അതിസമ്പന്നമായ കുടുംബത്തില്‍ നിന്നും വന്നിട്ടും വീരേന്ദ്രകുമാര്‍ ജീവിതം മുഴുവന്‍ സോഷ്യലിസ്റ്റായി തുടര്‍ന്നത് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ കുടുംബത്തില്‍ രണ്ടു രാഷ്ട്രീയ ധാരകള്‍ ഉണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പദ്മപ്രഭ ഗൗഡര്‍ സോഷ്യലിസ്റ്റും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍  ജിനചന്ദ്ര ഗൗഡര്‍ കോണ്‍ഗ്രസും. അക്കാലത്ത് ഇന്ത്യയില്‍ തന്നെ അധികം കേട്ടുകേള്‍വി ഇല്ലാത്ത എം ബി എ  ഡിഗ്രി അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് നേടി വന്നശേഷവും വീരേന്ദ്രകുമാര്‍ തെരഞ്ഞെടുത്തത് സോഷ്യലിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തനം.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒന്നുമല്ലാതായി മാറുമ്പോഴും അദ്ദേഹം അതിനൊപ്പം നിന്നു. മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ ഏറ്റവും പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടിച്ചില്ല. \

 

 

വീരേന്ദ്രകുമാര്‍ എന്ന അസാധാരണനാമം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അറുപതുകളുടെ മധ്യത്തില്‍ ചിറ്റൂരില്‍ ആറോ ഏഴോ വയസ്സുള്ള ഒരു പ്രൈമറി സ്‌കൂള്‍ കുട്ടിയായിരുന്നപ്പോഴാണ്.  എന്റെ അമ്മയ്ക്ക് അന്ന്  ചിറ്റുര്‍ കോളേജില്‍ ജോലി ആയിരുന്നതിനാലാണ്  ഞങ്ങള്‍ അവിടെ എത്തിയത്. ഇന്ത്യ- ചീന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സി പി എം കാര്‍ മുഴുവന്‍ കരുതല്‍ തടവിലായിരുന്നതിന്റെ ഭാഗമായി അന്ന് എന്റെ അച്ഛന്‍ വിയ്യൂര്‍ ജയിലിലാണ്.  അന്ന്  സി പി ഐയില്‍ നിന്ന് വേര്‍പെട്ട്  രാഷ്ട്രീയമായി ഒറ്റപ്പെട്ടിരുന്ന സി പി എമ്മിനെ പിന്തുണയ്ക്കാനും അവരുടെ അറസ്റ്റിനെതിരെ സംസാരിക്കാനും മുന്നോട്ട് വന്ന ചുരുക്കം ചില ചെറിയ പാര്‍ട്ടികളിലൊന്നായിരുന്നു അന്നത്തെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി.  അതുകൊണ്ട് തന്നെ അച്ഛന്റെ തടവ് കാര്യമായി ഉലച്ചിരുന്ന എന്നിലെ ചെറിയകുട്ടിക്ക്  ആ പാര്‍ട്ടിയോട് വലിയ ഇഷ്ടമായിരുന്നു. 

രാഷ്ട്രപതി ഭരണം നടന്നിരുന്ന അക്കാലത്ത് നടന്ന പൊതുയോഗങ്ങളിലും ചുവരെഴുത്തുകളിലും  പ്രത്യക്ഷപ്പെട്ട രണ്ടു സോഷ്യലിസ്റ്റു നേതാക്കളുടെ പേരുകള്‍  എന്നെ പ്രത്യേകിച്ച്  ആകര്‍ഷിച്ചു.  ഒന്ന്,  ശിവരാമ ഭാരതി.  രണ്ട് വീരേന്ദ്രകുമാര്‍.  അതില്‍ വീരേന്ദ്രകുമാര്‍ എന്ന പേരിനോട് ആയിരുന്നു വല്ലാത്ത ആരാധന.  കാരണം, അന്നത്തെ രാഷ്ട്രീയ രംഗത്തെ ഗോപാലന്‍,  ശങ്കരന്‍, ഗോവിന്ദന്‍ തുടങ്ങിയ സാധാരണ പേരുകള്‍ക്കിടയില്‍ ഇതാ ദിലീപ് കുമാര്‍, രാജ് കുമാര്‍, രാജേന്ദ്ര കുമാര്‍ എന്നൊക്കെപ്പോലെ  ഹിന്ദി സിനിമാ താരത്തെ ഓര്‍മ്മിപ്പിക്കുന്ന പേരുള്ള ഒരു രാഷ്ട്രീയ നേതാവ്.  കാണുന്നതിനും കേള്‍ക്കുന്നതിനും അറിയുന്നതിനും ഒക്കെ  മുമ്പ് തന്നെ ഞാന്‍ ആ പേരിന്റെ ആരാധകനായി തീര്‍ന്നു.  

