Asianet News MalayalamAsianet News Malayalam

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തലേദിവസത്തെ ആ രാത്രി...

ഇന്ദിര അതിനോട് യോജിച്ചു. അവർക്ക് ഒരൊറ്റ നിർബന്ധമേയുണ്ടായിരുന്നുള്ളൂ. പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രിസഭയിൽ ചർച്ചചെയ്യാനൊന്നും പറ്റില്ല. അതിനും റായ് ഒരു വഴി പറഞ്ഞുകൊടുത്തു. ഇക്കാര്യം രാഷ്ട്രപതിയോട് അവതരിപ്പിക്കുമ്പോൾ, 'മന്ത്രിസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാനൊന്നും സാവകാശമുണ്ടായിരുന്നില്ല' എന്നൊരു ന്യായം പറഞ്ഞാൽ മതിയാകും. 

emergency under indira gandhi
Author
Thiruvananthapuram, First Published Jun 25, 2019, 4:24 PM IST

25  ജൂൺ 1975 പുലർച്ചെ തന്നെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും കോൺഗ്രസിലെ സീനിയർ നേതാവുമായ സിദ്ധാർത്ഥ ശങ്കർ റായുടെ മുറിയിലെ ടെലിഫോൺ മുഴങ്ങി. അദ്ദേഹം തലേന്നുരാത്രി ദില്ലിയിലെ ബംഗഭവനിലുള്ള തന്റെ മുറിയിലായിരുന്നു ഉറങ്ങാൻ കിടന്നത്. മറ്റേയറ്റത്ത് ഇന്ദിരാഗാന്ധിയുടെ വലം കയ്യായിരുന്ന ആർ കെ ധവാൻ ആയിരുന്നു. എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തണം എന്നായിരുന്നു ഫോണിലൂടെ കിട്ടിയ നിർദ്ദേശം.  നമ്പർ 1, സഫ്ദര്‍ ജങ്ങ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക്  ഓടിയെത്തിയ റായ് കണ്ടത് തന്റെ ഓഫീസ് മുറിയ്ക്കുള്ളിലെ വലിയ മേശയിൽ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ ഫയലുകൾക്കുള്ളിൽ തല പൂഴ്ത്തിയിരിക്കുന്ന ഇന്ദിരയെയാണ്. 

അടുത്ത രണ്ടു മണിക്കൂർ നേരം അവർ തമ്മിൽ രാജ്യത്തിന്റെ ക്രമസമാധാന നിലയെപ്പറ്റി  കൂലങ്കഷമായി ചർച്ചകൾ നടന്നു. നാടിൻറെ രാഷ്ട്രീയാവസ്ഥ ആകെ കലുഷിതമാണ് എന്നായിരുന്നു ഇന്ദിരയുടെ അഭിപ്രായം. ഒന്നിനും ഒരു വ്യവസ്ഥയും ഇല്ലാതെയായിരിക്കുന്നു. ഗുജറാത്തിലെയും ബിഹാറിലെയും നിയമസഭകൾ താറുമാറായിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ പ്രതിപക്ഷത്തെ നിലയ്ക്ക് നിർത്തുക ഏറെ പ്രയാസമാകും.  എന്തെങ്കിലും കടുത്ത നടപടികളിലേക്ക് പോയേ പറ്റൂ. 

ഷോക്ക് ട്രീറ്റ്‌മെന്‍റ് 
അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സണിന്റെ ശത്രുപ്പട്ടികയിൽ താൻ ഒന്നാമതാണ് എന്ന് ഇന്ദിരയ്ക്ക് നന്നായിട്ടറിയാമായിരുന്നു. സിഐഎ പ്രതിപക്ഷവുമായിച്ചേർന്നുകൊണ്ട്  തന്റെ സർക്കാരിനെ മറിച്ചിടാൻ വരെ സാധ്യതയുണ്ട് എന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.

പിന്നീടൊരിക്കൽ മാധ്യമങ്ങൾക്കു നൽകിയ ഒരു അഭിമുഖത്തിൽ ഇന്ദിര തന്നെ സമ്മതിച്ച ഒരു കാര്യമുണ്ട്. അന്നത്തെ ഇന്ത്യക്ക് ഒരു 'ഷോക്ക് ട്രീറ്റ്മെന്റി'ന്റെ കുറവുണ്ടായിരുന്നു എന്ന്.  ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധാഭിപ്രായം ചോദിക്കാനാണ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായി അന്ന് കണക്കാക്കപ്പെട്ടിരുന്ന സിദ്ധാർത്ഥ ശങ്കർ റായിയെ അന്ന് ഇന്ദിര വിളിച്ചുവരുത്തിയത്. 

