Asianet News MalayalamAsianet News Malayalam

പ്രളയ ഓര്‍മ്മകളില്‍ ആഴക്കടലില്‍ നിന്നൊരു വാട്സാപ്പ് കൂട്ടായ്മ; കേരളത്തിന്‍റെ സൈന്യം!

ഇന്ന് മുതലപ്പൊഴി മുതല്‍ കാസര്‍കോട് വരെയുള്ള കടലിലെ 'തിരിവ്' ഗ്രൂപ്പിലെത്തും. അതിരാവിലെ പൊഴികളില്‍ നിന്നും അഴിമുഖത്ത് നിന്നും ബോട്ടുകള്‍ കടലിനെ കീറി മുറിച്ച് മുന്നേറുന്നത് മുതല്‍ ഗ്രൂപ്പ് സജീവമാണ്. അത് ചിലപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തിരിവും ചായ്‍വും പറയുന്ന ശബ്ദസന്ദേശങ്ങളിലേക്കും നീളും.

Keralathinte sainyam fishermen WhatsApp group bkg
Author
First Published Aug 17, 2023, 2:54 PM IST

നൂറ്റാണ്ടിലെ ആദ്യ പ്രളയം മലയാളി അനുഭവിച്ചത് 2018 -ലായിരുന്നു. പിന്നെ 2019 -ലും. രണ്ട് പ്രളയത്തിലും പ്രളയജലത്തെ വകഞ്ഞ് മാറ്റി കുതിച്ചെത്തിയത് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്‍റെ സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍. രണ്ട് വര്‍ഷം കഴിഞ്ഞ് അവരൊത്ത് ചേര്‍ന്ന് ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി, കേരളത്തിന്‍റെ സൈന്യം. ഇന്ന് ആഴക്കടലിലെയും പൊഴിമുഖത്തെയും അപകടങ്ങള്‍ ആദ്യമറിയുകയും രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തുകയും ചെയ്യുന്നു, കേരളതീരത്തങ്ങോളമിങ്ങോളമുള്ള ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. പ്രളയത്തിന് പിന്നാലെ രൂപപ്പെട്ട് ഇന്ന് നമ്മുടെ തീരത്തിന്‍റെ ഭാഷാഭേദങ്ങളില്‍ അതിരാവിലെ മുതല്‍ കടലിലെ ചായ്‍വും (മത്സ്യലഭ്യത) ചാകരയും അവര്‍ പങ്കുവയ്ക്കുന്നു. പ്രളയ ഓര്‍മ്മകളില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള സൈന്യത്തെ കുറിച്ച് എഴുതിയത് കെ ജി ബാലു. 

സമയം അതിരാവിലെ 3.20.

കേരളത്തിന്‍റെ തീരദേശത്തെ ചില വാട്സാപ്പ് നമ്പറുകളിലേക്ക് ഒരു ശബ്ദ സന്ദേശമെത്തുന്നു. 

'പനിയായിരുന്ന്... പണിക്ക് പോയില്ല്യാ... അതാ ചായി പറയാഞ്ഞത്. നാളെ മുതല് പോകാന്‍ പറ്റുമെന്ന് തോന്ന്... എങ്ങനുണ്ട്? പണിയ്ണ്ടാ...? ' 

ട്രോളിംഗ് നിരോധനം കഴിഞ്ഞ് പണി ഒന്ന് ഉഷാറായി വന്നതാണ്. അതിനിടെ  പിടികൂടിയ പനി ഒരാഴ്ചത്തെ പണി കളഞ്ഞ ഇടറിയ ക്ഷീണത്തിന്‍റെ പശ്ചാത്തലത്തില്‍ കാറ്റടിക്കുന്നതിന്‍റെയോ തിര ഇളകുന്നതിന്‍റെയോ ശബ്ദം കേള്‍ക്കാം. നാളെ പണിക്ക് പോകാമെന്ന പ്രതീക്ഷ, അവസാന വാക്കിലുണ്ട്. പിന്നെ, നീണ്ട നിശബ്ദതയാകും ആ വാട്സാപ്പ് ഗ്രൂപ്പില്‍. ഇതിനിടെ ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ മൂന്നോ നാലോ ലൈക്കുകള്‍, ഒന്നോ രണ്ടോ ചുവന്ന ഹൃദയങ്ങള്‍, ഒരു കൂപ്പുകൈ...  മുകളിലെ ശബ്ദ സന്ദേശത്തിനൊപ്പം ചേര്‍ക്കപ്പെട്ടിട്ടുണ്ടാകും. ചിലപ്പോള്‍ 'പടച്ചോന്‍ കാക്കും. സുഖായിട്ട് ബാ...' എന്നൊരു കൂട്ടിചേര്‍ക്കലുണ്ടാകും. 