   

 

എം ഡി 

ഞാന്‍ വീരേന്ദ്രകുമാറിനെ അടുത്ത് അറിയുന്നത് എന്റെ ആദ്യത്തെ തൊഴില്‍ ദാതാവ് എന്ന നിലയ്ക്കാണ്.  1982 ല്‍ 'മാതൃഭൂമി'യില്‍ ചേരുമ്പോള്‍ പത്രത്തിന്റെ അതികായരായ രണ്ടു മുഖ്യ നായകര്‍ പത്രാധിപര്‍ വി പി രാമചന്ദ്രന്‍ എന്ന വി പി ആറും 'എം. ഡി' എന്ന ഞങ്ങളെല്ലാവരും വിളിച്ച മാനേജിങ് ഡയറക്ടര്‍, എം. പി. വീരേന്ദ്രകുമാറും ആണ്. ഞാനും ടി എന്‍ ഗോപകുമാറും അടക്കം  കോളേജ് വിട്ടിറങ്ങിയ ഒരു പറ്റം ചെറുപ്പക്കാര്‍ ട്രെയിനികളായി ചേരുന്നത് അക്കാലത്ത് ആരംഭിച്ച  തിരുവനന്തപുരം എഡിഷനിലാണ്.  അത് 'മാതൃഭൂമി'യുടെ വളര്‍ച്ചയിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു. വീരേന്ദ്രകുമാര്‍ ആയിരുന്നു അതിന്റെ മുഖ്യ കാര്‍മ്മികന്‍.  അതിനും ഒരു ദശകം മുമ്പ് കൊച്ചിയില്‍ രണ്ടാമത്തെ എഡിഷന്‍ ആരംഭിച്ചിരുന്നെങ്കിലും എല്ലാ അര്‍ത്ഥത്തിലും തനി മലബാര്‍ പത്രമായിരുന്ന 'മാതൃഭൂമി'യുടെ തിരുവിതാംകൂറിലേക്കുള്ള ആദ്യ ചുവടുവെപ്പ്.  

അന്ന് തിരുവനന്തപുരത്തിന്റെ സ്വന്തം പത്രമായിരുന്ന 'കേരളകൗമുദി'യുടെ സര്‍വാധിപത്യമാണ്.  സ്വാതന്ത്ര്യ സമരകാലം മുതലുള്ള 'മാതൃഭൂമി'ക്ക് ഒരു പുരാതനപത്രത്തിന്റെ മുഖമാണ്.  'മനോരമ'യെപ്പോലെ ആധുനിക സാങ്കേതികവിദ്യയോ കമ്പോളമത്സരവീര്യമോ ഒന്നും ഇല്ലാത്ത ഒരു പഴയ നായര്‍ തറവാടിന്റെ ആലസ്യം ബാധിച്ച പത്രം. പക്ഷെ തിരുവനന്തപുരത്തേക്കുള്ള പത്രത്തിന്റെ വരവ് 'മാതൃഭൂമി'യുടെ പ്രതിച്ഛായ മാറ്റിക്കുറിച്ചു.  'മാതൃഭൂമി'യുടെ പുരാതനത്വത്തിനുള്ളില്‍ അത്യന്താധുനികമായ ഒരു പുതിയ ജീവന്‍ തുടിയ്ക്കാന്‍ ആരംഭിച്ചതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള രൂപകമായി പെരുന്താന്നിയിലെ അതിപുരാതന 'അമ്മ വീട്ടിനുള്ളില്‍  ആരംഭിച്ച പുതിയ എഡിഷന്‍.  ഏറ്റവും പുതിയ വെബ് ഓഫ്‌സെറ്റ് പ്രസും മറ്റ് സംവിധാനങ്ങളും.  ചെറുപ്പക്കാരായ ഒരു വലിയ സംഘം പത്രപ്രവര്‍ത്തകര്‍. 

