എന്താവും സംഭവിക്കുക? ആരായിരിക്കും ഇനി അവരുടെ മുന്നിലുണ്ടാവുക? ആരോടാവും അവരിനി സംവദിക്കുക? തീര്‍ച്ചയായും അത് കുട്ടികളാവില്ല. മുതിര്‍ന്നവരായിരിക്കും. രക്ഷിതാക്കളോ ഒളിഞ്ഞു നോട്ടക്കാരായ ആണ്‍ കൂട്ടങ്ങളോ ആയിരിക്കും. ട്രോള്‍ വീഡിയോ ഉണ്ടാക്കാനും പുച്ഛിക്കാനും മാര്‍ക്കിടാനും ശരീരത്തെ വിലയിരുത്താനും സാരിയുടെ നിറംവെച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടാനും വരുന്ന വലിയ പറ്റം ആണ്‍കൂട്ടങ്ങള്‍. അവരെ മുന്നില്‍ കാണാതെ ഇനിയവര്‍ക്ക് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാനാവില്ല. അങ്ങനെ വരുമ്പോള്‍, എത്ര സ്വാഭാവികമാവും ആ ക്ലാസുകള്‍? എത്രമാത്രം കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യാനാവും അവര്‍ക്ക്? 

 

 

വിക്‌ടേഴ്‌സ് ചാനലില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് എടുത്ത ആ അധ്യാപകര്‍ക്ക് ഇനി സ്വാഭാവികമായി അത് ചെയ്യാനാവുമോ? ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ജൂണ്‍ ഒന്നിന് ഈ അധ്യാപകരില്‍ ചിലര്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്. വനിതാ അധ്യാപകരെ തിരഞ്ഞുപിടിച്ച് അവരുടെ ശരീരത്തിനു മാര്‍ക്കിടുകയായിരുന്നു ഇന്നലെ ഞരമ്പുരോഗികളായ ആണ്‍കൂട്ടങ്ങള്‍. 'കിടക്കറ പങ്കിടാന്‍ വരുമോ' എന്ന ചോദ്യം മുതല്‍ പച്ചത്തെറി വരെ ഓണ്‍ലൈന്‍ ക്ലാസുകളുടെ യൂ ട്യൂബ് വീഡിയോകളുടെ കമന്റു ബോക്‌സുകളില്‍ നിറഞ്ഞു. കുട്ടികളല്ല, പുറത്തുള്ള മുതിര്‍ന്നവരായിരുന്നു ആ ക്ലാസുകളെ ഒളിഞ്ഞുനോട്ടക്കാരെപ്പോലെ വിലയിരുത്തിയത്. ഒളിഞ്ഞുനോക്ക കണ്ണോടെ നിന്ന മുതിര്‍ന്നവരാണ് എന്തും പറയാവുന്ന ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഈ അധ്യാപകരെ വിലയിരുത്തിയത്. ഇത് അസഹ്യമായപ്പോഴാണ് കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് തന്നെ രംഗത്തുവന്നത്.  ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിന്റെ യൂ ട്യൂബ് വീഡിയോകളിലെ കമന്റു ബോക്‌സുകള്‍ പൂട്ടിക്കെട്ടി. 

ഈ സാഹചര്യം ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന അധ്യാപകര്‍ക്ക് എന്തു മാറ്റങ്ങളാണ് സൃഷ്ടിക്കുക? അതറിയാന്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പൊതു സ്വഭാവം എന്താണ് എന്നറിയണം. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നതുപോലെയല്ല ഓണ്‍ലൈനില്‍ ക്ലാസ് എടുക്കുന്നത്. ഒട്ടും എളുപ്പമേയല്ല അത്. കാണാമറയത്തെ കുട്ടികളോടാണ് അധ്യാപകര്‍ ഇവിടെ സംവദിക്കുന്നത്. ക്യാമറയാണ് ഇവിടെ ക്ലാസ് മുറി. അവിടെ കുട്ടികളില്ല. കുട്ടികളുടെ സംശയങ്ങളോ അതിനുള്ള മറുപടികളോ ഇല്ല. പറയുന്നത് കുട്ടികള്‍ക്ക് മനസ്സിലായോ എന്നറിയാന്‍ പോലും മാര്‍ഗമില്ല. ഇത്ര നാളും ക്ലാസ് എടുത്തത് പോലെ അവിടെ ക്ലാസ് എടുക്കാനും കഴിയില്ല. കാരണം മുന്നിലുള്ളത് ബുദ്ധിപരമായി പല തരംഗദൈര്‍ഘ്യങ്ങളിലുള്ള കുട്ടികളാണ്. പല സാഹചര്യങ്ങളിലുള്ളവര്‍. എല്ലാവര്‍ക്കും ഒരു പോലെ മനസ്സിലാവുന്ന വിധത്തില്‍ ഏറ്റവും ലളിതമായ രീതിയില്‍ അറിവ് പകരുക എന്നത് അതികഠിനമായ ഒന്നാണ് ഇവിടെ. 