രസകരമായ ഒരു വസ്തുത, അന്നത്തെ നിയമമന്ത്രിയായിരുന്ന എച്ച് ആർ ഗോഖലെയെ ഇക്കാര്യത്തിൽ ഇന്ദിര ഒട്ടും വിശ്വാസത്തിൽ എടുത്തിരുന്നില്ല എന്നതാണ്. അന്ന് സിദ്ധാർത്ഥ ശങ്കർ റായ് ഇന്ദിരയോട് പറഞ്ഞത്, " എനിക്ക് തിരിച്ചു പോയി, നാട്ടിലെ സാഹചര്യങ്ങൾ ഒരിക്കൽ കൂടി വിലയിരുത്തി വരാനുള്ള സാവകാശം തരൂ.." എന്നായിരുന്നു. "എത്രയും പെട്ടന്നാവട്ടെ..." എന്ന് ഇന്ദിര തിരക്കുകൂട്ടി. 

തിരിച്ചുചെന്ന റായ് ഇന്ത്യൻ, അമേരിക്കൻ നിലപാടുകളെയും, രാജ്യത്ത് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളെയും പറ്റി വിശദമായ അന്വേഷണങ്ങൾ നടത്തി. കൃത്യമായ ഒരു ധാരണയുണ്ടാക്കിയ ശേഷം ഉച്ച തിരിഞ്ഞ് മൂന്നരമണിയോടെ തിരിച്ച് ഇന്ദിരയുടെ അടുത്തെത്തി. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലഹങ്ങളെ നിയന്ത്രണാധീനമാക്കാൻ വേണമെങ്കിൽ, ആർട്ടിക്കിൾ 352 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം എന്ന ഉപദേശമാണ് റായ് ഇന്ദിരയ്ക്ക് നൽകിയത്. 

emergency under indira gandhi

ഇന്ദിര അതിനോട് യോജിച്ചു. അവർക്ക് ഒരൊറ്റ നിർബന്ധമേയുണ്ടായിരുന്നുള്ളൂ. പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രിസഭയിൽ ചർച്ചചെയ്യാനൊന്നും പറ്റില്ല. അതിനും റായ് ഒരു വഴി പറഞ്ഞുകൊടുത്തു. ഇക്കാര്യം രാഷ്ട്രപതിയോട് അവതരിപ്പിക്കുമ്പോൾ, 'മന്ത്രിസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാനൊന്നും സാവകാശമുണ്ടായിരുന്നില്ല' എന്നൊരു ന്യായം പറഞ്ഞാൽ മതിയാകും. 

"എന്നാൽ ഒരു കാര്യം ചെയ്യൂ.. ഇപ്പോൾ തന്നെ, രാഷ്ട്രപതിയോട് ഇക്കാര്യം ചെന്ന് പറയൂ..." ഇന്ദിര റായ്‌യോട് പറഞ്ഞു.  

"അതിന് ഞാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാണ്, ഇന്ത്യൻ പ്രധാനമന്ത്രിയല്ല...!"  റായ് പറഞ്ഞു. 

പക്ഷേ, ഇക്കാര്യം രാഷ്ട്രപതിയോട് അവതരിപ്പിക്കാൻ താൻ കൂട്ടുവരാം എന്ന് റായ് ഉറപ്പുനൽകി.  രണ്ടുപേരും കൂടി വൈകുന്നേരം അഞ്ചരയോടെ രാഷ്ട്രപതി ഭവനിലെത്തി. പ്രസിഡണ്ട് ഫക്രുദീൻ അലി അഹമ്മദിനെ കാര്യങ്ങളെല്ലാം ധരിപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് എന്നറിയിക്കുന്ന കടലാസുകൾ കൊടുത്തയക്കാൻ രാഷ്‌ട്രപതി ഇന്ദിരയോട് ആവശ്യപ്പെട്ടു.
 
അവരിരുവരും വീണ്ടും തിരിച്ച് പ്രധാനമന്ത്രിയുടെ മന്ദിരത്തിലെത്തി. അപ്പോഴേക്കും ഇരുൾ പരന്നുതുടങ്ങിയിരുന്നു. റായ് ഇന്ദിരയുടെ സെക്രട്ടറി പി എൻ ധറിന് കാര്യങ്ങൾ വിശദീകരിച്ചു നൽകി. ധർ ഓഫീസിലെ ടൈപ്പിസ്റ്റിനെ വിളിച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഡിക്ടേറ്റ് ചെയ്തുനൽകി. വേണ്ട രേഖകൾ എല്ലാം കൊണ്ട് ആർ കെ ധവാൻ രാഷ്ട്രപതി മന്ദിരത്തിലേക്ക് തിരിച്ചുചെന്നു. 
   
