Asianet News MalayalamAsianet News Malayalam

കാടിറങ്ങിയവനെ വീണ്ടും കാടുകയറ്റി. പക്ഷേ...; തണ്ണീര്‍ കൊമ്പന്‍റെ ജീവനെടുത്തതെന്ത്? ഒരു വസ്തുതാന്വേഷണം

കർണാടകത്തിലെ കൃഷിയിടങ്ങളിലെ 'തണ്ണീര്‍' മുട്ടിച്ചപ്പോള്‍ പിടിച്ച് കോളറിട്ട് കാടുകയറ്റപ്പെട്ടവന്‍, 'തണ്ണീരു കൊമ്പന്‍'. അവന്‍ കാടുകയറി ഇറങ്ങിയത് മാനന്തവാടി നഗരത്തില്‍, 'തണ്ണീര്‍ കൊമ്പ'നായി വീണ്ടും മയക്ക് വെടി. പിന്നാലെ, കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ചപ്പോള്‍ മരണം. എന്തായിരുന്നു ആ കാട്ടുകൊമ്പന്‍റെ ജീവനെടുത്തത്.... ? ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ അഹമ്മദ് വിഎമ്മിന്‍റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വായിക്കാം. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg
Author
First Published Feb 5, 2024, 11:54 AM IST


വെള്ളിയാഴ്ച വൈകീട്ട് 5.35 വയനാട് വൈൽഡ് ലൈഫിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണുവിന്‍റെ തോക്കിൻ കുഴലിൽ നിന്ന് മരുന്ന് നിറച്ച സിറിഞ്ച് തണ്ണീർ കൊമ്പന് നേരെ കുതിച്ചെത്തി. ആന പിടുത്തത്തിലെ പെർഫെക്ട് ഷോട്ട് തണ്ണീർ കൊമ്പന്‍റെ ഇടത് കാലിന്  പിറകിലായി പതിഞ്ഞു. ഇട്ടാവട്ടത്തിട്ട് വനംവകുപ്പിനെ വട്ടംകറക്കിയ തണ്ണീർ കൊമ്പന്‍റെ ജീവിതത്തിലെ രണ്ടാം മയക്കുവെടി. മറ്റൊരു ലൈഫ് ചേഞ്ചിംഗ് മൊമന്‍റ്. 

ഒരു പന്തുകളി ഗ്യാലറിക്ക് തുല്യം തിങ്ങി നിറഞ്ഞ ആൾക്കൂട്ടം കുന്നുകളിൽ നിന്ന് ആർത്തു വിളിച്ചു. ഫോട്ടോഗ്രാഫർമാരുടെ ക്യാമറകളിൽ നിന്ന് ഇടവേളകളില്ലാതെ ക്ലിക്കുകൾ. വീഡിയോ ക്യാമറകൾ വിഷ്ണുവിനെയും തണ്ണീരിനെയും മാറി മാറി കാണിച്ചു. പിന്‍കാലില്‍ വെടി കൊണ്ട ആന ഓടിയില്ല. പരിഭ്രാന്തനായില്ല. വെടി കൊണ്ടിടത്ത് തന്നെ നിന്നു. വെറ്റിനറി ടീമിന്‍റെ മുഖത്ത് ആശ്വാസം, ഡിഫ്ഒമാരുടെ ശ്വാസം വീണു. ആനയെ മയക്കുന്ന കോക്ടയിൽ തണ്ണീരിന്‍റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.  ആദ്യ മയക്കുവെടിക്ക് ശേഷം അവന്‍ പൂർണമായും മയങ്ങിയിരുന്നില്ല. അതേസമയം, മറ്റൊരിടത്തേക്ക് നീങ്ങാന്‍ തയ്യാറായുമില്ല. 