പല തരത്തിലാണ് സാധാരണയായി ഈ പ്രതിസന്ധികളെ മറികടക്കാറുള്ളത്. പുതിയ രീതിയില്‍ അറിവു പകരാനുള്ള ശാസ്ത്രീയ പരിശീലനം, ഗ്രാഫിക്‌സ് അടക്കമുള്ള സാങ്കേതിക ഉപാധികളുടെ ഫലപ്രദമായ വിനിയോഗം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍. പെട്ടെന്നു മുന്നില്‍വന്ന സാഹചര്യമായതിനാല്‍ ഇതിനൊന്നുമുള്ള സമയമോ സാഹചര്യമോ ഇല്ല. അധ്യാപകരുടെ പ്രതിഭയും സാമൂഹ്യ പ്രതിബദ്ധതയും ആത്മവിശ്വാസവും കൊണ്ട് മാത്രമേ ഈ പരിമിതികള്‍ മറികടക്കാനാവൂ. ഇന്നലെ സംഭവിച്ചത് അതാണ്.  കുട്ടികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണവും മന:സാന്നിധ്യവും ലാളിത്യവും കൊണ്ട് നമ്മുടെ മിടുക്കരായ അധ്യാപകര്‍ ഗംഭീരമായി തന്നെ ഈ അവസ്ഥകളെ മറികടക്കുന്നതാണ് വിക്‌ടേഴ്‌സ് ചാനലില്‍ കണ്ടത്. 

 

 

മുകളില്‍ സൂചിപ്പിച്ച സവിശേഷതകള്‍ തന്നെയാണ്, ഓണ്‍ലൈന്‍ ക്ലാസിനായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന അധ്യാപകര്‍ അഭിമുഖീകരിക്കാനിടയുള്ള പ്രധാന പ്രശ്‌നവും. കുട്ടികളില്ലാത്ത ഒരു ക്ലാസ് മുറി സങ്കല്‍പ്പിച്ചാണ് അവര്‍ ക്ലാസ് എടുക്കുന്നത്. അവരുടെ മുന്നില്‍, പല വീടുകളിലുള്ള പല തരക്കാരായ കുട്ടികള്‍ മാത്രമായിരിക്കും. അതിനനുസരിച്ചുള്ള സ്‌ക്രിപ്റ്റ് ആയിരിക്കും അവര്‍ തയ്യാറാക്കുക. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രിയപ്പെട്ട കുട്ടികളെയാവും അവര്‍ കാണുക. ആ നിഷ്‌കളങ്കതയോടായിരിക്കും അവര്‍ സംവദിക്കുക. എന്നാല്‍, ഇനി എന്താവും സംഭവിക്കുക? ആരായിരിക്കും ഇനി അവരുടെ മുന്നിലുണ്ടാവുക? ആരോടാവും അവരിനി സംവദിക്കുക?

