ടിക് ടോക് നിരോധിക്കാൻ പോവുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സങ്കടം വരാൻ കാരണം ഈ ചേച്ചിയുടെ വീഡിയോസ് ഇനി മുതൽ കാണാൻ കഴിയില്ലലോ എന്നതാണ് " - വിജയ് ബാബു എന്ന ഫേസ്ബുക് യൂസർ തന്റെ വാളിൽ കഴിഞ്ഞയാഴ്ച ഇങ്ങനെ ഒരു  കുറിപ്പോടെയാണ് ചില വീഡിയോകൾ പങ്കുവെച്ചത്. വീഡിയോയിൽ ഒരു യുവതി വളരെ സ്വാഭാവികമായി, നന്നായി ആസ്വദിച്ചുകൊണ്ട് ചില ടിക് ടോക് വീഡിയോകൾ ചെയ്തതത് പങ്കുവെച്ചിരിക്കുന്നു. ചില സിനിമാ പാട്ടുകൾക്കൊപ്പിച്ച് ചുണ്ടനക്കിയും അഭിനയിച്ചുമൊക്കെ നടത്തിയ ആ പ്രകടനങ്ങൾക്ക് മൊത്തത്തിൽ നല്ലൊരു ഗ്രേസ് ഒക്കെ ഉണ്ട്. " ഇത്താത്ത പൊളി.. ഇനിയും വീഡിയോസ് ഇടൂ.. " എന്ന വിജയിന്റെ അഭിപ്രായം തന്നെയാണ് അതൊക്കെ കാണുന്ന ഒട്ടുമിക്ക പേർക്കും തോന്നുക. കാരണം അതിൽ വിവരണാതീതമായ ഒരു ഹാസ്യത്തിന്റെ അംശമുണ്ട്. 

 


 

'ഫേസ്ബുക്കിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട നസീറത്തയുടെ ടിക് ടോക് വീഡിയോ '

എന്നാൽ മറ്റു പലർക്കും അങ്ങനെയല്ല ആ വീഡിയോസ് അനുഭവപ്പെട്ടതെന്നാണ് ആ വീഡിയോയുടെ ചുവട്ടിൽ വന്ന കമന്റുകൾ പലതും സൂചിപ്പിക്കുന്നത്.  വിവാഹിതയാണ് എന്നു സൂചിപ്പിക്കുന്ന യാതൊരു പ്രത്യക്ഷ ചിഹ്നങ്ങളും ആ ഇത്താത്ത പേറുന്നില്ല. എന്നിട്ടും അവർക്കെതിരെ ആ വീഡിയോ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ആദ്യം വന്ന ചോദ്യം, " ഈ പെണ്ണുങ്ങൾക്ക് കെട്ടിയോനും കുടുംബോം ഒന്നുമില്ലേ..? " എന്നായിരുന്നു. അതിനുള്ള മറുപടി അവർ അടുത്തൊരു ടിക് ടോക് വീഡിയോയിലൂടെ തന്നെ  കൊടുക്കുന്നുണ്ട്.." എനിക്ക് കെട്ടിയോനും ഇല്ലേ കുടുംബോം ഒന്നും  ഇല്ലേ എന്ന് ആരോ ചോദിച്ചു.. ഇല്ല.. ഇതൊന്നും ഇല്ല.. ഞാൻ ഭൂമിയിൽ നിന്നും താനേ പൊട്ടി മുളച്ചതാണ്.. എന്തേ നിങ്ങൾക്ക് വേണ്ടത്..? എന്തേ കുടുംബവും കുട്ട്യോളും കെട്ട്യോനും ഒന്നും ഉള്ളവർ ടിക് ടോകിൽ വീഡിയോസ് ചെയ്യാറില്ലേ..? എന്തൊരു തെറിപ്പാട്ടാണ് കമന്റ് ബോക്സിൽ വന്ന്.. എന്തൊക്കെ നല്ല നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്.. അതൊന്നും ചെയ്യാതെ, നിങ്ങൾ എന്നെ റമളാനും ശൗവ്വാലും പഠിപ്പിക്കേണ്ട.. എനിക്ക് നന്നായിട്ടറിയും റമളാൻ എന്താണെന്നും ശവ്വാൽ എന്താണെന്നും.. ഓക്കേ ബൈ...". 'ടിക് ടോക്കിലെ ഫ്രെണ്ട്സ്..' എന്ന അഭിസംബോധനയോടെയുള്ള അവരുടെ വീഡിയോകളുടെ തുടക്കവും, 'ഓക്കേ ബൈ..' എന്ന പറച്ചിലോടെ   പെട്ടെന്നുള്ള അവരുടെ അവസാനിപ്പിക്കലും ഒക്കെ തികഞ്ഞ ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയോടെയാണ്. 

ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ഇത്രയ്ക്കും വിമർശനങ്ങളുടെ ആവശ്യമില്ല, തന്നെ തന്റെ വഴിക്ക് വിട്ടേക്കാനാണ് ഇത്താത്ത അവസാനമായി നാട്ടുകാരോട് അപേക്ഷിക്കുന്നത്.


കമന്റ് ബോക്സിൽ പലരും കുറിച്ചിടുന്ന വളരെ മോശപ്പെട്ട ഭാഷയിലുള്ള കമന്റുകളും താൻ കാണുന്നുണ്ടെന്നും അതുകൊണ്ടൊന്നും താൻ തളർന്നു പോകുമെന്ന് ആരും മോഹിക്കേണ്ടെന്നുമാണ് ഇത്താത്ത പറയുന്നത്. തന്റെ വീഡിയോസ് കാണാൻ ഇഷ്ടമില്ലെങ്കിൽ ആർക്കും എപ്പോഴും ഒഴിവാക്കാനുള്ള സംവിധാനം അവരവരുടെ ഫോണിൽ ഉണ്ട്, അത് ഉപയോഗപ്പെടുത്തണം എന്നാണ് അവർ പറയുന്നത്. അത് നടക്കുന്നില്ലെങ്കിൽ, വേണമെങ്കിൽ എതിർക്കുന്നവർക്ക് അവരവരുടെ ഫോണുകൾ 'തല്ലിപ്പൊട്ടി'ക്കാവുന്നതാണ് എന്നും ഇത്താത്ത ഫ്രീയായി ഒരു ഉപദേശം നൽകുന്നുണ്ട്.  ഇനി എന്ത് തന്നെ പറഞ്ഞാലും തൻ മുന്നോട്ടു തന്നെ പോവുമെന്നാണ് അവർ സധൈര്യം പ്രഖ്യാപിക്കുന്നത്. പ്രളയം വന്നാലും, ചക്ക ആടിയാലും, ഇടി പൊട്ടിയാലും ശരി... മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ലെന്നാണ് ഇത്താത്തയുടെ നയപ്രഖ്യാപനം... തന്റെ കമന്റ് ബോക്സിൽ വന്നു പച്ചത്തെറി പറയുന്നവർക്ക് ഇത്താത്ത വക ഒരു മുന്നറിയിപ്പുണ്ട്.. " എടീ.. പോടീ.. എന്നുള്ള സംബോധനകളൊക്കെ വീട്ടിലുള്ളവരോട് മതി.. എന്നോട് അനാവശ്യം പറഞ്ഞാൽ പല്ലടിച്ച് ഞാൻ കൊഴിക്കും.." ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ഇത്രയ്ക്കും വിമർശനങ്ങളുടെ ആവശ്യമില്ല, തന്നെ തന്റെ വഴിക്ക് വിട്ടേക്കാനാണ് ഇത്താത്ത അവസാനമായി നാട്ടുകാരോട് അപേക്ഷിക്കുന്നത്. താൻ മുന്നോട്ടു തന്നെ പോവുമെന്നും അവർ പ്രഖ്യാപിക്കുകയാണ് തന്റെ വീഡിയോയിലൂടെ. 