വെറ്റിനറി ടീം കൃത്യം 50 മിനുറ്റ് കഴിഞ്ഞപ്പോൾ ആദ്യ ബൂസ്റ്റർ നൽകി. പക്ഷേ, ആന പൂർണമായും മയങ്ങുന്നതിന് പകരം വാഴത്തോട്ടത്തിന്‍റെ അരികു ചേർന്ന് നടന്നു. സാധാരണയിൽ മയക്കുവെടിയേറ്റ് 40 മിനുറ്റുവരെ എടുക്കാം, ആന പൂർണമായും മയങ്ങാൻ. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg

ആ ഇടവേളയിൽ ആനയെ അനിമൽ ആംബുലൻസിലേക്ക് കയറ്റാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വൈകാതെ രണ്ട് ജെസിബി വാഴത്തോട്ടത്തിന് അരികിലേക്ക് എത്തി. അനിമൽ ആംബുലൻസിന് റാമ്പ് ഒരുക്കണം. അവിടയുള്ള തിണ്ട് നിരപ്പാക്കണം രണ്ടായിരുന്നു ലക്ഷ്യം. അതോടൊപ്പം തന്നെ കുംകികളും കളത്തിലിറങ്ങി. വിക്രം , സൂര്യ, കോന്നി സുരേന്ദ്രൻ എന്നിവരായിരുന്നു ദൌത്യാംഗങ്ങൾ. അനിമൽ ആംബുലൻസുമായി എലഫ്ന്‍റ് സ്ക്വാഡിലെ ഡെൽജിത്ത് എത്തി.  വൈകാതെ വടമെത്തിച്ചു.  മയക്കുവെടിവച്ചാൽ ആനയുടെ കാലിൽ വടം കെട്ടും. മുന്നിൽ നിന്ന് ആളുകൾ വലിക്കും. മയക്കത്തിലുള്ള ആന വീഴാതിരിക്കാൻ ഇരുവശത്തും രണ്ട് കുംകികളെ നിർത്തും. പിറകില്‍ നിന്ന് തള്ളാന്‍ മറ്റൊരു കുംകിയുണ്ടാകും. 

അങ്ങനെ എല്ലാം, സജ്ജമായി. ജെസിബി ഉപയോഗിച്ച് തിണ്ട് നിരപ്പാക്കി തുടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം കേട്ടതോടെ, ആന മയക്കം വിട്ടു. മുന്നോട്ടു നടന്നു. പിന്നാലെ, ജെസിബി കൊണ്ടുള്ള പണി നിർത്തി. അതിനിടയിൽ അപ്രതീക്ഷിതമായി തണ്ണീർക്കൊമ്പൻ പൊന്തക്കാട്ടിൽ ഒളിച്ചു. നിന്ന നിൽപ്പിൽ ആശങ്ക പടര്‍ന്നു. അവിടെ ചതുപ്പുണ്ട്. ആന പാതിമയക്കത്തിലാണ്. വടംകെട്ടാൻ ദൌത്യസേനാംഗങ്ങൾക്ക് ആനയ്ക്കടുത്തേത്ത് ഇറങ്ങാനാകില്ല. തണ്ണീര്‍ കൊമ്പന്‍റെ അടുത്ത് പോലും എത്താനാകാത്ത അവസ്ഥ. മയക്കുവെടി കൊണ്ട ആന വീണാൽ അവന്‍റെ ജീവൻ തന്നെ അപകടത്തിലാകും. ഇതിനിടെ സൂര്യനും അസ്തമിച്ചു. അതേസമയം ചന്ദ്രന്‍റെ നിലാശോഭ പോലുമില്ല. സര്‍വത്ര ഇരുട്ട്.  പതുക്കെ മാനന്തവാടി മുഴുവനും ഇരുട്ടിലായി. ദൌത്യത്തിന്‍റെ വേഗത്തിന് ഇരുട്ട് തിരിച്ചടിയാണ്. അതിനിടയിൽ ആന പൊന്തക്കാട്ടിലേക്ക് മാറിയത്  പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഒരല്പനേരത്തെ ശാന്ത... ആലോചന... തിരക്കിട്ട ചർച്ചകൾ... പോംവഴി തേടൽ... കേരളത്തിലെ പേരുകേട്ട ആനപിടുത്ത സംഘത്തിന് മുമ്പിൽ ആ കൂരിരുട്ടിലും ചില പോംവഴികൾ തെളിഞ്ഞു. 

ഒന്ന്, ആന കൂടുതൽ ദൂരത്തേക്ക് പോവാതെ തടയുക. 
രണ്ട് ആനയെ വീണ്ടും മയക്കുക. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg

അങ്ങനെ മൂന്നാമത്തെ ഡോസ് കൂടി നൽകി. 
അനങ്ങാതെ ആന നിന്നു. 

