Asianet News MalayalamAsianet News Malayalam

സ്വസ്ഥമായി ഒന്ന് ഉറങ്ങുകയെങ്കിലും വേണം...; സര്‍വ്വം നിശ്ചലമായി മണിപ്പൂര്‍ 

മണിപ്പൂരിലെ ലില്ലോങ്ങ് സ്വദേശിയായ ഹബീബ്, അത്യാവശ്യം നന്നായി മലയാളം പറയും. പന്ത്രണ്ട് വര്‍ഷം കോഴിക്കോട് ഹോട്ടല്‍ ജോലിയിലായിരുന്നു ഹബീബ്. ആ കോഴിക്കോടന്‍ ഭക്ഷണ അനുഭവ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹബീബ് ആറ് മാസം മുമ്പ് ഇംഫാലിന് സമീപത്ത് സ്വന്തമായി ഒരു ഭക്ഷണശാല തുടങ്ങിയത്.

life of normal people in Manipur amid violence rlp
Author
First Published Aug 8, 2023, 7:24 PM IST

ഒരു കലാപം എന്താണ് അവശേഷിപ്പിക്കുക? അതുവരെ സ്വൈര്യജീവിതം നയിച്ചിരുന്നവര്‍ക്കിടയിലേക്ക് വെറുപ്പിന്‍റെയും പകയുടെയും വിത്ത് വിതയ്ക്കുകയല്ലാതെ. അതിനിടയിലും ഇതിന്‍റെയൊന്നും ഭാഗമല്ലാതിരുന്നിട്ടും പെട്ട് പോകുന്ന കുറേ ജീവിതങ്ങളുണ്ട്. പല പ്രാരാബ്ദങ്ങള്‍ക്കിടിയിലും ജീവിതം ഒന്ന് പച്ച പിടിച്ച് വരുന്നതിനിടെ ആരുടെയൊക്കെയോ തീരുമാനങ്ങളില്‍പ്പെട്ട് അനിശ്ചിതത്വത്തിലായവര്‍. അതെ, കുക്കി / മെയ്തെയ് പോരിൽപ്പെട്ട് സ്വൈര്യജീവിതം നഷ്ടമായ അവസ്ഥയിലാണ് മണിപ്പൂരിലെ മറ്റ് വിഭാഗങ്ങൾ. സംസ്ഥാനത്തെ പ്രബലമായ രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ കലാപത്തിനിടയിൽപ്പെട്ട് പോയ ജീവിതങ്ങളെ കുറിച്ച് മണിപ്പൂരില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ട്. 

അവസാനമില്ലാതെ മൂന്നാം മാസവും തുടരുന്ന കലാപം മണിപ്പൂരിന് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. മനുഷ്യ ജീവിതത്തിന്‍റെ സർവമേഖലകളിലേക്കും കലാപം ഒരു അണയാ തീയായി പടരുകയാണ്. സർവമേഖലകളിലും കലാപം നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ഉണര്‍വ് കാട്ടിത്തുടങ്ങിയ  വിനോദസഞ്ചാര മേഖല തകര്‍ന്നു. മൂന്ന് മാസമായി നീളുന്ന കലാപത്തോടെ സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്തെ വ്യവസായങ്ങളെല്ലാം പ്രതിസന്ധിയിലായി. കച്ചവടം കുറഞ്ഞു. ആളുകളില്‍ ഭയമാണ് ഇന്ന് അടിസ്ഥാന വികാരം. 

വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് ഇംഫാലില്‍. കലാപം പടര്‍ന്നതോടെ സംസ്ഥാനത്തേക്ക് സഞ്ചാരികളാരും വരാതായി. ഇന്‍റര്‍നെറ്റ് നിരോധനം വന്നതോടെ ഹോട്ടല്‍ ബുക്കിംഗുകള്‍ അവസാനിച്ചു. നഗരത്തില്‍ ആള് കുറഞ്ഞതോടെ ഭക്ഷണ ശാലകള്‍ പലതും അടച്ചു. ഇത് ചെറുകിട മേഖലയെ സാരമായി ബാധിച്ചു. ഹോട്ടൽ വ്യവസായം ഏതാണ്ട് പൂര്‍ണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ് ഇന്ന്. 