അക്കാലത്ത് മാസത്തില്‍ ഒരു തവണ എങ്കിലും ഓഫീസ് സന്ദര്‍ശിച്ചിരുന്ന വീരേന്ദ്രകുമാര്‍ ഔപചാരികമായ യോഗങ്ങള്‍ ഒന്നും വിളിച്ചിരുന്നില്ല.  നേരെ നാലുകെട്ടില്‍ ഡെസ്‌കിലേക്ക് കടന്നു വന്ന്  നര്‍മ്മവും ഗൗരവവും ഇടകലര്‍ന്ന ഒരുപാട് കഥകളുടെ കെട്ടഴിക്കും. പ്രായത്തിലെയോ തസ്തികയിലെയോ വലുപ്പച്ചെറുപ്പമൊന്നും അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. പക്ഷെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. മാതൃഭൂമിയില്‍ അന്ന്  ബി എം. ഗഫൂറിന്റെ പോക്കറ്റ്  കാര്‍ട്ടൂണിലെ നായക കഥാപാത്രമായ കുഞ്ഞമ്മാനെപ്പോലെ വയോധികനാകരുത്, ഈ എഡിഷന്‍. ചെറുപ്പത്തിലും  ആരോഗ്യകരമായ മത്സരത്തിലും ഒരിക്കലും പിന്നോട്ടുപോകരുത്.  ഉള്ളടക്കത്തിലും രൂപത്തിലും അന്നുവരെ മലയാളപത്രങ്ങള്‍ കണ്ടിട്ടില്ലാത്ത പുതുമ അന്ന്  ന്യുസ്  എഡിറ്ററായിരുന്ന ടി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 'മാതൃഭൂമി' കാഴ്ച്ചവെച്ചു.    ഒരു വര്‍ഷത്തിനകം തിരുവനന്തപുരത്തെ ഒന്നാം നമ്പര്‍ പത്രമായി 'മാതൃഭൂമി' മാറി.  പിന്നെയുള്ള പത്രത്തിന്റെ വളര്‍ച്ചയിലും അമരക്കാരനായിരുന്നു അദ്ദേഹം. 

ഉറച്ച രാഷ്ട്രീയക്കാരനായിരുന്നെങ്കിലും 'മാതൃഭൂമി'യുടെ സ്വതന്ത്ര നിലപാടുകളില്‍ ഇടപെടാനോ പത്രാധിപരുടെയോ പത്രപ്രവര്‍ത്തകരുടെയോ അധികാരത്തില്‍ കയ്യിടാനോ അദ്ദേഹം ശ്രമിച്ചില്ല. വി പി ആറിന് ശേഷം ഞങ്ങളുടെ കാലത്ത് എം ഡി നാലപ്പാട്ടും, എന്‍ വി കൃഷ്ണ വാര്യരും വി കെ മാധവന്‍ കുട്ടിയും ഒക്കെ പത്രാധിപര്‍മാരായി പ്രവര്‍ത്തിച്ചു. പക്ഷെ നാലപ്പാട്ടുമായി അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്. അത് പത്രസ്വാതന്ത്ര്യത്തിനപ്പുറം 'മാതൃഭൂമി'യുടെ ഓഹരികളുടെ പങ്ക് ടൈംസ് ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനെ  ചൊല്ലിയായിരുന്നു.   

തൊഴിലുടമ എന്ന നിലയ്ക്ക് കര്‍ക്കശക്കാരനായിരുന്നു ഉറച്ച സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായിരുന്നപ്പോഴും വീരേന്ദ്രകുമാര്‍. തൊഴില്‍ തര്‍ക്കങ്ങളുടെ പേരില്‍ ഞാനടക്കമുള്ള പത്രപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംഘര്‍ഷത്തില്‍ പെട്ടിട്ടുണ്ട്.  പക്ഷെ അപ്പോഴും വ്യക്തിബന്ധങ്ങളില്‍ ഇടര്‍ച്ച ഉണ്ടായിട്ടില്ല. അദ്ദേഹവുമായി ഒട്ടും നല്ല ബന്ധമില്ലായിരുന്ന കാലത്ത് എന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒറ്റപ്പാലത്തെത്തിയത് ഞാന്‍ ഓര്‍ക്കുന്നു. സ്‌നേഹദ്വേഷഭരിതം ആയിരുന്നു അക്കാലത്ത് അദ്ദേഹവും ഞങ്ങളുമായുള്ള ബന്ധം.  