പിന്നാലെ തണ്ണീര്‍ കൊമ്പന്‍ ചതുപ്പിൽ കിടന്നു. ഇത് വീണ്ടും വെല്ലുവിളി ഉയര്‍ത്തി. വീണ്ടും ആനയെ ഉണർച്ചയിലേക്ക് കൊണ്ടുവരണം. അതിനായി ആന്‍റി ഡോട്ട് നൽകിയിട്ടുണ്ടാകണം. ആനയെ പതുക്കെ ഏഴുന്നേൽപ്പിച്ചു. അപ്പോഴും ആന ശൌര്യം കാണിക്കുമോയെന്ന് ആശങ്ക ദൌത്യ സംഘത്തിനുണ്ട്. വടംകെട്ടാൻ പോകുന്ന ജീവനക്കാർക്ക് അപായമുണ്ടാകരുത്. അത്തരമൊരു സാധ്യത തടയാനായി കുംകികളെ ആദ്യമിറക്കി. 

വനംവകുപ്പിന്‍റെ ദൌത്യ സംഘത്തിലെ തുറുപ്പ്  ചീട്ടുകൾ ഓൺ ഫീൽഡ്. കുംകികൾ തണ്ണീർ കൊമ്പനെ വട്ടമിട്ടു. ആ സുരക്ഷാവലയത്തിൽ കയറി RRT തണ്ണീര്‍ കൊമ്പന് വടംകെട്ടി. ഒമ്പതരയോടെ വടംകെട്ടി വലിച്ച് പൊന്തക്കാടുകളിൽ നിന്ന് അവനെ പുറത്തിറക്കി. അതിനിടയിൽ ആനയ്ക്ക് കയറാൻ പാകത്തിന് അനിമൽ ആംബുലൻസ് ക്രമീകരിച്ചിരുന്നു. അനിമൽ ആംബുലൻസിലേക്ക് റാമ്പൊരുക്കി നിര്‍ത്തി. ജെസിബിയുടേയും അവിടെ ക്രമീകരിച്ച ഒറ്റ ലെറ്റിന്‍റെയും തെളിച്ചത്തിൽ ചുറ്റിലുമുണ്ടായിരുന്ന മൂന്ന് കുന്നുകളിൽ തിങ്ങി നിറഞ്ഞ ജനം ഇതെല്ലാം കണ്ട് നിന്നു. വടംകെട്ടി ഒരുക്കി നിർത്തിയ തണ്ണീരിനെ ഉദ്യോഗസ്ഥർ ലോറിക്ക് അരികിലേക്ക് വലിച്ചു. ഇരുവശത്തും കുംകികൾ അതീവ ജാഗ്രതയോടെ നീങ്ങി. വലിക്കുന്നതിന് അനുസരിച്ച് നീങ്ങാതെ വരുമ്പോൾ കുംകികൾ തണ്ണീരിന് നേരെ ബലം പ്രയോഗിക്കുന്നു. 

സമയം രാത്രി 9.55 തണ്ണീർ അനിമൽ ആംബുലൻസിന് തൊട്ട് മുന്നിൽ. വിലസിയ നാട്ടിൽ നിന്നും ബന്ധനസ്ഥനായി കൂട്ടിലേക്ക് കയാനൊരുങ്ങുമ്പോൾ അവസാനമായി അവന്‍ സകല ശൌര്യവുമെടുത്ത് കുംകി വിക്രമിന് നേരെ തിരിഞ്ഞു. അതു കണ്ട കോന്നി സുരേന്ദ്രൻ പിറകിൽ നിന്ന് ആഞ്ഞു തള്ളി. ഉണര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ഇടിയിലെ ഏതെ നേരത്ത രേഖയിലൂടെ അവന്‍ ആ തള്ളലില്‍ ലോറിയില്‍ കയറി. ആ 20 കാരന്‍റെ സകല ശൌര്യവും ലോറിയിൽ കെട്ടിയുണ്ടാക്കിയ ക്രാളില്‍ ബന്ധിക്കപ്പെട്ടു. അധികം വൈകാതെ അനിമൽ ആംബുലൻസുമായുള്ള കോൺവോയ് ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് പതുക്കെ നീങ്ങി.  പന്ത്രണ്ടേ കാലോടെ കേരള - കർണാടക അതിർത്തിയായ മുലഹള്ള ചെക്പോസ്റ്റ് കടന്ന് കടുവാ സങ്കേതത്തിലൂടെ തണ്ണീര്‍ കൊമ്പനെയും കൊണ്ടുള്ള വാഹന വ്യൂഹം പതുക്കെ രാമപുരയിലേക്ക് നീങ്ങി. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg

തണ്ണീരിന്‍റെ തുടിപ്പറ്റത് എങ്ങനെ?