എഴുപതുകളിൽ ഇന്നാട്ടിൽ കൊള്ളാവുന്ന ആണുങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണോ ഇന്ദിരാ ഗാന്ധി എന്ന സ്ത്രീ രാജ്യം ഭരിച്ചത് എന്ന് ഇത്താത്ത ചോദിക്കുമ്പോൾ നാട്ടുകാർക്ക് ഉത്തരം മുട്ടുന്നു. 


ഒരു വിദ്വേഷകമന്റിൽ ഇത്തയുടെ ക്ഷേമത്തിൽ വളരെ ശ്രദ്ധാലുവായ ഒരാൾ " നിങ്ങൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ..? "എന്നു ചോദിക്കുന്നുണ്ട്. അതിനും ഇത്താത്ത കൃത്യമായ മറുപടി കൊടുക്കുന്നുണ്ട്, " ഇല്ലെങ്കിൽ നിങ്ങൾ ചോദിക്കാൻ വരുന്നുണ്ടോ എന്റടുത്തേക്ക്...? " വീട്ടിൽ ആണുങ്ങളില്ലെങ്കിൽ എന്തോ കുറവുണ്ട് എന്ന ചിന്താഗതി വളരെ തെറ്റാണ് എന്ന് ഇത്താത്ത പറഞ്ഞു.വീട്ടിൽ ആണുങ്ങൾ വേണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നാണ് അവരുടെ അഭിപ്രായം. നല്ല ധൈര്യവും തന്റേടവുമുള്ള സ്ത്രീകൾ തന്നെ ധാരാളമാണ് കുടുംബത്തിലെന്ന് അവർ പറഞ്ഞു. എഴുപതുകളിൽ ഇന്നാട്ടിൽ കൊള്ളാവുന്ന ആണുങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണോ ഇന്ദിരാ ഗാന്ധി എന്ന സ്ത്രീ രാജ്യം ഭരിച്ചത് എന്ന് ഇത്താത്ത ചോദിക്കുമ്പോൾ നാട്ടുകാർക്ക് ഉത്തരം മുട്ടുന്നു. 

ടിക് ടോക്കിൽ ഇത്താത്ത ഒരു താരമായിരുന്നെങ്കിലും, ഈ വീഡിയോസ് ഇപ്പോൾ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഫേസ്ബുക്കിൽ ഒരു യൂസർ അത് പങ്കുവെച്ചപ്പോഴാണ് എങ്കിലും, ഇടക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും നിയന്ത്രണങ്ങൾ നേരിട്ട ടിക് ടോക് എന്ന വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമിലാണ് ഇത്താത്തയടക്കമുള്ള പലരും ഇത്തരത്തിൽ നടത്തുന്ന ആത്മാവിഷ്കാരങ്ങളിലൂടെ യാതൊരു ചെലവുമില്ലാതെ, മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതെ, നാട്ടിലെ നിയമങ്ങളൊന്നും തന്നെ അതിലംഘിക്കാതെ ചാരിതാർത്ഥ്യം കണ്ടെത്താൻ ശ്രമിക്കുന്നത്. അത് പലർക്കും അരോചകമാവുന്നത് സ്വാഭാവികം. മനുഷ്യരുടെ ആസ്വാദന ശേഷി വ്യത്യസ്തമായിരിക്കും. എന്നാൽ, ആ വീഡിയോസ് അവർ ചെയ്യാൻ പാടില്ല എന്ന മട്ടിൽ ആധികാരികമായ പ്രസ്താവനകൾ ഇറക്കുന്നതും, 'ഇതാ ദുരന്തത്തിന്റെ മറ്റൊരു വേർഷൻ' എന്നൊക്കെ കാപ്ഷ്യനോടെ അതേ വീഡിയോസ് തന്നെ പങ്കുവെക്കുന്നതും ഒക്കെ കുറച്ച് ഓവറാണ്. ഈ ഇത്താത്ത ശരിക്കും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഒക്കെ ഉദാത്തമായ ഒരു മാതൃകയാണ്. ലക്ഷങ്ങൾ പൊടിച്ചാലും എത്തിപ്പിടിക്കുക പ്രയാസമാണീ ദുനിയാവിൽ ഒരിത്തിരി സന്തോഷത്തെ.. ആത്മസംതൃപ്തിയെ. അക്കാര്യം ടിക് ടോക് എന്ന ഒരു മാധ്യമത്തിലെ തന്റെ സരസമായ വിഡിയോസിലൂടെ ആയിരക്കണക്കിനുപേരിൽ ചിരിയുണർത്തിക്കൊണ്ട്, അവരുടെ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു സ്ത്രീ സാധ്യമാക്കുമ്പോൾ, കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്ന സൈബർ മാന്യന്മാരുടെ ഇച്ഛാഭംഗവും ക്രോധവുമൊക്കെ മനസ്സിലാവും. അതിനൊക്കെയുള്ള മരുന്ന്, നമ്മുടെ ഇത്താത്ത പറഞ്ഞത് തന്നെയാണ്. 