4.43 am
'സെന്‍റാന്‍റണീ ബോട്ട്... പടിഞ്ഞാട്ട് വിടുന്ന്ണ്ട്‍ ട്ടാ...'  കാറ്റിലും തിരയിലും ഉലയുന്ന ബോട്ടിന്‍റെ ശബ്ദം ആ ശബ്ദ സന്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

5.14 am
'... ആലപ്പുഴ. തിരിവ് പറയാന്‍ താമസിച്ച് പോയി കേട്ടാ... ക്ഷമിക്കണം. പലക താറ്റിവന്നപ്പം ഏഴര കഴിഞ്ഞ്. പിന്നവിട്ന്ന് വീട്ടിവന്നപ്പോ ഏട്ടര ഒമ്പതായി. ഒമ്പതേ മുപ്പത്തിനാലിന് ഒരു വല അടിച്ചിട്ട് മീന്‍ വന്നില്ല കേട്ടാ. ഏഴ് മാറ് വെള്ളത്തില്.  രണ്ടാമത് വല അടിച്ച്, ഒമ്പത് ഒമ്പതര മാറ് വെള്ളത്തിന്. ഒരു രൂപയുടെ ചാളയുണ്ടായിരുന്നു കേട്ടാ. ഇടത്തരം. മുപ്പത് രൂപ വിലയുണ്ടായിരുന്നു കേട്ടാ. വെല കുറവാണ്. പിന്നെ വള്ളക്കാര് അയിലയും തിരിവും കൊണ്ട് വന്ന്. അയിന് അത്യാവശ്യം വെലയൊക്കെ ഒണ്ടായിരുന്നു കേട്ടാ...' 

ചെറുപ്പത്തിന്‍റെ ശബ്ദമാണ്. തലേന്നത്തെ പണിയുടെ ക്ഷീണമുണ്ടെങ്കിലും പുതിയ ദിവസത്തിന്‍റെ ആവേശമുണ്ട്. രാവിലത്തെ ചായ കുടിക്കാന്‍ റോഡിലേക്ക് ഇറങ്ങിയതാണ്. പുലര്‍ച്ചയുടെ ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം... 

5.21 am
'കൊയിലാണ്ടി...  പതിനൊന്നേ ഇരുപത്തിരണ്ടില് ഇരുപത്തിമൂന്ന് ഭാഗത്തില്... ടോളവും ക്യാമറയും കാട്ടിയത് കണ്ട് അടിച്ചിട്ട്... ഒരു... പത്ത് തോണി മത്തി കിട്ടിയിട്ട്ണ്ട്. രണ്ട് വല്യ വള്ളോം രണ്ട് ചെറിയ തോണിയും. ഒരു മുറി പൊട്ടിപ്പോയിട്ടാ...' 

5.40 am
'വടക്കുന്നാഥന്‍റെ വല പൊന്തീട്ടാ... നാല് കള്ളിക്കും മൂന്ന് പെട്ടിക്ക്ണ്ട്‍ട്ടാ അയിലാ.' ചേറ്റുവയില്‍ നിന്നും പോയ ബോട്ടാണ്.' 