വെള്ളിയാഴ്ച ആനപ്പേടിയിലേക്ക് ഉണർന്ന മാനന്തവാടിക്ക് ശനിയാഴ്ച ആശ്വാസപ്പുലരിയെന്ന് ചിന്തിച്ച നേരം. അപ്രതീക്ഷിതമായി ആ വാർത്തയെത്തി. തണ്ണീർ കൊമ്പൻ ചരിഞ്ഞു. പെയ്തിറങ്ങിയ മകരമഞ്ഞിനൊപ്പമൊരു കണ്ണീർ വാർത്തകേട്ട് പലരും ഞെട്ടിത്തരിച്ചു. പിന്നെ ചോദ്യമായി. ആന എങ്ങനെയാണ് ചരിഞ്ഞത്?  എവിടെ വച്ചായിരുന്നു മരണം. എന്താണ് സംഭവിച്ചത്. വര്‍ത്തയുടെ ആദ്യ മണിക്കൂറുകളിൽ അവ്യക്തത മാത്രം. ആനയെ രാമപുര ക്യാമ്പിൽ എത്തിച്ചാലും തുറന്ന് വിടില്ലെന്ന് വെള്ളിയാഴ്ച രാത്രി തന്നെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബെംഗളൂരു പ്രതിനിധി സാവിത്രി റിപ്പോർട്ട് ചെയ്തിരുന്നു. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേശ് കുമാറിനെ ഉദ്ധരിച്ചായിരുന്നു വാർത്ത. 

രാമപുര ക്യാമ്പിൽ വച്ചാണ് ആന ചരിഞ്ഞതെന്നും വ്യക്തം. അടുത്ത ചോദ്യം അനിമൽ ആംബുലൻസിൽ നിന്ന് ഇറക്കിയ ശേഷമായിരുന്നോ എന്നതായിരുന്നു. അതിലും വ്യക്തത. ഒടുവില്‍ കാര്യങ്ങള്‍ മറനീക്കി... പൂലര്‍ച്ചെ ഒന്നരയോടെ രാമപുര ക്യാമ്പിലെത്തിച്ച ആനയെ ഇറക്കാൻ നോക്കുമ്പോൾ തന്നെ അവന്‍ കുഴഞ്ഞു വീണു. പിന്നാലെ വീണ്ടും ഏഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. വെറ്റിനറി ടീം പരിശോധിച്ചപ്പോള്‍ തണ്ണീർ കൊമ്പന്‍റെ തുടിപ്പറ്റതായി കണ്ടു. പിന്നെ... മരണകാരണം തേടലായി.

തുടയിൽ മറിവും പഴുപ്പും പിന്നെ സമ്മർദവും

വിവരമറിഞ്ഞതിന് പിന്നാലെ അതിരാവിലെ വയനാട്ടിലെ വനംവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥന്മാരൊക്കെ രാമപുര ക്യാമ്പില്‍ ഹാജര്‍. വൈൽഡ് ലൈഫ് വെറ്റിനറി ടീമും സംഘത്തിനൊപ്പമുണ്ട്. കർണാടക സർക്കാർ പ്രത്യേക ടീമിനെ അയച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും വെറ്റിനറി ഡോക്ടർമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റുമോർട്ടം. ശനിയാഴ്ച രാവിലെ 12 മണിയോടെ തുടങ്ങിയ പോസ്റ്റുമോർട്ടം നടപടികൾ വൈകീട്ട് മൂന്ന് മണിയോടെ പൂർത്തിയായി. വിശദമായ റിപ്പോർട്ട് ഫെബ്രുവരി പത്തോടെ തയ്യാറാകും. പ്രാഥമികമായി കണ്ടെത്തിയ കാര്യങ്ങൾ വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് മാധ്യമങ്ങളോട് വിശദീകരിച്ചു. 