രാത്രി ഏറെ വൈകിയിട്ടും സിദ്ധാർത്ഥ ശങ്കർ റായ് തിരികെ പോയില്ല. ഇന്ദിരയുമായിരുന്ന്  അദ്ദേഹം അടിയന്തരാവസ്ഥാ പ്രഖ്യാപന പ്രസംഗത്തിന്റെ മിനുക്കു പണികളിൽ ആയിരുന്നു. അടുത്ത ദിവസം രാവിലെ കാബിനറ്റ്  കൂടിയതിനു ശേഷം റേഡിയോയിലൂടെ ഇന്ദിരാഗാന്ധി തത്സമയം ആ വിവരം രാഷ്ട്രത്തെ അറിയിക്കും എന്നായിരുന്നു തീരുമാനം. 

ഇടയ്ക്കിടെ സഞ്ജയ് ഗാന്ധി അമ്മയുടെ മുറിയിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ഒരു പ്രാവശ്യം അദ്ദേഹം ഇന്ദിരയെ പുറത്തേക്ക് വിളിച്ച് പത്തു പതിനഞ്ചു മിനിറ്റോളം രഹസ്യമായി സംസാരിച്ചു. ആർകെ ധവാന്റെ മുറിയിൽ അന്ന് രാത്രി ഉറക്കമിളച്ചുകൊണ്ട് സഞ്ജയ് ഗാന്ധിയും ഓം മെഹ്‌തയും അടക്കമുള്ള സംഘം മറ്റൊരു ലിസ്റ്റും തയ്യാറാക്കുകയായിരുന്നു. അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഉടനടി അറസ്റ്റു ചെയ്തു ജയിലിലിടേണ്ട തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ പേരടങ്ങുന്ന ഒരു ലിസ്റ്റ്.  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ എങ്ങനെ പത്രങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് അവയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താം എന്നും മറ്റുമായിരുന്നു അവരുടെ ആലോചന. ഇന്ദിര തന്റെ പ്രസംഗത്തിന് അന്തിമരൂപം നല്കിയപ്പോഴേക്കും പുലർച്ചെ മൂന്നു കഴിഞ്ഞിരുന്നു. 

തന്നെ ഏൽപ്പിച്ചു കഴിഞ്ഞ പണി കഴിഞ്ഞതോടെ സിദ്ധാർത്ഥ ശങ്കർ റായ് തിരിച്ചു പോവാനായി ഇറങ്ങി. ഗേറ്റിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം ഓം മെഹ്ത്തയെ കണ്ടു. പത്രങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും, കോടതികൾ അടപ്പിക്കാനും ഒക്കെയുള്ള സഞ്ജയ് ഗാന്ധിയുടെ പദ്ധതികളെപ്പറ്റി അദ്ദേഹം റായിയെ ധരിപ്പിച്ചു. " ഇതെന്തു തോന്നിവാസമാണ്..! ഇതേപ്പറ്റിയൊന്നും ഞാനും ഇന്ദിരയും തീരുമാനിച്ചിട്ടില്ലല്ലോ..  നിങ്ങൾക്ക് തോന്നിയപടിയൊന്നും പ്രവർത്തിക്കാൻ സാധിക്കില്ല. " അദ്ദേഹം പറഞ്ഞു. 

പോവാനിറങ്ങിയ അദ്ദേഹം തിരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചെന്ന്, ഇന്ദിരയെ ഒരിക്കൽ കൂടി കാണാൻ ശ്രമിച്ചു. ഇന്ദിര കിടന്നു കഴിഞ്ഞു എന്ന് ആർ കെ ധവാൻ മുഷിഞ്ഞു. കണ്ടേ പറ്റൂ എന്നായി റായ്. ഏറെ നേരം പറ്റില്ലെന്ന് പറഞ്ഞെങ്കിലും റായ് പിടിച്ച പിടിക്ക് നിന്നതോടെ, ധവാന് പോയി ഇന്ദിരയെ വിളിച്ചുണർത്തിക്കൊണ്ടു വരേണ്ടി വന്നു. 