തീര്‍ച്ചയായും അത് കുട്ടികളാവില്ല. മുതിര്‍ന്നവരായിരിക്കും. രക്ഷിതാക്കളോ ഒളിഞ്ഞു നോട്ടക്കാരായ ആണ്‍ കൂട്ടങ്ങളോ ആയിരിക്കും. ട്രോള്‍ വീഡിയോ ഉണ്ടാക്കാനും പുച്ഛിക്കാനും മാര്‍ക്കിടാനും ശരീരത്തെ വിലയിരുത്താനും സാരിയുടെ നിറംവെച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടാനും വരുന്ന വലിയ പറ്റം ആണ്‍കൂട്ടങ്ങള്‍. അവരെ മുന്നില്‍ കാണാതെ ഇനിയവര്‍ക്ക് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാനാവില്ല. അങ്ങനെ വരുമ്പോള്‍, എത്ര സ്വാഭാവികമാവും ആ ക്ലാസുകള്‍. എത്രമാത്രം കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യാനാവും അവര്‍ക്ക്. തങ്ങള്‍ പറയുന്ന ഓരോ വാക്കും ജഡ്ജ് ചെയ്യാന്‍ ഒരാള്‍ക്കൂട്ടം നില്‍ക്കുന്നുണ്ടെന്ന അറിവ് എത്രമാത്രം അസഹനീയമായിരിക്കും. പൂവാലന്‍മാരുടെ ഒരു തെരുവിലൂടെ, ഉടുപ്പുരിയുന്ന വിധത്തിലുള്ള നോട്ടങ്ങളും കമന്റടികളും സഹിച്ച് പോവണ്ട അവസ്ഥയെ എങ്ങനെയാവും അവര്‍ക്ക് നേരിടാനാവും? കുട്ടികളോട് സ്വാഭാവികമായി സംസാരിക്കാവുന്ന മാനസികാവസ്ഥയെയാണ് ഈ വൃത്തികെട്ട കോമഡികള്‍ മാറ്റിമറിക്കുക. ഈ വിഷയത്തെയാണ് ഇനി ഈ അധ്യാപകര്‍ നേരിടേണ്ടിവരിക, മറികടക്കേണ്ടി വരിക. 

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ് കുട്ടികളുടെ ഫീഡ്ബാക്കുകള്‍. അവരുടെ സംശയങ്ങള്‍, പ്രതികരണങ്ങള്‍. ഇതിനാണ് കമന്റ് ബോക്‌സുകള്‍. ഈ ഓണ്‍ലൈന്‍ ആണ്‍കൂട്ടത്തെ ഭയന്ന് കമന്റ് ബോക്‌സുകള്‍ പൂട്ടിയിടുമ്പോള്‍ നഷ്ടപ്പെടുന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ആത്മാവ് തന്നെയാണ്. കുട്ടികളുടെ സത്യസന്ധമായ പ്രതികരണങ്ങള്‍ അറിയാതിരിക്കുകയും വെറിപിടിച്ച ഈ ആണ്‍കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് അതുണ്ടാക്കുക. സര്‍ക്കാറും പൊലീസുകാരും മാത്രം വിചാരിച്ചാല്‍, മാറ്റാനാവുന്നതല്ല ഈ അവസ്ഥ. അത് രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂടി ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് േട്രാള്‍ ഉണ്ടാക്കാന്‍ മാത്രമായി ഉണ്ടാക്കപ്പെടുന്ന ഉരുപ്പടികളല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍. നിങ്ങള്‍ക്ക് മാര്‍ക്കിടാനായി ഫാഷന്‍ ഷോ റാമ്പുകളിലെന്നപോലെ അണിഞ്ഞൊരുങ്ങി വരുന്നവരല്ല, ക്ലാസ് എടുക്കുന്ന അധ്യാപകര്‍. ഈ തിരിച്ചറിവാണ് സൃഷ്ടിക്കപ്പെടേണ്ടത്. അതിലൂടെ മാത്രമാണ്, ഈ അധ്യാപകരോട് നമ്മള്‍ ചെയ്ത പാതകം മായ്ക്കാനാവുകയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ നമുക്കു മുന്നില്‍ വരുന്ന ഇത്തരം കമന്റുകളെയും ട്രോളുകളെയും ശരീരങ്ങള്‍ക്ക് മാര്‍ക്കിടുന്ന കമന്റുകളെയും അതേ ഇടത്തില്‍ തന്നെ എതിര്‍ക്കുക മാത്രമാണ് പോംവഴി. തമാശ എന്നാല്‍ മറ്റുള്ളവരുടെ ജീവിതം അസഹ്യമാക്കുകയല്ല എന്നതാണ് ഇക്കൂട്ടര്‍ തിരിച്ചറിയേണ്ടത്. 