ഞങ്ങള്‍ മിക്കവരും 'മാതൃഭൂമി' വിട്ട ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞങ്ങളുടെ പ്രിയങ്കരനായ ഗുരു വേണുവേട്ടന് (ടി വേണുഗോപാലന്‍) സ്വദേശാഭിമാനി അവാര്‍ഡ് ലഭിച്ചപ്പോള്‍ കോഴിക്കോട് ഞങ്ങള്‍ ഒരു സ്വീകരണം സംഘടിപ്പിച്ചു.  'മാതൃഭൂമി'യിലായിരുന്നപ്പോള്‍ കടുത്ത യൂണിയന്‍ നേതാവും വീരേന്ദ്രകുമാറുമായി പലപ്പോഴും ശക്തിയായി ഏറ്റുമുട്ടിയ ആളുമാണ് വേണുവേട്ടന്‍. പക്ഷെ ഞാന്‍ വീരേന്ദ്രകുമാറിനെ ഫോണില്‍ വിളിച്ച് സ്വീകരണത്തിനു ക്ഷണിച്ചു.  അത്യധികം സന്തോഷത്തോടെ അദ്ദേഹം അത് സ്വീകരിച്ചത് എന്നെ അമ്പരപ്പെടുത്തി.  പക്ഷെ അനാരോഗ്യം മൂലം അദ്ദേഹത്തിന് അന്ന് എത്താനൊത്തില്ല. പകരം  അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും വിലയേറിയ ഉപഹാരവുമായി മകന്‍ ശ്രേയാംസ് കുമാര്‍ എത്തി അന്നു വേണുവേട്ടനെ ആദരിച്ചത് ഞങ്ങള്‍ക്കൊക്കെ  വലിയ സന്തോഷം പകര്‍ന്നു.    

 

 

ഇ എം എസിനൊപ്പം വീരേന്ദ്രകുമാര്‍


സോഷ്യലിസ്‌റ് രാഷ്ട്രീയ ധാര

രാഷ്ട്രീയവും ബൗദ്ധികതയും സാംസ്‌കാരിക പ്രവര്‍ത്തനവും ഒക്കെ ഒരേ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്ന നവോത്ഥാന നായകരുടെയും രാഷ്ട്രീയ നേതാക്കളുടെയും പഴയ ഒരു സുവര്‍ണകാലത്തിന്റെ  അവസാന കണ്ണികളിലൊരാളായിരുന്നു വീരന്‍.  ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ സഹജമായ ഭാഗമായിരുന്നു ബൗദ്ധികത.  ജയപ്രകാശ് നാരായണന്‍, ആചാര്യ നരേന്ദ്ര ദേവ്, രാഹുല്‍ സാംകൃത്യായന്‍, അച്യുത് പട്‌വദ്ധന്‍, രാം മനോഹര്‍ ലോഹ്യ, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരൊക്കെ ഉദാഹരണം. കേരളത്തില്‍ മത്തായി മാഞ്ഞുരാനും അരങ്ങില്‍ ശ്രീധരനും ഒക്കെ ഉള്‍പ്പെട്ട   ആ ശൃംഖലയിലെ തിളങ്ങിയ കണ്ണിയായിരുന്നു വീരനും.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സവിശേഷ ധാരയായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനം.  ഒരു വശത്ത് ജനസംഘത്തിന്റെ തീവ്ര വലതു നയത്തിനും കോണ്‍ഗ്രസിന്റെ  മൃദു വലതു നയത്തിനും മറു വശത്ത് ജനാധിപത്യത്തിനോട് അകന്നുനിന്ന കമ്യുണിസ്റ്റ് ഇടതുപക്ഷത്തിനും ഇടയില്‍ നിലനിന്ന  പ്രസ്ഥാനം. പക്ഷെ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നിരന്തരമായി പിളര്‍ന്നു നശിക്കുകയായിരുന്നു അതിന്റെ വിധി.  