* ശ്വാസകോശവും ഹൃദയവും ഒരുമിച്ച് നിലച്ചതാണ് മരണ കാരണം. 
* ആൾക്കൂട്ടവും മയക്കുവെടി ദൌത്യം നീണ്ടതുമെല്ലാം ആനയില്‍ അമിത സമ്മർദ്ദമുണ്ടാക്കി.
* തണ്ണീർകൊമ്പന്‍ 17 ദിവസത്തിനിടെ രണ്ടുതവണ മയക്കുവെടിക്ക് ഇരയായതിനാൽ തീര്‍ത്തും അവശനായിരുന്നു.
* ആനയുടെ ഇടത് തുടയിൽ പഴക്കമുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതിൽ നിന്നുള്ള പഴുപ്പ് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു തുടങ്ങിയിരുന്നു. ശരീരത്തിൽ നിന്ന് ഒരു ലീറ്ററോളം ചലം ലഭിച്ചു. 
* ആനയ്ക്ക് ക്ഷയബാധയുണ്ടായിരുന്നതായി കണ്ടെത്തി. 
* മയക്കുവെടി വച്ച് പിടികൂടിയില്ലെങ്കിലും ആനയുടെ ജീവൻ അപകടത്തിലാകും വിധമായിരുന്നു ആന്തരീകാവസ്ഥ. 
* പത്തോളം പെല്ലറ്റുകൾ ശരീരത്തില്‍ നിന്നും കണ്ടെത്തിയപ്പോള്‍ അതിലേറെ പെല്ലെറ്റുകള്‍ കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg

ദൌത്യത്തിനെതിരെ ആരോപണം. 

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് ആനയെ എടവക ഗ്രാമപഞ്ചായത്തിലെ പായോട് കണ്ടത്. പിന്നാലെ മാനന്തവാടി പുഴ നീന്തിക്കടന്ന തണ്ണീർ കൊമ്പൻ, മാനന്തവാടി നഗരത്തിലെത്തി. കോടതി പരിസരത്ത് ചുറ്റിയടിച്ചു. ട്രഷറി വഴി കയറിയിറങ്ങി നാട്ടുകാര്‍ക്ക് കാഴ്ചയൊരുക്കി. ഇടയ്ക്ക് പൊലീസ് സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചു. ഫോറസ്റ്റ് ഐബിക്ക് മുമ്പിലും ആനയെത്തി.  പിന്നാലെ നഗരത്തിൽ 144 പ്രഖ്യാപിച്ചു. അറിയിപ്പ് വാഹനം നഗരത്തിൽ തലങ്ങും വിലങ്ങും പാഞ്ഞു. ഇതിനിടയിൽ ആന നഗര ഹൃദയത്തിന് പിറകിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് നീങ്ങി. ചതുപ്പിന് തുല്യമായ സ്ഥലം. വലിയ വാഴത്തോട്ടമുണ്ട്. ചുറ്റും കുന്നുകളും വീടുകളും. ചെറിയ നീരൊഴുക്കുമുണ്ട്. ഈ പ്രദേശത്ത് നിന്ന് അവന്‍ പിന്നെ മറ്റൊരിടത്തേക്കും നീങ്ങിയില്ല. അഥവാ പോകാൻ സമ്മതിച്ചിട്ടില്ല. രണ്ടുമണിക്ക് മയക്കുവെടിക്ക് ഉത്തരവെത്തി. നാലുമണിയോടെ ഡാർട്ടിംഗ് ടീം തോക്കുമേന്തി വാഴത്തോട്ടത്തിനരികെ സജ്ജമായി. ഈ സമയമൊന്നും മതിയായ വെള്ളം കുടിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ആനപ്രേമികളിൽ പലരും ആരോപിച്ചത്. വിദഗ്ധരും സമാന കാര്യം ആവർത്തിച്ചു. മയക്കുവെടിക്ക് ഇരയായ ആനയ്ക്ക് ആവശ്യമായ വെള്ളം കിട്ടാതെ നിർജലീകരണം നടന്നുവെന്ന കുറ്റപ്പെടുത്തലും പുറകെ എത്തി. ദിനേനെ 60 ലീറ്ററോളം വെളളം കുടിക്കുന്ന ആന ദാഹിച്ചു വലഞ്ഞുവെന്നായി ആരോപണങ്ങൾ.  അതേസമയം, അവസാനം ശാന്തനായി നിന്ന പൊന്തക്കാടിന് സമീപം ചതുപ്പിലെ കുഞ്ഞരുവിയില്‍ നിന്നും അവന്‍ വെള്ളം കുടിച്ചിരുന്നു. അതിന് പുറമെ, അരുവിയോരത്ത് നിന്ന് ചെളിയും മണ്ണുമെടുത്ത് ദേഹം തണുപ്പിച്ചുവെന്നാണ് വെറ്റിനറി ടീം വ്യക്തമാക്കുന്നത്. 

