Asianet News MalayalamAsianet News Malayalam

അന്നേരം സ്വാമിനാഥൻ പറഞ്ഞു, 'പ്രത്യാഘാതമല്ല, പട്ടിണിയാണ് പ്രശ്നം'

“അതായിരിക്കാം, പക്ഷേ, കോടിക്കണക്കിന് നമ്മുടെ നാട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിക്കുകയേ നിർവാഹമുള്ളൂ. അതിലെ പ്രത്യാഘാതം ഇന്നത്ത കാഴ്ചപ്പാടിൽ മാത്രം വിലയിരുത്തിയിട്ട് കാര്യമില്ല.” വളരെ ശാന്തനായി അദ്ദേഹം മറുപടി പറഞ്ഞു.

memoirs about MS Swaminathan by S Biju bkg
Author
First Published Sep 29, 2023, 1:50 PM IST


“ഹരിത വിപ്ലവമല്ലേ ഇത്രയധികം രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപനത്തിനും തത്ഫലമായുണ്ടായുള്ള ദോഷഫലങ്ങൾക്കും ഇടയാക്കിയത് ? “ ചെറുപ്പത്തിന്‍റെ ആവേശത്തിൽ ഞാൻ ചോദിച്ചു. 

“അതായിരിക്കാം, പക്ഷേ, കോടിക്കണക്കിന് നമ്മുടെ നാട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിക്കുകയേ നിർവാഹമുള്ളൂ. അതിലെ പ്രത്യാഘാതം ഇന്നത്ത കാഴ്ചപ്പാടിൽ മാത്രം വിലയിരുത്തിയിട്ട് കാര്യമില്ല.” വളരെ ശാന്തനായി അദ്ദേഹം മറുപടി പറഞ്ഞു.

33 വർഷം മുമ്പുള്ള കാലം. സ്ഥലം മങ്കൊമ്പ്, കുട്ടനാട്. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥൻ ആരാണെന്നൊന്നും ശരിക്കും മനസ്സിലാകാതെയായിരുന്നു എന്‍റെ ചോദ്യം. ഇന്‍റർനെറ്റും മൊബൈലുമൊന്നുമില്ലാത്ത കാലം. കുട്ടനാടൻ പുഞ്ചപ്പാടങ്ങളുടെ നീണ്ട പരപ്പിനിടയിലെ മങ്കൊമ്പിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന സംയോജിത കീട നിയന്ത്രണ പരിപാടി, ദൂരദർശനിലെ നാട്ടിൻപുറം പരിപാടിക്കായി കവർ ചെയ്യാൻ പോയതാണ് ഞാൻ. എം. എസ് സ്വാമിനാഥനെ ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. പരിപാടി കഴി‌ഞ്ഞ ശേഷം ഞാൻ അഭിമുഖത്തിനായി വെറുതേ ഒന്നു മുട്ടിയതാണ്. കുടുംബത്തിലെത്തിയ സന്തോഷം അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ  അന്ന് പ്രകടമായിരുന്നു. പ്രസന്നത അദ്ദേഹത്തിന്‍റെ സ്ഥായി ഭാവമാണ്. ഒരു സങ്കോചവുമില്ലാതെ അഭിമുഖത്തിന് അദ്ദേഹം സമ്മതിച്ചു. കിട്ടിയ ഒരു കസേര എടുത്ത് കൊണ്ട് വന്ന് നീണ്ട് നിവർന്നു കിടക്കുന്ന പുഞ്ചപാടങ്ങളെ പശ്ചാത്തലമാക്കി അദ്ദേഹത്തെ ഇരുത്തി. ക്യാമറ സെറ്റ് ചെയ്യാൻ കുറെ സമയമെടുത്തു. ഒരു അസിഹഷ്ണതയും കാട്ടാതെ അദ്ദേഹം കാത്തിരുന്നു. 4 വർഷം മുമ്പ് ആദ്യ വേൾഡ് ഫുഡ് പ്രൈസ് വാങ്ങിയ മഹാനായ കൃഷി ശാസ്ത്രജ്ഞനും ഒപ്പം നിരവധി ദേശീയ അന്താരാഷ്ട്രാ കാർഷിക സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത ആളുമാണ് ക്ഷമയോടെ മുന്നിലിരിക്കുന്നത്. അത്യുത്പാദന ശേഷിയുള്ള ഗോതമ്പ് മണി വികസിപ്പിച്ചതിലൂടെ നോബെല്‍ സമ്മാനിതനായ നോർമൻ ബോർലോഗിനൊപ്പം എത്ര മാത്രം ദിനരാത്രങ്ങൾ, ഓരോ പരാജയത്തിന് ശേഷവും ആവർത്തന പരീക്ഷണങ്ങൾ നടത്തിയതിലൂടെ ലഭിച്ചതാകാം ആ ക്ഷമാശീലം. 