അതിസമ്പന്നമായ കുടുംബത്തില്‍ നിന്നും വന്നിട്ടും വീരേന്ദ്രകുമാര്‍ ജീവിതം മുഴുവന്‍ സോഷ്യലിസ്റ്റായി തുടര്‍ന്നത് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ കുടുംബത്തില്‍ രണ്ടു രാഷ്ട്രീയ ധാരകള്‍ ഉണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പദ്മപ്രഭ ഗൗഡര്‍ സോഷ്യലിസ്റ്റും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍  ജിനചന്ദ്ര ഗൗഡര്‍ കോണ്‍ഗ്രസും. അക്കാലത്ത് ഇന്ത്യയില്‍ തന്നെ അധികം കേട്ടുകേള്‍വി ഇല്ലാത്ത എം ബി എ  ഡിഗ്രി അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് നേടി വന്നശേഷവും വീരേന്ദ്രകുമാര്‍ തെരഞ്ഞെടുത്തത് സോഷ്യലിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തനം.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒന്നുമല്ലാതായി മാറുമ്പോഴും അദ്ദേഹം അതിനൊപ്പം നിന്നു. മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ ഏറ്റവും പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടിച്ചില്ല. 

 

കോഴിക്കോട് മിഠായി തെരുവില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍

 

സാംസ്‌കാരിക, രാഷ്ട്രീയ ഇടപെടലുകള്‍ 

ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ എതിര്‍ത്ത് ജയിലിലില്‍  പോയ അദ്ദേഹം  അവിടെ നിന്നാണ് എ കെ ജിയേയും അന്നത്തെ യുവനേതാക്കളായിരുന്ന എം വി രാഘവനെയും പിണറായിയേയും പോലെയുള്ള സി പി എം നേതാക്കളുമായി ഉറ്റബന്ധം  സ്ഥാപിച്ചത്.  1991 -ല്‍ കോണ്‍ഗ്രസ് തീവ്ര മുതലാളിത്തത്തിലേക്ക് നീങ്ങിയപ്പോള്‍  അതിനെതിരെ രാഷ്ട്രീയവും ബൗദ്ധികവുമായ പോരാടാന്‍ മുന്നണിയിലെത്തി അദ്ദേഹം.  'ഗാട്ടും കാണാച്ചരടുകളും' എന്ന അദ്ദേഹത്തിന്റെ പുസ്തകം അക്കാലത്തെ സാമ്പത്തികനയങ്ങളുടെ നിശിതവിമര്‍ശനമാണ്.  കരുണാകരന്റെ അമിതാധികാരകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായി അദ്ദേഹം. 

1990 കളിലെ  ഹിന്ദുത്വ മുന്നേറ്റക്കാലത്ത് ബാബ്റി മസ്ജിദ് തകര്‍ത്തതിനെതിരെയും മതനിരപേക്ഷതയ്ക്ക്  വേണ്ടിയും ഇന്ത്യയാകെ നടന്ന് അദ്ദേഹം ശബ്ദമുയര്‍ത്തി. ഹിന്ദുമത ദര്‍ശനത്തിലും ആത്മീയതയിലുമൊക്കെ അവഗാഹം ഉണ്ടായിരുന്ന വീരേന്ദ്രകുമാര്‍  ഹിന്ദുമതത്തിന്റെ ബഹുസ്വരത ഉയര്‍ത്തിക്കൊണ്ട് തന്നെ മതേതരത്വത്തിന് വേണ്ടിയും വര്‍ഗീയതയ്ക്ക് എതിരെയും പോരാടി. ശ്രീരാമന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്നതിനെതിരെ അദ്ദേഹം 'രാമന്റെ ദുഃഖം' എന്ന പുസ്തകം രചിച്ചുകൊണ്ട് നാടാകെ നടന്നു പ്രസംഗിച്ചു. വി പി സിങ്ങിന്റെ കാലത്ത് പിന്നാക്കസമുദായ അവകാശങ്ങള്‍ക്കായി അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. 
 
പാലക്കാട് പ്‌ളാച്ചിമടയില്‍ കൊക്കോകോള എന്ന ബഹുരാഷ്ട്രകുത്തക പാരിസ്ഥിതികമായ നാശം വിതച്ചപ്പോള്‍ അതിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വന്ന അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു. തുടര്‍ന്ന് അദ്ദേഹം സൈദ്ധാന്തികവും പ്രായോഗികവും ആയി പരിസ്ഥിതിസംരക്ഷണത്തിനു മുന്നോട്ട് വന്നു. 