മകന്റെ അടുത്ത ദിവസത്തേക്കുള്ള കലാപരിപാടികളുടെ പ്ലാനിങ്ങിനെപ്പറ്റി പറഞ്ഞപ്പോൾ ഇന്ദിരയുടെയും കണ്ണുതള്ളിപ്പോയി.  റായിയോട് കാത്തിരിക്കാൻ പറഞ്ഞിട്ട് അവർ ഓഫീസ് മുറിയുടെ പുറത്തേക്കിറങ്ങിപ്പോയി.   ഇതിനിടയിൽ ധവാന്റെ ഓഫീസിൽ നിന്നും സഞ്ജയ് ഗാന്ധി ബൻസിലാലിനെ വിളിച്ചു. റായിയുടെ എതിർപ്പുകളെപ്പറ്റി അറിയിച്ചു. കോപിഷ്ഠനായിക്കൊണ്ട് ബൻസിലാൽ പറഞ്ഞു, " ആ വയസ്സനെ തൂക്കിയെടുത്ത് പുറത്തുകളയൂ.. അയാൾ നമ്മുടെ പ്ലാനെല്ലാം കുളമാക്കും.. വലിയ നിയമജ്ഞനാണെന്നാണ് വിചാരം. പക്ഷേ, ഒരു വിവരവുമില്ല അയാൾക്ക്..! " 

ഇന്ദിര തിരിച്ചു വരാൻ വേണ്ടി റായ് കാത്തിരിക്കെ, അദ്ദേഹത്തോട് ഓം മെഹ്ത ഒരു സത്യം വെളിപ്പെടുത്തി. സെൻസർഷിപ്പിന് ഇന്ദിരയും അനുകൂലമാണ്.  പത്രങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനും കോടതി അടച്ചിടുന്നതിനും മാത്രമേ അവർ എതിരുള്ളൂ. അത് രണ്ടും സഞ്ജയ് ഗാന്ധിയുടെ ഐഡിയ ആയിരുന്നു. 

തിരികെയെത്തിയ ഇന്ദിരയുടെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു. അവർ റായിയോട് പറഞ്ഞു, "സിദ്ധാർഥ്, ആരും കറണ്ടൊന്നും കട്ട് ചെയ്യാൻ പോവുന്നില്ല. കോടതികളും പ്രവർത്തിക്കും..." എല്ലാം പരിഹരിക്കപ്പെട്ടു എന്ന വിശ്വാസത്തോടെ റായ് തിരികെ ബംഗഭവനിലെ തന്റെ മുറിയിലേക്ക് പോയി. 

രാവിലെ അഞ്ചുമണിക്ക് മന്ത്രിസഭയിലെ സകല മന്ത്രിമാർക്കും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ സന്ദേശം ചെന്നു. ആറുമണിക്ക് കാബിനറ്റിന്റെ അടിയന്തരയോഗം..! നിർബന്ധമായും പങ്കുചേർന്നിരിക്കണം. എട്ടു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മറ്റുള്ള മന്ത്രിമാർ സ്ഥലത്തില്ലായിരുന്നു.  ഈ യോഗത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെപ്പറ്റി ഇന്ദിര മന്ത്രിമാരെ അറിയിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. 

അധികം താമസിയാതെ സഞ്ജയ് ഗാന്ധി തന്റെ ഓപ്പറേഷൻ നടപ്പിലാക്കി തുടങ്ങി. ആദ്യം ജയപ്രകാശ് നാരായൺ, പിന്നെ മൊറാർജി ദേശായി. അങ്ങനെ സഞ്ജയ് തന്റെ രാഷ്ട്രീയ എതിരാളികളെ ഒന്നൊന്നായി അറസ്റ്റുചെയ്ത് ലോക്കപ്പിൽ തള്ളി. മൂന്ന് പേരെ മാത്രം തൊട്ടുപോവരുത് എന്ന് ഇന്ദിര വിലക്കിയിരുന്നു. ഒന്ന്, തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവും തന്റെ ഗോഡ്‌ഫാദറുമായ കാമരാജ്, രണ്ടു ബിഹാറിൽ നിന്നുള്ള സമാജ്‌വാദി നേതാവും ജെപിയുടെ സുഹൃത്തുമായ ഗംഗാശരൺ സിൻഹ, മൂന്നാമൻ പുണെയിലെ മറ്റൊരു സമാജ്‌വാദി പാർട്ടി നേതാവായ എസ് എം ജോഷി.

അന്ന് തന്നെ ദില്ലിയിലെ പല പത്രങ്ങളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ഒന്നൊന്നായി ഉല്ലംഘിക്കപ്പെട്ടു. ഇതിനെതിരെ ഭരിക്കുന്ന പാർട്ടിയിൽ നിന്നും  അന്ന് ഒരാൾ പോലും ഒരക്ഷരം മിണ്ടിയില്ല. 

ഇന്ദിരാഗാന്ധി താനെന്ന അന്നൊരു പത്രസമ്മേളനത്തിൽ പറഞ്ഞ പോലെ, " ഞാൻ അടിയന്തരാവസ്‌ഥ ഏർപ്പെടുത്തിയപ്പോൾ, അതിനെതിരെ ഇവിടെ ഒരു പട്ടി പോലും കുരച്ചില്ല..!''


 

Follow Us:
Download App:
  • android
  • ios