കുടുംബ സ്വത്തായി കിട്ടിയ 2,000 ഏക്കർ കൃഷിയിടം വിനോഭാവയുടെ ഭൂദാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ദാനം ചെയ്ത പാരമ്പര്യമുണ്ട് ഗാന്ധിജിയുടെയും രമണ മഹര്‍ഷിയുടെയും സ്വാമി വിവേകാനന്ദന്‍റെയും വഴികളെ ആരാധിച്ചിരുന്ന ആ കൃഷിവീലന്. അഭിമുഖം തുടരവേ പരിചയക്കുറവുള്ള എന്നിൽ നിന്നുള്ള ബാലിശമായ ചോദ്യങ്ങൾക്ക് പോലും  അദ്ദേഹം വളരെ ഗൗരവത്തിലുള്ള ഉത്തരങ്ങളാണ് നൽകിയത്. അദ്ദേഹം അന്നൊക്കെ ഊന്നി പറ‌ഞ്ഞത് അരിയും ഗോതമ്പും പോലുള്ള ധാന്യമണികൾ പട്ടിണിയും അത് വഴി മരണവും അകറ്റുന്നതിലുള്ള പങ്കിനെക്കുറിച്ചായിരുന്നു. നോബെല്‍ സമ്മാനം ഏറ്റുവാങ്ങുന്നതിന് മുമ്പ് ലോക ഹരിത വിപ്ലവത്തിന്‍റെ പിതാവായ നോർമൻ ബോർലോഗ് ഇങ്ങനെ എഴുതി. “നിർണ്ണായകമായ മെക്സിക്കൻ കുള്ളൻ ഗോതമ്പിലെ വിശേഷതകൾ തിരിച്ചറി‌ഞ്ഞത് സ്വാമിനാഥനായിരുന്നു.  അല്ലെങ്കിൽ ഏഷ്യയിൽ ഹരിത വിപ്ലവം സംഭവിക്കില്ലായിരുന്നു.” 

ഞാൻ ആ അഭിമുഖം നടത്തുന്നത്, 1990 കാലഘട്ടത്തിലാണ്. അതിനും 20 വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹവും മറ്റ് കൃഷി ശാസ്ത്രഞ്ജരും, സർവ്വോപരി ധിഷണാശാലികളായ രാഷ്ട്രീയ നേതൃത്വവും ഒക്കെ ചേർന്ന് ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കിയിരുന്നു. പക്ഷേ, അപ്പോഴും  ഇന്ത്യയുടെയും ലോകത്തിന്‍റെയും പിന്നാമ്പുറങ്ങളിലും ചേരികളിലുമൊക്കെ ജീവിച്ചിരുന്ന ജനസഹസ്രങ്ങൾക്ക് അത് പ്രാപ്തമാക്കാനാകാത്ത അവസ്ഥയും നിലനിന്നിരുന്നു. കാർഷിക സമ്പദ് വ്യവസ്ഥയിൽ നല്ല അവഗാഹം സിദ്ധിച്ച, രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതി സൃഷ്ടിച്ച, 1943 -ലെ ബംഗാളിലെ പട്ടിണി മരണം അനുഭവിച്ചറി‌ഞ്ഞ കാലഘട്ടത്തിലൂടെ കടന്നു വന്നയാളാണ് സ്വാമിനാഥൻ. ഡോക്ടറായ അച്ഛൻ സാംബശിവനെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട സ്വാമിനാഥൻ ആ പാത പിന്തുടരാനാണ് തിരുവനന്തപുരം മഹാരാജാസിൽ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ ) ജന്തുശാസ്ത്രം തെരഞ്ഞടുത്തത്. എന്നാൽ, ഉൾവിളി അദ്ദേഹത്തെ കാർഷിക പഠനത്തിലേക്ക് നയിച്ചു. ഇതിനിടെ അന്നത്തെ നാട്ടുനടപ്പ് അനുസരിച്ച് സിവിൽ സർവ്വീസ് പരീക്ഷ പാസായി അദ്ദേഹത്തിന് ഐ.പി.എസ് ലഭിച്ചെങ്കിലും യുനെസ്കോ ഫെല്ലോഷിപ്പിൽ അദ്ദേഹം നെതർലാണ്ടിലെ കൃഷി ശാസ്ത്രത്തിലെ ഉന്നത പഠനമാണ് തെര‌‌‌‌‌ഞ്ഞെടുത്തത്. ആ വഴി മുന്നോട്ടുള്ള പ്രയാണം അദ്ദേഹത്തെ ഫിലിപ്പിയൻസിലുള്ള അന്താരാഷ്ട നെല്ല് ഗവേഷണ കേന്ദ്രം മേധാവിയാക്കി. 