മണിപ്പൂരിലെ ലില്ലോങ്ങ് സ്വദേശിയായ ഹബീബ്, അത്യാവശ്യം നന്നായി മലയാളം പറയും. പന്ത്രണ്ട് വര്‍ഷം കോഴിക്കോട് ഹോട്ടല്‍ ജോലിയിലായിരുന്നു ഹബീബ്. ആ കോഴിക്കോടന്‍ ഭക്ഷണ അനുഭവ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹബീബ് ആറ് മാസം മുമ്പ് ഇംഫാലിന് സമീപത്ത് സ്വന്തമായി ഒരു ഭക്ഷണശാല തുടങ്ങിയത്. ഹോട്ടല്‍ ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇരുവിഭാഗങ്ങളും ആയുധമെടുത്തു. പിന്നാലെ നഗരത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.  ഹോട്ടലിലേക്ക് ഇറക്കിയ മൂലധനം പോലും തിരികെ കിട്ടിയിട്ടില്ല, അതിന് മുമ്പ് തന്നെ അടച്ചിടേണ്ട അവസ്ഥ. 

ഇംഫാലിൽ കഴിഞ്ഞ 25 വര്‍ഷമായി താമസിക്കുന്ന ഒരു മലയാളിയെ റിപ്പോര്‍ട്ടിംഗിനിടെ ഞങ്ങള്‍ കണ്ടു, തിരുവല്ല സ്വദേശിയായ സദാശിവൻ. ഇംഫാലിലെത്തുന്ന സഞ്ചാരികള്‍ക്കായി അദ്ദേഹം ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്നു. ഒപ്പം ഒരു ടൂറിസ്റ്റ് ഹോമും നടത്തുന്നു. എല്ലാ സൌകര്യങ്ങളുമുള്ള ടൂറിസ്റ്റ് ഹോം കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്‍റര്‍നെറ്റില്ല. ബുക്കിംഗില്ല. സഞ്ചാരികളില്ല. കഴിഞ്ഞ ആഴ്ചയിൽ നാല് പേരാണെത്തിയത്. മണിപ്പൂരിന്‍റെ ഭൂമിയും സംസ്കാരവും അറിയാനായി എത്തുന്ന സഞ്ചാരികളുടെ ഒരു ഫോണ്‍ കോളെങ്കിലും കിട്ടിയിട്ട് മാസം മൂന്നായെന്ന് സദാശിവന്‍ പറയുന്നു. ഒപ്പം മാസം മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു അദ്ദേഹം. 

ഇതുകൂടാതെ ഇന്‍റർനെറ്റ് നിരോധനം, യാത്രാ നിയന്ത്രണം, കർഫ്യൂ അങ്ങനെ സ്വതന്ത്രജീവിതത്തിന് കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍ ശ്രമം. കലാപം അപ്പോഴും നിയന്ത്രാണാധീതമായി പടരുന്നു. ജനം വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. കലാപകാരികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുവെന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്തെ സൈന്യത്തിന്‍റെ വരെ ആയുധങ്ങള്‍ കവരാന്‍ മാത്രം ശക്തരായി കലാപകാരികള്‍ വളര്‍ന്നു. ഇന്ന് പൊലീസില്‍ നിന്നും കവര്‍ന്ന ആയുധങ്ങളുമായി പൊലീസിന് മുന്നില്‍ പോലും നില്‍ക്കാന്‍ കലാപകാരികള്‍ക്ക് മടിയില്ല. 

ഭരണം നിശ്ചലമായപ്പോള്‍ കലാപകാരികള്‍ നിയന്ത്രണം ഏറ്റെടുത്ത അവസ്ഥ. ഇനിയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കുമോ എന്നാണ് മറ്റ് ജനവിഭാഗങ്ങളും ചോദിക്കുന്നത്. ഒന്ന് സമാധാനമായി ഉറങ്ങുകയെങ്കിലും വേണമെന്ന് അവരും പറയുന്നു. ചോദ്യങ്ങള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകുമ്പോഴേക്കും കലാപത്തീ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വായിക്കാം: ഐ എ എസുകാരനാകണമെന്ന് ആഗ്രഹിച്ചു; എന്നാല്‍, കലാപം തോമസിനെ അഭയാര്‍ത്ഥിയാക്കി !

Follow Us:
Download App:
  • android
  • ios