എന്തായാലും,  ടിക് ടോക്കിലെ  തന്റെ മിന്നുന്ന പ്രകടനവും, അതിനു ശേഷമുണ്ടായ കിടിലൻ പ്രതികരണങ്ങളും കൊണ്ട് സൈബർ ലോകത്തിന്റെ സ്നേഹം പിടിച്ചുപറ്റിയ ഈ ഇത്താത്തയെ ഒന്ന് വിശദമായി പരിചയപ്പെടാൻ വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഈ വീഡിയോയ്ക്ക് പിന്നാലെ ടിക് ടോകിൽ അവരെ തിരഞ്ഞു ചെന്നു. നസീറ മേലാറ്റൂർ എന്ന പേരിലാണ് ഈ യുവതി തന്റെ ടിക് ടോക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നത്.  മേലാറ്റൂർ ആർ എം എച്ച് എസ്സിൽ പഠിച്ച  സിന്ധു സൂരജിന്റെ വാളിലാണ് നസീറയെക്കുറിച്ചുള്ള ആദ്യവിവരം കണ്ടു കിട്ടുന്നത്. അതിങ്ങനെയായിരുന്നു, " ഇത് എടപ്പറ്റ കാരുടെ സ്വന്തം നസീറ താത്തയാണ്.. മിടുക്കിയായ കലാകാരി.  മേലാറ്റൂർ ആർ എം എച്ച് എസിൽ പഠിച്ച പഴയ ബാച്ചിൽ ഉളളവർ ഒരിക്കലും മറന്നിട്ടുണ്ടാവില്ല ഇവരെ.."  എന്നാണ് സിന്ധു കുറിച്ചിരുന്നത്. 


ഡിസ്കസ് ത്രോയ്ക്ക്  ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ യശസ്സുയർത്തിയിട്ടുള്ള നസീറയെപ്പറ്റി പറഞ്ഞപ്പോൾ മാഷുടെ സ്വരത്തിൽ അഭിമാനം സ്ഫുരിച്ചു.  


ഈ പോസ്റ്റിന്റെ തുമ്പിൽ പിടിച്ച് ഞങ്ങൾ മേലാറ്റൂർ ഹൈസ്‌കൂളിലെ ഹെഡ് മാസ്റ്ററായി സുഗുണൻ മാഷെ തേടിച്ചെന്നു. പേര് പറഞ്ഞപ്പോൾ ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികൾക്കിടയിൽ നിന്നും നസീറയുടെ മുഖം പെട്ടെന്ന് മാഷ്ക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, വീഡിയോയും മറ്റും കാണിച്ചു കൊടുത്ത് ഓർമ്മപ്പെടുത്തിയപ്പോൾ, " ഇത് നമ്മുടെ നസീറയല്ലേ.." എന്ന് കുലുങ്ങിച്ചിരിച്ചു കൊണ്ട് മാഷ് പരിചയം പുതുക്കി. ആ മുഖം കണ്ടതോടെ അവരെപ്പറ്റിയുള്ള ഒരുപാട് ഓർമകളുടെ കെട്ടും മാഷഴിച്ചു.  സ്‌കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവങ്ങളിലും സ്പോർട്സിലും ഒക്കെ ഒരുപോലെ ശോഭിച്ചിരുന്നു ഇത്താത്ത. ഡിസ്കസ് ത്രോയ്ക്ക്  ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ യശസ്സുയർത്തിയിട്ടുള്ള നസീറയെപ്പറ്റി പറഞ്ഞപ്പോൾ മാഷുടെ സ്വരത്തിൽ അഭിമാനം സ്ഫുരിച്ചു.  