 


 

എം പി വീരേന്ദ്രകുമാര്‍ എഴുതിയ 'ഇരുള്‍ പടരും കാലം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു


കോണ്‍ഗ്രസിലേക്കുള്ള വഴി 

എല്‍ ഡി എഫുമായി തെറ്റി കോണ്‍ഗ്രസ് ക്യാംപില്‍ എത്തിയത് വീരന്റെ ജീവിതത്തിലെ ഏറ്റവും അപ്രതീക്ഷിതമായ അധ്യായമായിരുന്നു.  കേരളത്തില്‍ തന്റെ പ്രസ്ഥാനത്തിന് അധികാരത്തിനായി പാര്‍ട്ടികളും നേതാക്കളും ഇഷ്ടം പോലെ രാഷ്ട്രീയ ബാന്ധവം മാറുന്ന കാലത്തും ആദര്‍ശങ്ങളില്‍ ഉറച്ച് നിന്ന ആളായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനത്തിനെ ചൊല്ലി സ്വന്തം പാര്‍ട്ടിയില്‍ ഒരു തര്‍ക്കം തുടങ്ങിയപ്പോള്‍ തന്നെ ഒറ്റ ദിവസം മാത്രം ഇരുന്ന മന്ത്രിക്കസേര വലിച്ചെറിഞ്ഞ ആള്‍.   അതുകൊണ്ട് ഒരു ലോക്‌സഭാ സീറ്റിന്റെ പേരില്‍  തന്റെ സ്വാഭാവിക ഭൂമികയായ ഇടതുപക്ഷം വിട്ട് അദ്ദേഹം ജിവിതകാലം മുഴുവന്‍ എതിര്‍ത്ത കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് അമ്പരപ്പിക്കുന്നതായിരുന്നു.  പക്ഷെ അധികം വൈകാതെ വീരേന്ദ്രകുമാറിന് ഇടതുപക്ഷത്തിലേക്ക് മടങ്ങാതെ കഴിയില്ലായിരുന്നു.  2016 -ല്‍, ഇന്ത്യയില്‍ വര്‍ഗീയത അപായകരമായി പടരുന്നതിനെ കുറിച്ചുള്ള  അദ്ദേഹത്തിന്റെ 'ഇരുള്‍ പടരും കാലം' എന്ന പുസ്തകം അന്ന് സി പി എം  സെക്രട്ടറിയായിരുന്ന പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ എന്നെ തെരഞ്ഞെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. 

ഏതാനും വര്‍ഷം മുമ്പ് ടി എന്‍ ഗോപകുമാര്‍  സുഖമില്ലാതെ വീട്ടില്‍ കഴിയുമ്പോള്‍ അദ്ദേഹം സന്ദര്‍ശിക്കാനെത്തിയ വേളയില്‍ ഞാനും അവിടെ ഉണ്ടായിരുന്നു. പഴയ മാതൃഭൂമിക്കാലം ഒക്കെ അയവിറക്കുന്നതിനിടെ - ചില ഭിന്നതകള്‍ അടക്കം- ഞാന്‍ ഈ 'കാലുമാറ്റകാര്യം'  അദ്ദേഹത്തോട് ചോദിച്ചു. കുറച്ചുനേരം നിശ്ശബ്ദനായി മറ്റെങ്ങോ നോക്കിയിരുന്നിട്ട് അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിന്റെ പിന്നില്‍  ലോക്‌സഭാസീറ്റോ  രാഷ്ട്രീയമോ അധികാരമോ ആയിരുന്നില്ല. ആത്മാഭിമാനം മാത്രം. അക്കാര്യത്തില്‍ മാത്രം എനിക്ക് ഒത്തുതീര്‍പ്പ് വയ്യ....' 

ആ കൂടിക്കാഴ്ച്ചക്ക് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍  നിന്ന് എനിക്കും ഗോപനും ഓരോ പായ്ക്കറ്റ് വന്നു.  മാതൃഭൂമിയുടെ മുദ്ര പതിപ്പിച്ച സ്വര്‍ണവര്‍ണമുള്ള വാച്ച്.  എം ഡി യുടെ ഉപഹാരം.   

 

'ഇരുള്‍ പടരും കാലം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ എം പി വീരേന്ദ്രകുമാര്‍ സംസാരിക്കുന്നു