലിയ പങ്കുള്ളതായി കാണാം. ഇങ്ങനെ ആദര്‍ശശാലിയായ, ത്യാഗപൂര്‍ണമായ പുതിയൊരു സമൂഹം നിര്‍മിച്ചെടുക്കാനുള്ള ബാധ്യതയുള്ള ഒരാള്‍ എന്ന പ്രോട്ടോടൈപ്പ് മാതൃകയാണ് നമ്മുടെ സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്ന അധ്യാപകര്‍. അതുകൊണ്ടാണ് അധ്യാപകര്‍ ചെറിയൊരു തെറ്റുചെയ്താല്‍ പോലും അയാള്‍/ അവര്‍ ഒരു അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപികയല്ലേ എന്ന് സമൂഹം ചോദിക്കുന്നത്. മാത്രമല്ല, വേഷത്തിലും ശരീരഭാഷയിലും വാക്കിലും ഒരു തരത്തിലുള്ള സദാചാരലംഘനവും അധ്യാപകര്‍ നടത്തരുതെന്ന് സമൂഹത്തിന് നിര്‍ബന്ധമുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ടി-ഷര്‍ട്ട് അണിഞ്ഞ് വരാനുള്ള അവകാശം കായികാധ്യാപകന് മാത്രമാണെന്ന കാര്യം ഓര്‍ക്കുക. ചുരിദാര്‍ ധരിക്കാനുള്ള അവകാശം അധ്യാപികമാര്‍ നേടിയെടുത്തത് നിരവധി പ്രതിഷേധങ്ങളുടെ ശ്രമഫലമായാണ്.

 

....................................................

ടെക്‌നോളജിയുടെ കാലത്ത് ഗുരു എന്ന സങ്കല്‍പം പോലും അപനിര്‍മിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥിയുടെ വിരല്‍ത്തുമ്പില്‍ ഇന്ന് അറിവിന്റെ മഹാസമുദ്രമുണ്ട്.

റേഷന്‍ കടയിലെ അധ്യാപകര്‍. ട്രോളുകളില്‍ ഒന്ന്. 

 

മാറുന്ന കാലം, മാറാത്ത സ്റ്റീരിയോടൈപ്പുകള്‍
ഇത്തരം സ്റ്റീരിയോടൈപ്പിംഗുകള്‍ പ്രബലമായി നിലനില്‍ക്കുമ്പോള്‍ പോലും, അധ്യാപകരും വിദ്യാര്‍ഥികളും സമൂലമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിത്. അറിവ് ഉല്പാദിപ്പിക്കുന്നതില്‍ മാത്രമല്ല, പരസ്പരം മനസ്സിലാക്കുന്ന കാര്യത്തില്‍പ്പോലുമുണ്ട് ഈ മാറ്റം. ഇന്ന്, ഗുരുനിന്ദ ഉമിത്തീയില്‍ ദഹിച്ചാലും തീരാത്ത പാപമാണെന്ന് ഒരു വിദ്യാര്‍ഥിയോട് പറഞ്ഞാല്‍ അധ്യാപകര്‍ ചിലപ്പോള്‍ 'പ്ലിങ്ങി'പ്പോകും. അധ്യാപകരേക്കാള്‍ സാമ്പത്തിക ശേഷിയുള്ള, രാഷ്ട്രീയസ്വാധീനമുള്ള കുട്ടികള്‍ പല മുതിര്‍ന്ന ക്ലാസുകളിലുമുണ്ട്. ഇവര്‍ക്ക് ഇഷ്ടമല്ലാത്തത് പറയുമ്പോള്‍ അധ്യാപകര്‍ക്കുനേരെ തിരിയുന്ന കാഴ്ചകളും കോളജുകളില്‍ സുലഭമാണ്. എത്രയോ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. പലപ്പോഴും പരീക്ഷാഡ്യൂട്ടിക്കുപോലും അധ്യാപകര്‍ പോകുന്നത് അല്പം ഭയത്തോടെയാണെന്ന് സ്വകാര്യമായി പല അധ്യാപകരും സമ്മതിക്കും.

ടെക്‌നോളജിയുടെ കാലത്ത് ഗുരു എന്ന സങ്കല്‍പം പോലും അപനിര്‍മിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥിയുടെ വിരല്‍ത്തുമ്പില്‍ ഇന്ന് അറിവിന്റെ മഹാസമുദ്രമുണ്ട്. വടികൊണ്ടോ അറിവ് കൊണ്ടോ അധികാരം സ്ഥാപിച്ചെടുക്കാന്‍ അധ്യാപകര്‍ക്ക് സാധ്യമല്ല. എന്തിന്, പഠിക്കാന്‍ ക്ലാസുമുറിപോലും ആവശ്യമില്ലെന്ന് കോവിഡ്കാല പഠനരീതികള്‍ കാണിക്കുന്നു.  ഇപ്പോള്‍ മെന്റര്‍, ഗൈഡ്, ഫെസിലിറ്റേറ്റര്‍ എന്നിങ്ങനെയാണ് അധ്യാപകരുടെ റോളുകള്‍.