5.56 am
'സുല്‍ത്താന്‍, ബേപ്പൂര്... 11.16 -ല്‍ വലയടിച്ചു. 12 മാറില്‍ മത്തി. നാല് കള്ളി, രണ്ട് വള്ളം. 5 -ന്‍റെ ബില്ല് മാറി'  

ഇതാണ് ഗ്രൂപ്പിലെ ആശയ കൈമാറ്റത്തിന്‍റെ പരമ്പരാഗത രീതി. തീരദേശത്തിന് പുറത്തുള്ളവര്‍ക്ക് ഈ കണക്കുകള്‍ വിചിത്രമായി തോന്നാം. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ ഈ ശബ്ദത്തെ കേള്‍ക്കുന്നത് ഇങ്ങനെയാണ്.. 'ബേപ്പൂരില്‍ നിന്നുള്ള സുല്‍ത്താന്‍ വള്ളം. ബേപ്പൂര്‍ തുറമുഖത്തിന് പടിഞ്ഞാറ്. 13 ആള്‍ താഴ്ചയില്‍ മത്തിക്ക് വല വീശി. രണ്ട് വലിയ വള്ളത്തില്‍ നാല് കള്ളി നിറയെ മത്തി കിട്ടി. അത് അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റു.' അതിനായി 'മാര്‍' എന്നാല്‍ ഒരാള്‍ താഴ്ചയാണെന്നും 11.9 ബേപ്പൂര്‍ തുറമുഖ കോഡാണെന്നും അറിയണം. മത്സ്യബന്ധനത്തിലെ ഈ സാങ്കേതിക അറിവിന്‍റെ ആറ്റിക്കുറുക്കിയ രൂപമാണ് ഗ്രൂപ്പിലൂടെ കൈമാറ്റം ചെയ്യുന്നത്.

ഓരോ തുറമുഖത്തിനും ഒരോ കോഡുണ്ട്. 8.37 മുതലപ്പൊഴി, 10.47 പൊന്നാനി, 10.58 താനൂര്, 11.2 പരപ്പനങ്ങാടി, 11.9 ബേപ്പൂര്, 12.12 കാഞ്ഞങ്ങാട്... തുറമുഖ കോഡുകളിലൂടെയാണ് ഏത് തുറമുഖത്ത് നിന്നും പുറപ്പെട്ട ബോട്ടാണെന്ന് വ്യക്തമാകുന്നത്. ഒപ്പം  കരയില്‍ നിന്നും എത്ര ദൂരെ? എത്ര ആഴത്തില്‍? ഏതായിരുന്നു മത്സ്യം എന്നീ വിവരങ്ങളും ഒപ്പം മത്സ്യത്തിന് ഓരോ കരയിലും എന്ത് വില കിട്ടിയെന്നും പങ്കുവയ്ക്കപ്പെടുന്നു. 

Keralathinte sainyam fishermen WhatsApp group bkg

ഒരു ദിവസത്തിന്‍റെ പുലരിയിലേക്ക് കേരളത്തിന്‍റെ സൈന്യം വാട്സാപ്പ് ഗ്രൂപ്പ് പതുക്കെ ഉണരുകയാണ്. കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരേയുള്ള തീരദേശത്തെ കടല്‍തൊഴിലാളികളുടെ ഒരു കൂട്ടായ്മയാണ് അത്. കടലിലെ തിരിവും ചായും (മത്സ്യലഭ്യത) പറയാനും. ഒപ്പം തങ്ങളുടെ സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാനുമുള്ള ഒരു കൂട്ടായ്മ. പ്രളയമായിരുന്നു ആ തൊഴിലാളികളെ ഇങ്ങനൊരു കൂട്ടായ്മയിലേക്ക് എത്തിച്ചത്. വീണ്ടുമൊരു ആഗസ്റ്റ് മാസം... പഴയ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയിലാണ് പല ഗ്രൂപ്പ് അംഗങ്ങളും. 

അന്ന്,
അഞ്ച് വര്‍ഷങ്ങള്‍ക്കും മുമ്പ്,
2018 ആഗസ്റ്റ് 17 -ന്...

