Asianet News MalayalamAsianet News Malayalam

കാൽനൂറ്റാണ്ട് കാലത്തെ വേദന പേറി വിങ്ങിക്കരയുന്നൊരു പുരുഷൻ; ആണുങ്ങളുടെ 'വള്‍നറബിലിറ്റി'യെ അം​ഗീകരിച്ചാലെന്ത്?

ഈഗോയില്‍നിന്നു താഴെയിറങ്ങിക്കഴിയുമ്പോഴാണ്, ആണുങ്ങള്‍ പടമുരിഞ്ഞ് പുതുക്കപ്പെടുന്നത്. പെണ്ണുങ്ങളേക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ അതിശയം, കാലത്തിനും ലോകത്തിനുമൊപ്പം അനായാസമായി നടന്നുപോകാനുള്ള കഴിവിലാണ്.

mens health week social perspective and mental health issues abin joseph writes
Author
First Published Jun 14, 2024, 4:42 PM IST

ജൂൺ 10 മുതൽ ജൂൺ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യ വാരം ആചരിക്കുകയാണ്. 'ഒരുമിച്ച് ശക്തമായി' എന്നതാണ് ഈ വർഷത്തെ പുരുഷാരോഗ്യ വാരത്തിന്റെ തീം. പുരുഷന്മാരുടെ ആരോ​ഗ്യത്തിന് പ്രധാന്യം കൊടുക്കുന്നതിനായിട്ടാണ് ഈ വാരം ആചരിക്കുന്നത് തന്നെ. പക്ഷേ, പുരുഷന്മാരുടെ മാനസികാരോ​ഗ്യത്തിന് നാമെന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടോ? പുരുഷനെന്നാൽ സ്ട്രോങ്ങ് ആയിരിക്കണമെന്ന സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നതെന്താണ്? എഴുത്തുകാരനായ അബിൻ ജോസഫ് എഴുതുന്നു.

തൊണ്ണൂറുകളുടെ പകുതി. എ.കെ. ആന്റണി ചാരായം നിരോധിച്ചതോടെ വൈകുന്നേരങ്ങളില്‍ ഒന്നും ചെയ്യാനില്ലാതായതുകൊണ്ടാണോ എന്തോ ചെറുപ്പക്കാരൻ നാട്ടിലെ വായനശാലയില്‍ എത്തിത്തുടങ്ങുന്നു. മുട്ടത്ത് വര്‍ക്കിയായിരുന്നു, ആദ്യ വായന. പിന്നെ, പത്മരാജനും എം.ടിയും കടന്ന് മാര്‍ക്കേസിലും കാഫ്കയിലുമെത്തി. പട്ടഷാപ്പിനു പകരം ബ്രാണ്ടിക്കടകള്‍ വന്നിട്ടും അയാള്‍ വഴിമാറിയില്ല. അതിന്റെ പ്രത്യുപകാരംപോലെ, ബഷീറും പുനത്തിലുമൊക്കെച്ചേര്‍ന്ന് അയാള്‍ക്കൊരു പ്രേമം സെറ്റാക്കിക്കൊടുത്തു. അതേ വായനശാലയില്‍ ഏതാണ്ട് അതേസമയത്ത് പുസ്തകമന്വേഷിച്ചുവരുന്നൊരു പെണ്‍കുട്ടി. 

എല്ലാ രാത്രികളിലും അവര്‍ കത്തെഴുതി. പിറ്റേന്ന്, പുസ്തകത്തിനുള്ളില്‍ വെച്ചുകൊടുത്തു. ലൈന്‍ബസിലും ഇടവഴിയിലുമൊക്കെയായി തീരെ ചെറിയ കൂടിക്കാഴ്ചകള്‍. ആരെങ്കിലും കാണുമോയെന്നു പേടിച്ചുള്ള ചിരികള്‍. ജീവിതത്തിന് ഒരു പേരിട്ടാല്‍ അത് 'അനുരാഗത്തിന്റെ ദിനങ്ങള്‍' എന്നായിരിക്കുമെന്ന് അയാള്‍ക്കു തോന്നി. രണ്ടായിരാമാണ്ട് വന്നു. വീട്ടില്‍നിന്നുള്ള വഴക്കു കാരണം അയാള്‍ ഗള്‍ഫിലേക്കുപോയി. അവരുടെ പ്രേമം, സോവിയറ്റ് യൂണിയന്‍പോലെ ചിന്നിച്ചിന്നി ചിതറി. 