 


എന്തിനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍?

ഈ പറയുന്നതിന്റെ പ്രാധാന്യം മനസ്സിലാവണമെങ്കില്‍, എന്തു കൊണ്ടാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കേരളത്തില്‍ ഉണ്ടായത് എന്നറിയണം. അതിന്റെ സാദ്ധ്യതകളും പരിമിതികളും എന്താണെന്നും മനസ്സിലാക്കണം. വീടകങ്ങളില്‍ അടഞ്ഞുപോയ വിദ്യാര്‍ത്ഥികള്‍ക്ക് അതെത്രമാത്രം അനിവാര്യമാണെന്ന് ബോധ്യപ്പെടണം. 

കൊറോണക്കാലത്ത് സ്‌കൂള്‍ തുറക്കുക എന്ന അസാദ്ധ്യതയാണ് കേരളത്തില്‍ സംഭവിച്ചത്. സാമൂഹ്യ അകലം പാലിച്ച്് വീടിനുള്ളില്‍ അടങ്ങിയിരിക്കേണ്ട നേരത്ത് ആര്‍ക്കും കുട്ടികളെ സ്‌കൂളില്‍ വിടാനാവില്ല. പ്രേത്യകിച്ച്, കൊവിഡ് രോഗത്തിന് എളുപ്പം പിടികൂടാനാവുന്ന വിഭാഗങ്ങള്‍ കുട്ടികളും പ്രായം ചെന്നവരുമാണ് എന്നതിനാല്‍. പരീക്ഷകള്‍ പോലും മുടങ്ങി അധ്യാപകരും കുട്ടികളും വീടുകളില്‍ അടഞ്ഞുപോയ അനുഭവത്തില്‍നിന്നുകൊണ്ട്, പതിവു പോലെ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുക എന്ന റിസ്‌ക് എടുക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല. അതിനാലാണ്, കേരള സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ ആലോചിച്ചത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം പതിവുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന സാദ്ധ്യത അന്വേഷിക്കുന്നത്. 

അനേകം ഭൗതിക സാഹചര്യങ്ങള്‍ അതിനാവശ്യമുണ്ട്. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ മറ്റ് ഡിവൈസുകളോ കുട്ടികള്‍ക്ക് സ്വന്തമായി വേണം. വീടുകളിലിരുന്ന് കൃത്യസമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാനുള്ള സാഹചര്യം ഉണ്ടാവണം. പക്ഷേ, ഇതൊന്നും കേരളത്തിന്റെ സാഹചര്യത്തില്‍ എളുപ്പമല്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പല ഗ്രാമപ്രദേശങ്ങളിലും ദുര്‍ബലമാണ്. പല സാമ്പത്തികാവസ്ഥകളില്‍ പഠനത്തോട് പോരാടുന്ന കുട്ടികള്‍ക്ക് ഇതിനുള്ള ഡിവൈസുകള്‍ സംഘടിപ്പിച്ചു നല്‍കുക രക്ഷിതാക്കള്‍ക്ക് എളുപ്പമല്ല. ഒരു വീട്ടില്‍ മൂന്ന് കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം വെവ്വേറെ ഡിവൈസുകള്‍ സംഘടിപ്പിക്കുക പ്രയാസകരമാണ്. ജാതീയമായും സാമൂഹികമായുമുള്ള സാഹചര്യങ്ങളാല്‍ ജീവിതം കടുത്ത ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്ക് ഇവയൊന്നും ആലോചിക്കാനേ പറ്റില്ല.  