പക്ഷേ, ഈ മാറ്റത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനോ അധ്യാപനത്തെ തൊഴില്‍ എന്ന നിലയില്‍ കാണാനോ പൊതുസമൂഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ്, ശമ്പളം മാറ്റിവയ്ക്കലിനെതിരേ സമരം ചെയ്ത അധ്യാപകര്‍ക്ക് മറ്റു ഉദ്യോഗസ്ഥരേക്കാളധികം എതിര്‍പ്പുകളും ജനരോഷങ്ങളും നേരിടേണ്ടിവരുന്നത്. 'അവര്‍ അങ്ങനെ ചെയ്യാമോ' എന്ന ചോദ്യം പൊതുജനത്തിന്റെ ആദ്യ പ്രതികരണമാകുന്നത്. കെട്ടിയേല്പിക്കപ്പെട്ടതും സ്വയം ചുമലിലേറ്റിയതുമായ ഈ ആദര്‍ശാത്മകത അധ്യാപകര്‍ക്കുതന്നെ വിനയാകുന്ന കാഴ്ചയാണിത്. അറിഞ്ഞും അറിയാതെയും അനുഭവിച്ച പ്രിവിലേജുകള്‍ തിരിഞ്ഞുകൊത്തുന്ന അവസ്ഥ. അതേസമയം, അണ്‍ എയ്ഡഡ് മേഖലയിലും മറ്റും തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്നവരും യാതൊരുവിധത്തിലുള്ള തൊഴില്‍സുരക്ഷ അനുഭവിക്കാത്തവരുമായ അധ്യാപകരുടെ അവസ്ഥ ഒരു തൊഴില്‍പ്രശ്‌നമെന്ന നിലയില്‍ കൈകാര്യം ചെയ്യപ്പെടാത്തതു പോലും ഈ കെട്ടിയേല്‍പിക്കപ്പെട്ട ആദര്‍ശാത്മകതയുടെ ഭാരം കൊണ്ടാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ടാവില്ല. മാലാഖമാരെന്ന പ്രതിഛായയുടെ ഭാരംകൊണ്ട് നഴ്‌സുമാര്‍ക്കും ഗുരുക്കള്‍ സമൂഹത്തിന് പ്രതിഫലേച്ഛയില്ലാതെ വെളിച്ചം പകരണമെന്ന നൂറ്റാണ്ടുകളുടെ വിശ്വാസഭാരം കൊണ്ട് അധ്യാപകര്‍ക്കും ഒരുപോലെ നിഷേധിക്കപ്പെടുന്നത് മാന്യമായ തൊഴില്‍സാഹചര്യങ്ങളാണെന്ന വസ്തുത അവഗണിക്കാനാവില്ല. മറുവശത്താകട്ടെ, മാണിക്യക്കല്ല് എന്ന സിനിമയില്‍ ആരോപിക്കപ്പെടുന്നതുപോലെ, 'രണ്ടുമാസം പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവാണ് അധ്യാപകര്‍' തുടങ്ങിയ തെറ്റായ ബോധം സൃഷ്ടിക്കുന്ന മുന്‍വിധികള്‍ ആ തൊഴില്‍സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രവൃത്തിഭാരത്തെ കണ്ടെത്തുന്നതിലും അംഗീകരിക്കുന്നതിലും പരാജയപ്പെടുകയും ചെയ്യുന്നു.

മേലനങ്ങാത്ത അധ്യാപകര്‍ ഇനി റേഷന്‍ കടയില്‍ പോയി അരിയളന്നു കൊടുക്കട്ടെ എന്ന പൊതുസമൂഹത്തിന്റെ പരിഹാസം ട്രോളുകളായും മറ്റും പൊതുമണ്ഡലത്തില്‍ നിറയുമ്പോള്‍, അഴിച്ചു വയ്‌ക്കേണ്ട ആലഭാരങ്ങളെന്തെല്ലാമാണെന്ന കാര്യത്തില്‍ ഇരുപക്ഷവും ഒരു ശരിയായ ബോധ്യത്തില്‍ എത്തേണ്ടത് ആവശ്യമാണ്.