കേരളത്തിന്‍റെ ഏതാണ്ട് 600 കിലോമീറ്റര്‍ തീരത്തെ മത്സ്യത്തൊഴിലാളികള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊച്ചിയുടെ ഉള്‍ഗ്രാമങ്ങളിലൂടെ... 'ആരെങ്കിലും ഒഴിഞ്ഞിട്ടുണ്ടോയ്.....?' 'ആളുണ്ടോ...?', 'പൂയ്യ്...' , 'ഏയ്...' എന്ന് താളത്തില്‍ ആയത്തില്‍ വിളിച്ചുചൊല്ലി  തൊണ്ടപ്പൊട്ടിച്ച് തെങ്ങുകള്‍ക്കിടയിലൂടെ...  മരങ്ങള്‍ക്കിടയിലൂടെ വീടിന്‍റെ പടിക്കല്‍ വരെ റോഡിലൂടെയും പറമ്പുകളിലൂടെയും വള്ളം തുഴഞ്ഞ് പോയി. ആയിരങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. 

ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളമിറങ്ങി. വള്ളങ്ങള്‍ തിരികെ വലിയ ലോറികളില്‍ കയറ്റി തീരങ്ങളിലേക്ക് തിരിച്ചെത്തി. പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് മാറിയവര്‍ അവരവരുടെ വീടുകളിലേക്കും തിരിച്ചെത്തി.  വള്ളം കയറ്റിയ ലോറിയോടൊപ്പം പല മത്സ്യത്തൊഴിലാളികളും തീരദേശത്തെ തങ്ങളുടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും വീട് നിന്നിരുന്ന പറമ്പോടെ കടല്‍ വാരി തന്നിലേക്ക് വലിച്ചടുപ്പിച്ച് കഴിഞ്ഞിരുന്നു. ഇതിനിടെ അവരുടെ കുടുംബാംഗങ്ങള്‍ അടുത്തുള്ള സ്കൂളുകളിലെ താത്കാലിക ക്യാമ്പുകളിലേക്ക് മാറി. 

ഒടുവില്‍ പ്രളയാനന്തരം, മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കവേ, പ്രളയകാല രക്ഷാപ്രവര്‍ത്തകരെ 'കേരളത്തിന്‍റെ സൈന്യം' എന്ന് അഭിസംബോധന ചെയ്തു. നഷ്ടങ്ങളേക്കാളേറെ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം. ആ ഒരൊറ്റ അഭിസംബോധനയില്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ നഷ്ടങ്ങള്‍ മറന്നു. 

പിന്നെയും വെയില്‍ വന്നു, മഴ വന്നു, പടിഞ്ഞാറന്‍ കാറ്റ് വീശി. ആകാശത്തിലൂടെ നിരവധി മഴമേഘങ്ങള്‍ സഹ്യനെ ലാക്കാക്കി കുതിച്ചു പാഞ്ഞു. ചക്രവാളങ്ങളില്‍ സൂര്യന്‍ പലകുറി കീഴ്മേല്‍ മറിഞ്ഞു. 

കടലില്‍ മത്സ്യബന്ധനത്തിനിടെ ആഴക്കടലില്‍ വച്ച്... തോളോട് തോള്‍നിന്ന് വല വലിക്കുന്നതിനിടെ... അല്ലെങ്കില്‍ നിരാശരായി തിരികെ വരുമ്പോള്‍... പടിഞ്ഞാറ് 20-21 -ല്‍ ചാകരയുണ്ട് അങ്ങോട്ട് വിട്ടോയെന്ന ഒരു ശബ്ദം... അതുമല്ലെങ്കില്‍ ഉച്ചയ്ക്ക് കറിക്ക് മീന്‍ ചോദിച്ച് വരുന്ന ബോട്ടില്‍ മിന്നായം പോലെ മിന്നി മറഞ്ഞ ഒരു മുഖം... പ്രളയത്തില്‍ ഒപ്പം നിന്നവരാണെന്ന് തിരിച്ചറിയുമ്പോള്‍ ഓര്‍മ്മകളില്‍ നിറയുന്ന ആ പ്രളയകാലം പിന്നെ വാട്സാപ്പ് സൗഹൃദങ്ങളിലേക്ക് വികസിച്ചു. പിന്നീട് പലര്‍... പല നാട്ടില്‍ നിന്ന് ഒത്തുകൂടിയപ്പോള്‍ അതൊരു വലിയ സൗഹൃദ കൂട്ടായ്മയായി മാറി. കൂട്ടായ്മയ്ക്ക് ഒരു പേരെന്ന ആവശ്യത്തിലേക്ക് ഭൂരിപക്ഷവും നിര്‍ദ്ദേശിച്ചത് 'കേരളത്തിന്‍റെ സൈന്യം'. 