തൊണ്ണൂറുകളിൽ കാർഷിക പരിപാടികളുടെ ചിത്രീകരണത്തിന് പോകുന്ന വേളയിൽ അദ്ദേഹത്തെ ചിലരെങ്കിലും  വിശേഷിപ്പിച്ചിരുന്നത് നമ്മുടെ അപൂർവ്വ നെൽ വിത്തിനങ്ങളെ പാശ്ചാത്യ താത്പര്യങ്ങൾ സംരക്ഷിക്കാനായി മനിലയിലേക്ക് കടത്തിയയാള്‍ എന്നാണ്. ഒരുവേള ഞാനും അതൊക്കെ വിശ്വസിച്ചിരുന്നു. പിന്നീട് കേരളം കണ്ട തലയെടുപ്പുള്ള കൃഷി ശാസ്ത്രഞ്ജരായ ശ്യാമസുന്ദരൻ നായരും ആർ.ഹേലിയുമൊക്കെയുള്ള അടുപ്പത്തിൽ നിന്നാണ് അതിന്‍റെ സത്യാവസ്ഥ ബോധ്യപ്പെട്ടത്. എം. എസ് സ്വാമിനാഥൻ മുതൽ വയനാട്ടിലെ ചെറുവയൽ രാമൻ എന്ന അടിസ്ഥാന കർഷകന്‍ വരെയുള്ള ഒരു ചെറിയ കണ്ണിയുടെ ശ്രമഫലമായാണ് നമ്മുടെ പല നെൽവിത്തിനങ്ങളും ഇന്നും മൺമറയാതെ   സംരക്ഷിക്കപ്പെടുന്നത് എന്നതായിരുന്നു യാഥാര്‍ത്ഥ്യം. പ്രഥമ ലോക ഭക്ഷ്യ പുരസ്കാര തുക കൊണ്ടാണ് എം. എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ അദ്ദേഹം സ്ഥാപിക്കുന്നത്. നമ്മുടെ വയനാട്ടിലടക്കം അവർ നടത്തിയ നിശബ്ദ വിപ്ലവം ഒട്ടും ചെറുതല്ലാത്ത സംഭാവനയാണ് ലോകത്തിന് നൽകിയത്.

പിന്നീടൊരിക്കൽ എം. എസ് സ്വാമിനാഥൻ അദ്ധ്യക്ഷനായ ഒരു കാർഷിക പുരസ്കാര സമിതിയുടെ സഹയാത്രികാനാകാനുള്ള അപൂർവ്വ സൗഭാഗ്യവും എനിക്ക് ലഭിച്ചു. കേരളത്തിലെ മികച്ച കർഷകരെ കണ്ടെത്താനായി മലയാള മനോരമ നടത്തിയ കർഷകശ്രീ അവാർഡ് നിർണ്ണയ സമിതിയിലെ അദ്ധ്യക്ഷൻ എം.എസ് സ്വാമിനാഥനായിരുന്നു. ആർ.ഹേലി അടക്കമുള്ള പ്രമുഖരായിരുന്നു മറ്റ് വിധി കർത്താക്കൾ. കേരളമൊട്ടാകെ സഞ്ചരിച്ച് വിധി നിർണ്ണയം നടത്താൻ, അപ്പോഴും വളരെ സക്രിയമായി പ്രവർത്തിച്ചിരുന്ന എം. എസ് സ്വാമനാഥന്  സമയമുണ്ടായിരുന്നില്ല. അതിനാൽ, അവസാന റൗണ്ടിലെത്തിയ 20 കർഷകരെ ചെന്ന് കണ്ട് സ്വാമിനാഥന് അന്തിമ വിലയിരുത്തലിന് ആവശ്യമായ വീഡീയോ തയ്യാറാക്കാനുള്ള ചുമതല എനിക്കാണ് ലഭിച്ചത്. ഹേലി സാറിന്‍റെ നേതൃത്വത്തിൽ, മനോരമ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജോക്കെ ( ഉരുൾപൊട്ടൽ ചിത്രീകരിക്കവേ കൃത്യ നിർവഹണത്തിനിടയിൽ ജീവൻ പൊലിഞ്ഞ) അടങ്ങിയ അവിസ്മരണീയമായ  പര്യടനമായിരുന്നു അത്. ‌‌ഞങ്ങളുടെ റിപ്പോട്ടിൽ എം. എസ് സ്വാമിനാഥൻ തൃപ്തനും സന്തോഷവാനുമായിരുന്നുവെന്ന് അറിഞ്ഞത് വലിയ ചാരിതാർത്ഥ്യം നൽകി. മങ്കൊമ്പിൽ വച്ച് അദ്ദേഹത്തെ നന്നായി മനസിലാക്കാതെ ചോദ്യം ചെയ്തതിനുള്ള കുമ്പസാരമായി ‌‌‌ഞാനാ തൃപ്തിയെ കരുതട്ടെ..

പ്രണാമം, ഞങ്ങളുടെ തലമുറയെ പട്ടിണിയറിയാതെ വളർത്താൻ സഹായിച്ചതിന്. 

Follow Us:
Download App:
  • android
  • ios