ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ സംവിധായകൻ മഹേഷ് നാരായണനും നടൻ ശ്യാം മോഹനും പങ്കെടുത്തു. സിനിമയിലെ മാറ്റങ്ങൾ, എഐ ഉയർത്തുന്ന വെല്ലുവിളികൾ, സാധ്യതകൾ എന്നിവ അവർ ചർച്ച ചെയ്തു.
മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകളും പുതിയ ആഖ്യാനരീതിയും മലയാള സിനിമയെ പുത്തൻ ദൃശ്യാനുഭവമാക്കി മാറ്റിത്തീർക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ മലയാള സിനിമയെ മാറ്റത്തിന്റെ വഴിയിലേക്ക് നയിച്ച പ്രധാനപ്പെട്ട ടെക്നീഷ്യന്മാരിൽ ഒരാളാണ് എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ. ടേക്ക് ഓഫ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് നാരായണൻ സംവിധായകനാവും മുൻപ് എഡിറ്റർ എന്ന നിലയിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ട്രാഫിക്, വിശ്വരൂപം, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങീ നിരവധി ചിത്രങ്ങളിൽ അദ്ദേഹം എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സി യു സൂൺ, അറിയിപ്പ്, മാലിക്, പേട്രിയറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവ് തെളിയിച്ച ചിത്രങ്ങളാണ്.
നടൻ എന്ന നിലയിൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ശ്യാം മോഹൻ. ബാങ്ക് ഉദ്യോഗം രാജിവച്ച് സിനിമയിലെത്തണമെന്ന മോഹവുമായി ഇറങ്ങി തിരിച്ച ശ്യാം മോഹന്റെ സിനിമാജീവിതം മാറ്റിമറിച്ചത് ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുഎന്ന ഒരൊറ്റ ചിത്രമാണ്. ചിത്രത്തിൽ ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ശ്യാം മോഹൻ അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മഹേഷ് നാരായണനൊപ്പം ശ്യാം മോഹനും പങ്കാളിയായ പാനൽ ചർച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച അഗോറയിൽ നടന്നു. കാലങ്ങൾക്കപ്പുറം മലയാള സിനിമ എന്ന തലക്കെട്ടിലെ ചർച്ച മോഡറേറ്റ് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ മാധ്യമപ്രവർത്തകൻ ഷാജഹാൻ കാളിയത്ത് ആയിരുന്നു. മാറുന്ന മലയാള സിനിമയിൽ എന്തൊക്കെയാണ് സംവിധായകനെന്ന നിലയിൽ എന്തൊക്കെയാണ് താൻ നേരിടുന്ന വെല്ലുവിളികൾ എന്നതിനെ കുറിച്ച് മഹേഷ് നാരായണൻ സംസാരിക്കുകയുണ്ടായി. പ്രധാനമായും ആർട്ടിഫിഷ്യൽ ഇറ്റലിജെൻസ് എങ്ങനെയാണ് വെല്ലുവിളി ആകുന്നത് എന്നതിനെ കുറിച്ചാണ് മഹേഷ് നാരായണൻ സംസാരിച്ചത്. എഡിറ്റർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് ഫിലിം റോളുകൾ മാത്രം എഡിറ്റ് ചെയ്തിരുന്ന കാലത്ത് നിന്നും ഡിജിറ്റൽ എഡിറ്റിലേക്ക് സാന്കേതിക വിദ്യ മാറിയപ്പോൾ എല്ലാവരും സംശയത്തോടെയാണ് അതിനെ നോക്കികണ്ടിരുന്നതെന്നും പക്ഷെ ഇന്ന് ഡിജിറ്റൽ എഡിറ്റിങ് പഴയതിനെ മറികടന്നുവെന്നും മഹേഷ് നാരായണൻ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ എഐ എന്നത് വലിയ രീതിയിലുള്ള മാറ്റം സിനിമയിൽ കൊണ്ടുവരാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണെന്നും അദ്ദേഹത്തെ ചൂണ്ടികാണിക്കുന്നു. എന്നാൽ സിനിമ എന്ന മാധ്യമം നിലനിൽക്കുമെന്നും തിയേറ്ററിൽ സിനിമ പ്രദശിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.
ഒരു നടൻ എന്ന നിലയിൽ ഇപ്പോൾ വരുന്ന എഐ വീഡിയോകൽ ശ്രദ്ധയിൽ വരുന്നുണ്ടെന്നാണ് ശ്യാം മോഹൻ പറയുന്നത്. ഇന്നത്തെ തലമുറയിലെ മലയാള നടന്മാർ ഇതിനെ ഒരു വെല്ലുവിളിയായി കാണുന്നില്ലെന്നും മറിച്ച് അതിനെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും ശ്യാം മോഹൻ പറയുന്നു. എന്നാൽ ഭാവിയിൽ എഐ ഇതിനെയും മറിക്കടന്നേക്കാമെന്നും ശ്യാം മോഹൻ പറയുന്നു. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തിന് കാരണക്കാരൻ താൻ തന്നെയാണെന്നും, മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങൾ ചിത്രത്തിലേക്കെത്തിയപ്പോൾ പ്രേക്ഷകർ വലിയ രീതിയിൽ പ്രതീക്ഷിച്ചുവെന്നും പരാജയത്തിന് പ്രേക്ഷകർ ഒരിക്കലും കാരണക്കാർ അല്ലെന്നും മഹേഷ് നാരായണൻ ചർച്ചയിൽ വ്യക്തമാക്കി.