അതെ, ആ പ്രളയ ദിന ഓര്‍മ്മകളിലാണ് അവരൊത്ത് കൂടിയത്. ഇന്ന് മുതലപ്പൊഴി മുതല്‍ കാസര്‍കോട് വരെയുള്ള കടലിലെ 'തിരിവ്' ഗ്രൂപ്പിലെത്തും. അതിരാവിലെ പൊഴികളില്‍ നിന്നും അഴിമുഖത്ത് നിന്നും ബോട്ടുകള്‍ കടലിനെ കീറി മുറിച്ച് മുന്നേറുന്നത് മുതല്‍ ഗ്രൂപ്പ് സജീവമാണ്. അത് ചിലപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തിരിവും ചായ്‍വും പറയുന്ന ശബ്ദസന്ദേശങ്ങളിലേക്കും നീളും. അപ്പോഴേക്കും അതിരാവിലെ പണിക്ക് പോകുന്നവരുടെ ശബ്ദങ്ങളിലേക്ക് ഗ്രൂപ്പ് ഉണര്‍ന്നിരിക്കും. അങ്ങനെ രാത്രിയും പകലുകളും ചായ്‍വുകളിലും തിരുവുകളിലുമാകും ഗ്രൂപ്പിലെ അംഗങ്ങള്‍.  

മഴക്കാലത്ത് ഉള്‍ക്കടലില്‍പ്പെട്ട് പോകുന്ന വള്ളങ്ങള്‍ക്ക് കരയിലേക്കുള്ള വഴി കാട്ടാന്‍ തീരസേന പോലും മടിച്ച് നില്‍ക്കുമ്പോള്‍... കടലിന്‍റെ വിശ്വാസത്തില്‍ ആ ദൗത്യം സ്വയമേറ്റെടുത്ത് കൂടെയുള്ളവര്‍ പോകുമ്പോള്‍ ഒപ്പം വിവരങ്ങള്‍ അന്വേഷിച്ച് കരയിലും ഒരു കൂട്ടം മനുഷ്യരുണ്ടാകും. താനൂരിലെ ബോട്ട് അപകടത്തിലും മുതലപ്പൊഴിയിലേ അപകടങ്ങളിലും കോഴിക്കോട് ബോട്ട് കത്തിയപ്പോഴും ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രശ്നങ്ങളില്‍ ഇടപെട്ടും രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിച്ചും ഒപ്പം നിന്നു. 

Keralathinte sainyam fishermen WhatsApp group bkg

അപൂര്‍വമായ പുതിയൊരു മത്സ്യത്തെ ലഭിച്ചാല്‍... വലയില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കാണുന്ന ആമകള്‍, തിമിംഗലങ്ങള്‍ എന്നിവയെ ലക്ഷങ്ങള്‍ വിലയുള്ള വലമുറിച്ച് രക്ഷപ്പെടുത്തി വിടുമ്പോള്‍ അവ തിരിച്ച് സ്നേഹപ്രകടനം നടത്തുന്നത്....  ചാകര കോളുകള്‍... കടല്‍ ഉള്‍വലിയുന്നത് പോലുള്ള പ്രതിഭാസങ്ങള്‍... ബോട്ട് അപകടങ്ങള്‍... ചൊറി, ജെല്ലിഫിഷ്,  തവള പോലുള്ള ഉപദ്രവകാരികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍... അങ്ങനെ കടലും കടല്‍പ്പണിയുമായി ബന്ധപ്പെട്ട എന്ത് വിവരവും ഗ്രൂപ്പില്‍ സ്വീകാര്യമാണ്. എന്നാല്‍, ഗ്രൂപ്പിന്‍റെ നിയമങ്ങള്‍ തെറ്റിച്ച് ആരെങ്കിലും പക്ഷപാതം പിടിച്ച് രാഷ്ട്രീയമോ, പരസ്യമോ ഗ്രൂപ്പിലേക്ക് വിട്ടാല്‍ അടുത്ത നിമിഷം അവരുടെ ഫോര്‍വേഡുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും താത്കാലികമായി അവരെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്യുമെന്ന് ഗ്രൂപ്പിന്‍റെ അഡ്മിൻ‍മാരില്‍ ഒരാളായ ഫാറൂഖ് പറയുന്നു. 2020 ഏപ്രിലിലാണ് കൂട്ടായ്മ തുടങ്ങുന്നത്. താനൂര്‍ കടപ്പുറത്ത് നിന്നുള്ള ഫാറൂഖ്, ഷാജഹാന്‍, റഷീദ്, ബാദുഷ, പൊന്നാനിയില്‍ നിന്നുള്ള ഷാഹുല്‍ ഹമീദ് എന്നിവരാണ് ഗ്രൂപ്പിന്‍റെ അഡ്മിൻ‍മാര്‍. 