മറ്റൊരു ആരോപണം മയക്കുവെടിയെ കുറിച്ചാണ്. എന്നാൽ. നഗരത്തിലേക്ക് കടന്ന ആനയെ സുരക്ഷിതമായി മാറ്റാൻ മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. കുംകികളെ വച്ചോ, പടക്കം പൊട്ടിച്ചോ തുരത്താൻ അടുത്ത് കാടില്ല. പോരാത്തതിന് മാനന്തവാടി പോലെ ജനസാന്ദ്രതയുള്ള നഗരത്തിലാണ് ആന തമ്പടിച്ചത്. ആനയ്ക്ക് അസുഖമുണ്ടെങ്കിൽ ചികിത്സിക്കണമെങ്കിൽ പോലും മയക്കുവെടി വയ്ക്കേണ്ട സാഹചര്യമായിരുന്നു. 

fact finding of the death of the thaneer komban the wild elephant by Suhail Ahmed bkg

റേഡിയോ കോളർ ഉണ്ടായിട്ടും വരവ് അറിഞ്ഞില്ല?

ജനുവരി 16 -നാണ് കർണാടകത്തിലെ ഹാസൻ ഡിവിഷനിലെ ബേലൂർ റേഞ്ചിൽ വച്ച് തണ്ണീർ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂർ കാടുകളിലേക്ക് തുറന്നുവിട്ടു. ആഫ്രിക്കൻ വൈൽഡ് ലൈഫ് ട്രാക്കിന്‍റെ ഐആർ സാറ്റ് എന്ന കോളറായിരുന്നു ഘടിപ്പിച്ചിരുന്നത്. ഓരോ അഞ്ച് മണിക്കൂർ ഇടവേളകളിലും ആനയുടെ സിഗ്നൽ കിട്ടുംവിധമാണ് അതിന്‍റെ ക്രമീകരണം. കർണാടക വനംവകുപ്പിന് ആനയുടെ അവസാന സിഗ്നൽ ലഭിച്ചത് ജനുവരി 30 -ന്. അന്ന് തണ്ണീർ ഉണ്ടായിരന്നത് കേരള - കർണാടക അതിർത്തിയായ കുട്ടയോട് ചേർന്നുള്ള വനത്തിൽ. പിന്നാലെ ആനയെ തോൽപ്പെട്ടി കാടുകളിൽ കണ്ടു. റേഡിയോ കോളർ ശ്രദ്ധയിൽപ്പെട്ടു. വയനാട്ടില്‍ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയില്ല. ഇതോടെ കേരള വൈൽഡ് ലൈഫ് വിഭാഗം കർണാടക - തമിഴ്നാട് വനംവകുപ്പുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി. അപ്പോഴാണ് കർണാടകയില്‍ നിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് തുറന്നു വിട്ട ആന, തണ്ണീർ കൊമ്പനാണെന്ന് വ്യക്തമായത്. അങ്ങനെ കാടിറങ്ങിയവനെ  കര്‍ണാടക പിടികൂടി കാട്ടിലേക്ക് വിട്ടു. പലവഴി കറങ്ങി അവനൊടുവില്‍ മാനന്തവാടി എന്ന നാട്ടിലേക്ക് തിരിച്ചെത്തി. കൃത്യമായ വിവരം കർണാടകം തന്നില്ലെന്ന് കേരളം ആരോപിക്കുന്നു. അറിയിച്ചിരുന്നുവെന്ന് കര്‍ണാടകവും. രണ്ടായാലും, ആന ജനവാസ മേഖലയിലേക്ക് തിരിഞ്ഞുവെന്ന് തിരിച്ചറിഞ്ഞിട്ടും തുരത്തൽ നടപടി കാര്യമായിയുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെ മറ്റ് രണ്ട് ആനകൾക്കൊപ്പം തണ്ണീർ കൊമ്പൻ മക്കിമല മേഖലയിൽ എത്തിയെന്നും സ്ഥിരീകരണമുണ്ടായി. ഇവിടെ വച്ച് ആനകളെ വനംവകുപ്പ് തുരത്തിയെന്ന് പറയുന്നു. അന്ന് കാടുകയറിയത് രണ്ട് ആനകള്‍ മാത്രം. കാടുകയറാതെ ഓരം പറ്റി നിന്ന മൂന്നാമനായിരുന്നു അവന്‍, തണ്ണീര്‍ കൊമ്പന്‍. 

തണ്ണീർ വെറുമൊരു പേരല്ല, കഥയാണ്.

റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ പേരും കഥയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്രാവൺ കൃഷ്ണയാണ് ആദ്യം പങ്കുവച്ചത്. 'ആന നിരുപദ്രവകാരിയാണ് പ്രശ്നക്കാരനല്ലെന്ന'  ആമുഖത്തോടെയായിരുന്നു ശ്രാവണിന്‍റെ റിപ്പോർട്ടിംഗ്. കർണാടകത്തിലെ ഹാസൻ ഡിവിഷനിലെ ബേലുരൂ മേഖലയാണ് തണ്ണീര്‍ കൊമ്പന്‍റെ ദേശം. 20 വയസ് പ്രായം. പതിവായി കാപ്പിത്തോട്ടത്തിലെത്തും. കൃഷിയിടങ്ങളിലും തമ്പടിക്കും.  2017 മുതല്‍ ജനവാസ മേഖല വിട്ട് സ്ഥിരമായി കാട്ടില്‍ കയറുന്ന സ്വഭാവമില്ല. പ്രദേശത്ത് കൃഷി നനയ്ക്കാൻ ക്രമീകരിച്ച പൈപ്പുകളെല്ലാം നശിപ്പിക്കുകയായിരുന്നു അവന്‍റെ വിനോദമെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങനെ, കൃഷിക്കുള്ള തണ്ണീര്‍ മുടക്കുന്നതിനാല്‍ ബേലൂരുകാരിട്ട ചെല്ലപ്പേരാണ് തണ്ണീരു / തണ്ണീർ. ഈയിടെ കാപ്പിത്തോട്ടത്തിൽ നിന്ന് തീരെ മാറാതായതോടെയാണ് കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നാടുകടത്തിയത്. 

ഇനിയെന്ത് ?

ആനക്കാര്യമായത് കൊണ്ട് തന്നെ പലവിധ പ്രതികരണങ്ങള്‍ വരും. നിരൂപണം വരും. ആരോപണങ്ങള്‍ കാട് കയറും. അതെല്ലാം മാറ്റിനിർത്തി വസ്തുതകൾ കണ്ടെത്തണം. കർണാടകവും കേരളവും വിദഗ്ധ സമിതിയെ വച്ചിട്ടുണ്ട്. ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദാണ് കേരളത്തിന്‍റെ സമിതി തലവൻ. ഫോറസ്റ്റ് ഇൻസ്പെക്ഷൻ ആൻഡ് ഇവാല്യുവേഷൻ കൺസർവേറ്റർ നീതുലക്ഷ്മി എം, പുത്തൂർ സുവോളജിക്കൽ പാർക്കിലെ വെറ്റിനറി ഓഫീസർ ഡോ.ആർ.രാജ്, മലബാർ അവയർനെസ് ആൻഡ് വൈൽഡ് ലൈഫ് റസ്ക്യൂ സെന്‍ററിലെ ഡോ. റോഷ്നാഥ് രമേശ്,  എൽ. നമശ്ശിവായൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സര്‍ക്കാര്‍ നിർദേശം. കാത്തിരിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത തണ്ണീര്‍ കൊമ്പന്‍ സ്റ്റോറികള്‍ കാണാം. 

 

Follow Us:
Download App:
  • android
  • ios