ഒടുവിൽ നസീറത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കാൻ തയ്യാറായി. താൻ പൂർണമായും ആസ്വദിച്ചു കൊണ്ട് ചെയ്ത ചില ടിക് ടോക് വീഡിയോകൾ ഷെയർ ചെയ്തതിന്റെ പേരിൽ തന്നെ ആളുകൾ അധിക്ഷേപിച്ചുകൊണ്ട് കമന്റുകളിട്ടതിൽ തോന്നിയ ക്ഷോഭമാണ് ആ കുപിതമായ പ്രതികരണങ്ങൾക്ക് കാരണമായത് എന്ന് അവർ പറഞ്ഞു. എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ആ വിഡിയോകൾ പോസ്റ്റ് ചെയ്തത്. അതിൽ ആർക്കും അനിഷ്ടം തോന്നേണ്ട കാര്യമില്ല. വീഡിയോകൾ ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഫോണുകളിലുണ്ട്. അത് ഉപയോഗിക്കാതെ തന്നെ തെറിവിളിക്കുന്നത് അന്യായമല്ലേ എന്നും അവർ ചോദിച്ചു.  വളരെ കഷ്ടപ്പെട്ട് തൊഴിൽ ചെയ്ത് സ്വന്തം കുടുംബം പുലർത്തുന്ന ഒരു സാധാരണക്കാരിയാണ് താനെന്നും, തന്റെ ഒഴിവു വേളകളിൽ താൻ ചെയ്ത് പോസ്റ്റ് ചെയ്ത ടിക് ടോക് വീഡിയോകൾ ഉയർത്തിവിട്ട വിവാദ കമന്റുകൾക്ക് പിന്നാലെ പോവാൻ തനിക്ക് നേരമില്ലെന്നും അവർ പറഞ്ഞുതു. പണ്ടത്തെപ്പോലെ  ജോലിക്കിടെ സമയം കിട്ടാത്തതിനാൽ  ഇപ്പോൾ വീഡിയോകൾ ചെയ്യുന്നത് നിർത്തി എന്നും നസീറത്ത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

എന്നാൽ നസീറത്തയുടെ വീഡിയോകളെ എല്ലാവരും    അസഹിഷ്ണുതയോടെയല്ല കണ്ടിരിക്കുന്നത്. അതിലെ സ്വാഭാവിക നർമ്മത്തെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടും നിരവധി പേർ പോസ്റ്റുകളിട്ടു. ഫസൽ ഷാജഹാൻ എന്നൊരാൾ  നസീറയെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ വാളിൽ ഇങ്ങനെ കുറിച്ചു,   " പക്വത എന്നത് സ്വയം പിടിച്ചു വെക്കലിന്റെ ഭാഗമാണ്. അവിടെയുള്ളത് നമ്മളല്ല. സമൂഹവും സന്ദർഭവുമാണ് രാജാക്കൻമാർ. അവർക്കു വേണ്ടിയുള്ള നമ്മുടെ അഭിനയത്തികവിനെയാണ് നാം പക്വത എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്.. അതിനാൽ പെണ്ണേ, നീ നിന്റെ ജീവിതം ആഘോഷിക്കുക, നിനക്കതു സന്തോഷം തരുന്നുണ്ടെങ്കിൽ.. അതിലൂടെ നീ ഒരു പോയിന്റ് എങ്കിലും വളരുകയേ ഉള്ളൂ. നിനക്ക് അര വട്ടാണെങ്കിൽ എനിക്കു മുഴുവട്ടാണ്. നിന്നെ ഞാൻ കളിയാക്കില്ല, പരിഹസിക്കില്ല... ഉറപ്പ്... "  

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.