സത്യത്തില്‍ അവര്‍ രണ്ടുപേരുമാണ് അകന്നുപോയത്. പ്രേമം ഫിക്‌സഡ് ഡെപ്പോസിറ്റ്‌ പോലെ ഉള്ളില്‍ കിടപ്പുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്നത്തെ ചെറുപ്പക്കാരനെ ഞാന്‍ കണ്ടുമുട്ടിയത്. അനുരാഗത്തിന്റെ ഓരോ ദിവസവും അയാള്‍ ഓര്‍ത്തെടുത്തു. അവസാനമായി കണ്ട വൈകുന്നേരം, വയല്‍ക്കരയിലൂടെ അവള്‍ കരഞ്ഞുകൊണ്ട് നടന്നുപോകുന്ന ദൃശ്യം മരണംവരെ നെഞ്ചിലുണ്ടാകുമെന്ന് പറഞ്ഞു; അയാള്‍ കരഞ്ഞു. പ്രേമിക്കുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും റിയലാകുന്നത്. ഈഗോയില്ലാതെ ചിരിക്കുന്നത്. 

കാല്‍നൂറ്റാണ്ട് മുന്നേയുണ്ടായിരുന്ന കാമുകിയേക്കുറിച്ചോര്‍ത്ത് വിങ്ങിക്കരയുന്നൊരു പുരുഷനെ ഞാനാദ്യമായിട്ട് കാണുകയായിരുന്നു. ഭൂമിയിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനാണ്, മുന്നിലിരിക്കുന്നതെന്ന് എനിക്കു തോന്നി. പക്ഷേ, അയാളെ ആശ്വസിപ്പിച്ചില്ല. 'പോട്ടെ, വിട്ടുകള' എന്ന പതിവു ഡയലോഗ് പറഞ്ഞില്ല. നല്ല പുരുഷന്മാരൊക്കെ കുറച്ചു ദുര്‍ബലരാണ്. ചുറ്റുമുള്ള ലോകവും മനുഷ്യരും ചൊല്‍പ്പടിക്കു നില്‍ക്കുന്നെന്ന വെളിവുകേടില്ലാത്തവര്‍. 

ഈഗോയില്‍നിന്നു താഴെയിറങ്ങിക്കഴിയുമ്പോഴാണ്, ആണുങ്ങള്‍ പടമുരിഞ്ഞ് പുതുക്കപ്പെടുന്നത്. പെണ്ണുങ്ങളേക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ അതിശയം, കാലത്തിനും ലോകത്തിനുമൊപ്പം അനായാസമായി നടന്നുപോകാനുള്ള കഴിവിലാണ്. ഓരോ സാഹചര്യത്തെയും അസാധാരണമായി കൈകാര്യം ചെയ്യാനുള്ള മിടുക്കിലാണ്. ലോകമവസാനിച്ചാലും അതിലേക്കെത്താന്‍ ആണുങ്ങള്‍ക്കു പറ്റുമെന്നു തോന്നുന്നില്ല. 

പക്ഷേ, ആണുങ്ങളുടെ വള്‍നറബിലിറ്റിയെ നമ്മളാരും അംഗീകരിക്കുന്നില്ല. അങ്ങനൊരു ശീലവും നമുക്കില്ല. ദുര്‍ബലനായ പുരുഷനെന്നാല്‍ പരാജയമാണ്; കുതിരപ്പുറത്തു കയറി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ പോകുന്നതില്‍ തുടങ്ങി, ഇന്നീ നിമിഷം വരെയും. 