രാത്രി
8.20 pm

'ഹലോ അസ്‍ലാമു അലൈക്കും... താനൂര്...  നോര്‍ത്ത് പത്ത് അമ്പത്തിരണ്ടിലും അമ്പത്തിമൂന്നിലുമായിട്ട് രണ്ട് വല അടിച്ചിരുന്ന്ട്ടാ... ഒരു മൂന്ന് മണി സമയത്ത്. നമ്മക്കൊര് മരണമുണ്ടായിരുന്ന്... അതുകൊണ്ട് താനൂര് ഹാര്‍ബറില് കേറീ.' 

10.23 pm
'ഒമ്പത് ഏഴില്‍ രാവിലെ ക്യാമറ കണ്ട് വലയിടിച്ച്. രണ്ട് വള്ളത്തിലായിട്ട് ഒരു പത്ത്നാലായിരം കിലോ മീന്‍ കാണും. മത്തിയും അയിലയും ഓട്ടാംപാരയും മുള്ളന്‍ പാരയും എല്ലാം കൂടി. കേട്ടാ... രണ്ടായിരത്തി അഞ്ഞൂറ് രൂപ വള്ളത്തി ഷെയറുണ്ടായിരുന്നു. പങ്ക്. നൂറ്റിനാല്പത് രൂപ നൂറ്റിയമ്പത് രൂപയ്ക്കാണ് മത്തി കൊടുത്തത്.  മത്തി മാത്രം കിട്ടിയ വള്ളക്കാരുണ്ട്. നാല് വള്ളം ആറ് വള്ളം വരെ മത്തി കിട്ടിയവരുണ്ട്. ഇത് ഇവിടെ കായംകുളത്തീന്നാണ് കേട്ടാ.'

10.30 pm
'കേരളത്തിന്‍റെ സൈന്യം...  നമ്മളിന്ന് പണിക്ക് പോയി... പത്തേ ഇരുപത്തിയൊമ്പതില്.. പത്തേ മുപ്പത്തിരണ്ടില്... പത്തേ മൂന്നിലൊക്കെയായിറ്റ് ആറ് മാറ്... ഏഴ് മാറിലൊക്കെയായിട്ട് മൂന്ന് വല അടിച്ച്. കട്ടിച്ചൊറിയാണ് അവിടെ അതില് മത്തിക്ക് അടിച്ചത്... ചെറിയ ഇടമത്തി. ഒരു രണ്ടേ കാലുറുപ്യേന്‍റെ മത്തിയുണ്ടായിന്... ചോറി ഹിറ്റാണ്. മീന്... വെള്ളത്തിന് മേലെ കൂടി വരണ മീന്നെയുള്ളൂ. പിന്നെ പടി. വേറെ ഒന്നുമില്ലാത്തപ്പം വല അടിച്ച് ഒപ്പിച്ചാണ്. പിന്നെ പടിഞ്ഞാറ് പോവാഞ്ഞിന് തവള ശല്യം കാരണാണ്. ഇതെന്നെ ഇന്നത്തെ ചായി കേട്ടാ...'

Follow Us:
Download App:
  • android
  • ios