കേരളം ഇത്ര കാലം കൊണ്ട് ആര്‍ജിച്ച വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രധാന ചാലക ശക്തിയായിരുന്നു സ്‌കൂളുകള്‍. ഏറ്റവും സാധാരണക്കാര്‍ക്കു വരെ മക്കള്‍ക്ക് വിദ്യഭ്യാസം നല്‍കാനുള്ള സാഹചര്യമാണ് പൊതുവിദ്യാലയങ്ങള്‍ നല്‍കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചുരുങ്ങിയ കാശു കൊണ്ട് മക്കളെ പഠിപ്പിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. എന്നാല്‍, സ്‌കൂളുകള്‍ തുറക്കാതിരിക്കുകയും, കാശുമുടക്കുള്ള ഡിവൈസുകള്‍ വഴി ഓണ്‍ലൈന്‍ വിദ്യാഭ്യാസം അനിവാര്യമാവുകയും ചെയ്യുമ്പോള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മുന്നില്‍ വിദ്യഭ്യാസം ദുര്‍ഘടമായ ഒന്നായി മാറുന്നു. ദലിതരും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും അടങ്ങുന്ന വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിന്റെ രാജപാതകളില്‍നിന്ന് പുറത്താവുന്നു. ഉള്ളവരും ഇല്ലാത്തവരും എന്ന വിഭജനം വിദ്യാഭ്യാസ രംഗത്തും സംഭവിക്കുന്നു. കാശുള്ളവര്‍ക്ക് മാത്രം പ്രാപ്യമാവുന്ന ഒന്നായി ഓണ്‍ലൈന്‍ വിദ്യഭ്യാസം മാറുന്ന സാഹചര്യം ഉണ്ടാവുന്നു. 

എല്ലാവര്‍ക്കും വിദ്യഭ്യാസം എന്ന ലക്ഷ്യത്തിന് വിഘാതം നില്‍ക്കുന്ന ഈ പ്രതിസന്ധിയെ മറികടന്നു കൊണ്ടു മാത്രമേ കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്നര്‍ത്ഥം. ഈ സാഹചര്യത്തിലാണ്, സര്‍ക്കാറിന്റെ മുന്‍കൈയില്‍ കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി ഈ കൊവിഡ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പരിമിതികള്‍ ഏറെയുള്ള ഒരവസ്ഥയില്‍ സ്വീകരിക്കാവുന്ന ഏറ്റവും പ്രായാഗിക മാര്‍ഗമാണിത്. വീട്ടകങ്ങളില്‍ സാര്‍വത്രികമായ ടി വി ഉപയോഗിച്ച് പരമാവധി കുട്ടികള്‍ക്ക് വിദ്യഭ്യാസം എത്തിക്കാനുള്ള ശ്രമം. അങ്ങനെയാണ്, ഓണ്‍ലൈനായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്നലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം ഇതാണ്. മിടുക്കരായ അധ്യാപകരെ ഉപയോഗിച്ച്, എല്ലാ പരിമിതികളെയും മറികടക്കാനുള്ള ആ ശ്രമം വിജയമായിരുന്നു എന്നാണ് കുട്ടികളിലും അധ്യാപകരിലും നിന്നുണ്ടാവുന്ന പ്രതികരണങ്ങള്‍. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ഈ ദിവസം സത്യത്തില്‍ കേരളീയ സമൂഹം മനസ്സിലാക്കേണ്ടത് ഇക്കാര്യങ്ങളായിരുന്നു. നിലവിലെ സാഹചര്യങ്ങളിലും പരിമിതികളിലും നിന്ന് എങ്ങനെ ഈ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതായിരുന്നു. എല്ലാ കുട്ടികള്‍ക്കും ഇതെങ്ങനെ ലഭ്യമാക്കാം എന്നതായിരുന്നു. അതിനു പകരമാണ്, വൃത്തികെട്ട രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായത്. അതിനാല്‍, ദയവ് ചെയ്ത് അവരെ പഠിപ്പിക്കാന്‍ നാം അനുവദിക്കേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് വിട്ടുകൊടുക്കാനുള്ള മാനസിക വിശാലത നാം കാണിക്കേണ്ടിയിരിക്കുന്നു. വീടുകളില്‍ അടഞ്ഞുപോയ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ കൊട്ടിയടക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അധ്യാപികമാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുമ്പോള്‍ നാം അടച്ചുകളയുന്നത്, ഒട്ടനേകം കുട്ടികളുടെ ജീവിതം കൂടിയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റപാതകളാണ്.