മാര്‍ക്കേസ് എഴുതിയതുപോലെ, 'ഫയറിങ് സ്‌ക്വാഡിനു മുന്നില്‍ നില്‍ക്കുമ്പോഴും പണ്ട്, അപ്പന്‍ ഐസ് കാണിക്കാന്‍ കൊണ്ടുപോയ വൈകുന്നേരം ഓര്‍മിക്കുന്ന' നിഷ്‌കളങ്കതയാണ്, മനുഷ്യനുണ്ടായിരിക്കേണ്ടത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആണായാലും പെണ്ണായാലും. ലോകം എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. ഞാനെന്റെ വള്‍നറബിലിറ്റികളെ പോക്കറ്റിലിട്ടതുന്നെയേ മുന്നോട്ടു നടക്കുന്നുള്ളൂ.

പക്ഷേ, പ്രകടിപ്പിക്കാൻ പുരുഷനു കഴിയില്ല. അത് നേരത്തെ പറഞ്ഞ പ്രേമപരാജയങ്ങളാണെങ്കിലും, ഓർമ്മകൾ വന്ന് നെഞ്ചുകീറി കടന്നു പോകുന്നതിനെ കുറിച്ചാണെങ്കിലും. കാരണം, അവൻ ആണായിപ്പോയില്ലേ? വിഷാദങ്ങളെ കുറിച്ചോ, മാനസികമായ പിരിമുറുക്കങ്ങളെ കുറിച്ചോ തുറന്നു പറയുന്നവരെ ആർ‌ക്കും അത്ര പിടിയില്ല. അതിനി പുരുഷന്മാരാണെങ്കിൽ പറയുകയേ വേണ്ട. 

പാട്രിയാർക്കി ഏറ്റവും വലിയ ചതി ചെയ്യുന്നത് പുരുഷനോട് തന്നെയാവണം. എല്ലാം തികഞ്ഞ 'ഒത്ത പുരുഷനാ'വാനുള്ള സമ്മർദ്ദം. അതിന് പറ്റാതെ മനസ് കൈവിട്ടുപോയ മനുഷ്യരെ നമ്മൾ കാണാറേയില്ല. 'കുമ്പളങ്ങി നൈറ്റ്സി'ലെ സൗബിൻ കഥാപാത്രമായ സജി നെപ്പോളിയനെ പോലെ മനോരോ​ഗവിദ‍​ഗദ്ധനെ കെട്ടിപ്പിടിച്ച് കരയാൻ അധികമാർക്കും കഴിയാറുമില്ല.  

എല്ലാമൊതുക്കിയും സമൂഹത്തിന്റെ സങ്കല്പങ്ങൾക്ക് ചുവടുവച്ചും നാം തകർന്നുപോയേക്കാം. പക്ഷേ, നമ്മുടെ മാനസികാരോ​ഗ്യം നമ്മെ മാത്രമല്ല തകർക്കുന്നത്, നമ്മുടെ ചുറ്റിലുള്ളവരെയും തകർക്കുന്നു. ശരീരത്തിന്റെ അസുഖത്തെ കുറിച്ചെന്ന പോലെ മനസിന്റെ അസുഖത്തെ കുറിച്ചും നമുക്ക് മടിയേതുമില്ലാതെ മിണ്ടാനായെങ്കിൽ. ആണായിരിക്കാൻ വേണ്ടി അമിതഭാരമെടുത്തണിയേണ്ടി വരാതിരുന്നെങ്കിൽ.

ജീവിതം പ്രേമം പോലെ മനോഹരവും, മനുഷ്യർ പ്രേമത്തിലായിരിക്കുന്നവരെ പോലെ റിയലാവുകയും ചെയ്തേനെ.

(എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‍കാര ജേതാവുമാണ് അബിൻ ജോസഫ്.)

വായിക്കാം: ആണാണെങ്കിൽ 'സ്ട്രോങ്ങ്' ആയിരിക്കണോ? സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നത്

'യൗവ്വനത്തിന്റെ പിടച്ചിലുകളായിരുന്നു ആ കഥകൾ': കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അബിൻ ജോസഫ് പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios