Asianet News MalayalamAsianet News Malayalam

ഇണ ചേർന്നാലും പിടിവിടില്ല; ഇണ ചേർന്നതിന് പിന്നാലെ മുട്ടകൾ നിക്ഷേപിക്കും; ഇത് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ !

തണ്ണീര്‍തടങ്ങളില്‍ മാത്രം കാണുന്ന പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍, കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ അതിജീവിക്കില്ല. തണ്ണീര്‍തടങ്ങളില്‍ നിന്ന് തന്നെ ഇന്ന് ഇവ അപൂര്‍വ്വമാണെന്ന് അവയുടെ ലാര്‍വകളെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയ ഗവേഷകനായ വിവേക് ചന്ദ്രന്‍ പറയുന്നു.

Odonatology Pachakkanan Cherachirakan and their habitat bkg
Author
First Published Dec 8, 2023, 9:19 PM IST


ഭൂമി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. സൂക്ഷ്മാണു മുതല്‍ കരയില്‍ ആനകളിലേക്കും കടലില്‍ നീലത്തിമിംഗലത്തോളവും വലുപ്പത്തില്‍ തന്നെ അവ വ്യാത്യാസപ്പെടുന്നു. ഇതില്‍ തന്നെ ഓരോ വര്‍ഗ്ഗത്തിലും അനേകം വൈവിധ്യങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് ജലജന്യ ഷഡ്പദമായ തുമ്പികളെ എടുത്താല്‍ അവയില്‍ പ്രധാനമായും മൂന്ന് ഉപവിഭാഗങ്ങളെ കാണാം.   സൂചിത്തുമ്പികള്‍, കല്ലന്‍ തുമ്പികള്‍, അനിസോസൈഗോപ്റ്ററ എന്നിവയാണ് അവ. ഓരോ സ്പീഷീസിലും കാലാവസ്ഥയും പ്രദേശവും വ്യത്യാസപ്പെടുന്നതോടെ വൈവിധ്യമുള്ള തുമ്പി വര്‍ഗ്ഗങ്ങളെ കണ്ടെത്താന്‍ കഴിയും. സൂചിത്തുമ്പികളില്‍ ഏറ്റവും അപൂര്‍വ്വമായ തുമ്പികളില്‍ ഒന്നാണ് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍. എണ്ണത്തിലും തീരെ കുറവ്.  

ഈ ജനുസില്‍ ലോകത്ത് ആകമാനം, ഏഷ്യയുടെ പല ഭാഗങ്ങളിലായി നാല് സ്പീഷീസ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ തന്നെ ഇന്ത്യയിലും കേരളത്തിലുമായി രണ്ട് സ്പീഷ്യസിനെ കണ്ടെത്തി. കിരണി ചേരാച്ചിറകനും പച്ചക്കണ്ണന്‍ ചേരാച്ചിറകനും. അടുത്തകാലത്താണ് കിരണി ചേരാച്ചിറകനെ കണ്ടെത്തിയത്. പച്ചക്കണ്ണന്‍ ചേരാച്ചിറകനെക്കാള്‍ അപൂര്‍വ്വമാണ് കിരണി ചേരാച്ചിറകന്‍. 

1800 കളില്‍ തന്നെ ഇവയെ കണ്ടെത്തിയിരുന്നെങ്കിലും ഇരിങ്ങാലക്കുടയ്ക്കടുത്ത് തുമ്പൂര്‍ സ്വദേശിയായ റൈസണ്‍ തുമ്പൂര്‍ എന്ന തുമ്പി നിരീക്ഷകനാണ് കേരളത്തില്‍ നിന്ന് ആദ്യമായി പച്ചകണ്ണന്‍ ചേരാച്ചിറകനെ കണ്ടെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് പശ്ചിമ ബംഗാളില്‍ നിന്ന് ചില രേഖപ്പെടുത്തലുകള്‍  ഉണ്ടായിരുന്നു. പിന്നീട് മഹാരാഷ്ട്രയില്‍ നിന്നും പച്ചകണ്ണന്‍ ചേരാച്ചിറകനെ കണ്ടെത്തി. 

Odonatology Pachakkanan Cherachirakan and their habitat bkg

(പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍)

തുമ്പികള്‍ എന്ന ആവാസവ്യവസ്ഥയുടെ ആരോഗ്യ സൂചകങ്ങള്‍ 

ഇന്ന് മനുഷ്യന് എന്ത് കാര്യത്തിലും ഒരു സൂചകം ആവശ്യമാണ്. ഉദാഹരണത്തിന് ആരോഗ്യ സൂചകം, വിദ്യാഭ്യാസ സൂചകം, വ്യവസായ സൂചകം എന്നിങ്ങനെ. പ്രസ്തുത വിഷയങ്ങളില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ രേഖപ്പെടുത്താനാണ് ഈ സൂചകങ്ങളെ നമ്മള്‍ ഉപയോഗിക്കുന്നത്. ഇതേരീതിയില്‍ ആവാസവ്യവസ്ഥയുടെ ജൈവിക ആരോഗ്യ സൂചകങ്ങളാണ് തുമ്പികള്‍. കുറച്ച് കൂടി വിശദാക്കിയാല്‍ തുമ്പികള്‍ പ്രകൃതിയിലെ ഏറ്റവും ചെറിയ മാറ്റത്തോട് പോലും പ്രത്യക്ഷ പ്രതികരണം നടത്തുന്നു. 

ജലത്തിലും വായുവിലുമായി ഏകദേശം ഒരു വര്‍ഷമാണ് തുമ്പികളുടെ ആയുസ്. അതിനാല്‍ തന്നെ പ്രകൃതിയില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റവും ഇവയുടെ ജീവചക്രത്തെ നേരിട്ട് ബാധിക്കുന്നു. ജലത്തിന്‍റെ ചൂട് കൂടുക, ജലത്തില്‍ ഉപ്പിന്‍റെ അഥവാ ലവണാംശം വര്‍ദ്ധിക്കുക തുടങ്ങിയ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില തുമ്പി വര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു. അതേസമയം അതുവരെ ഇല്ലാത്ത ചില തുമ്പി വര്‍ഗ്ഗങ്ങള്‍ പെറ്റുപെരുകുകയും ചെയ്യുന്നു. ഇങ്ങനെ തുമ്പികളിലുണ്ടാകുന്ന പ്രത്യേകതകള്‍ നോക്കി ഓരോ പ്രദേശത്തിന്‍റെയും ആവാസവ്യവസ്ഥ അളക്കാന്‍ കഴിയുന്നു.  

തുമ്പികള്‍ പലവിധമാണ്. ചിലര്‍ക്ക് ശുദ്ധ ജലം വേണം. മറ്റ് ചിലര്‍ക്ക് അല്പം മാലിന്യമുള്ള ജലത്തിലും അതിജീവിക്കാന്‍ കഴിയുന്നു. വേറൊരു കൂട്ടര്‍ക്ക് തണല്‍ വേണം. ഇത്തരത്തില്‍ വൈവിധ്യമുള്ള തുമ്പികളെ കാണപ്പെടുന്ന പ്രദേശങ്ങള്‍ കൂടുതല്‍ ജൈവസമ്പുഷ്ടങ്ങളാണെന്ന് അനുമാനിക്കാം. ഉപ്പ് രസം കലരാത്ത ശുദ്ധജല സ്രോതസുകളിലാണ് തുമ്പികള്‍ സാധാരണ മുട്ടയിടാറ്. ഇവ മലിനമാക്കപ്പെടുമ്പോള്‍ തുമ്പികളുടെ വൈവിധ്യത്തെ ബാധിക്കുന്നു. വൈവിധ്യം കുറയുമ്പോള്‍ ഏത് ആവാസവ്യവസ്ഥയിലും അതിജീവിക്കാന്‍ കഴിയുന്ന പച്ചവ്യാളി പോലുള്ള തുമ്പികളുടെ എണ്ണം കൂടുന്നു. കൈതക്കാടുള്ള തണ്ണീര്‍ തടങ്ങളിലാണ് സാധാരണയായി പച്ചക്കണ്ണന്‍ ചേരാച്ചിറകനെ കണ്ടെത്താന്‍ കഴിയുക. ഇവ അപ്രത്യക്ഷമാകുമ്പോള്‍ ആ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയെന്ന് വ്യക്തം. 

Odonatology Pachakkanan Cherachirakan and their habitat bkg

(പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍റെ ലാര്‍വ)

മാംസ ഭുക്കുകള്‍

കാഴ്ചയില്‍ സൗമ്യരാണെങ്കിലും തുമ്പികളെല്ലാം മാംസഭുക്കുകളാണ്. തങ്ങള്‍ക്ക് കീഴ്പ്പെടുത്താന്‍ പറ്റുന്ന ഏത് ജീവിയെയും ഇവ കീഴ്പ്പെടുത്തി ഭക്ഷിക്കുന്നു. സാധാരണയായി കൊതുകുകള്‍, മറ്റ് ചെറുകീടങ്ങള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. അതായത് പരിസ്ഥിതിയിലെ കീടനിയന്ത്രണത്തില്‍ ഇവയും വലിയ പങ്ക് വഹിക്കുന്നു. 

കല്ലനും സൂചിയും രണ്ട് തുമ്പിവര്‍ഗ്ഗങ്ങള്‍ 

കല്ലന്‍ തുമ്പിയും സൂചി തുമ്പിയും തമ്മിലുള്ള പ്രധാന വ്യത്യാസം കല്ലന്‍ തുമ്പികള്‍ എവിടെയെങ്കിലും വിശ്രമിക്കുമ്പോള്‍ അവ ചിറകുകള്‍ വിരിച്ച് വയ്ക്കും. എന്നാല്‍ സൂചിത്തുമ്പി വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ തങ്ങളുടെ ശരീരത്തോട് ചേര്‍ത്ത് വയ്ക്കുന്നു. സൂചി തുമ്പികളുടെ ഇനത്തില്‍പ്പെടുന്നവയാണ് പച്ചക്കണ്ണന്‍ ചേരാച്ചിറകനെങ്കിലും ഇവ പേര് പോലെ ചിറകുകള്‍ ചേര്‍ത്ത് വയ്ക്കില്ല. അതെ, ചേരാത്ത ചിറകുള്ളവര്‍. ശരീരത്തിനും കണ്ണിനും പച്ച നിറം. ചേരാച്ചിറകന്‍ സൂചിത്തുമ്പി അങ്ങനെ പച്ചക്കണ്ണന്‍ ചേരാച്ചിറകനായി. 

Odonatology Pachakkanan Cherachirakan and their habitat bkg

(പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍റെ ഇണചേരല്‍)

പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍

തണ്ണീര്‍തടങ്ങളില്‍ മാത്രം കാണുന്ന തുമ്പി. കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ ഈ തുമ്പി അതിജീവിക്കില്ല. തണ്ണീര്‍തടങ്ങളില്‍ തന്നെ ഇന്ന് ഇവ അപൂര്‍വ്വമാണെന്ന് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍റെ ലാര്‍വകളെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയ ഗവേഷകനായ വിവേക് ചന്ദ്രന്‍ പറയുന്നു. ഇതുവരെ 63 സ്പീഷീസ് തുമ്പികളെ കോള്‍ നിലങ്ങളില്‍ നിന്ന് മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും അപൂര്‍വ്വമാണ് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍. ആറേഴു മാസം ലാര്‍വയായും പിന്നീട് ജൂണ്‍ മുതല്‍ നവംബര്‍ വരെ തുമ്പികളായും ജീവിതം. 

കൈതക്കാടുകള്‍ക്കിടയിലെ  പ്രണയം

പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ തുമ്പികള്‍, തങ്ങളുടെ ഇണയ്ക്ക് പ്രജനനത്തിന് സൗകര്യപ്രദമായ കൈതക്കാടുകളോട് ചേര്‍ന്ന ഒരു ജലാശയം കണ്ടെത്തുന്നു. തുടര്‍ന്ന് അവിടം തന്‍റെ അധികാര പ്രദേശമാക്കുന്നു. കടുവകള്‍ക്കും മറ്റും സ്വന്തം ടെറിട്ടറികള്‍ ഉള്ളത് പോലെ. ജലാശയത്തിന് മുകളിലുള്ള ഈ പ്രദേശത്തേക്ക് മറ്റ് ജീവികളെ പ്രത്യേകിച്ചും മറ്റ് പച്ചക്കണ്ണന്‍ ചേരാച്ചിറകന്മാരെ ഇവ അടുപ്പിക്കില്ല. ഇതുവഴി പറന്നെത്തുന്ന പെണ്‍ തുമ്പികളുമായി ആണ്‍ തുമ്പികള്‍ ഇണ ചേരുന്നു. പെണ്‍തുമ്പിക്കും അവള്‍ ഇടാന്‍ പോകുന്ന മുട്ടകള്‍ക്കും സംരക്ഷണം നല്‍കാന്‍ താന്‍ പ്രാപ്തനാണെന്ന് ആണ്‍ തുമ്പി തെളിയിക്കുന്നതിന്‍റെ ലക്ഷണമാണ് ഈ ടെറിട്ടറി സ്വന്തമാക്കല്‍! 

Odonatology Pachakkanan Cherachirakan and their habitat bkg

(പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍റെ ലാര്‍വകളെ കുറിച്ചുള്ള പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവേക് ചന്ദ്രന്‍)

ജലാശയത്തിനോട് അടുത്ത പ്രദേശത്ത് തന്നെയാകും ഇണ ചേരലും. ആണ്‍തുമ്പിയുടെ ഉദരത്തിന്‍റെ അറ്റത്തുള്ള ചെറുവാലുകള്‍ കൊണ്ട് പെണ്‍തുമ്പിയുടെ കഴുത്തിന് പുറകില്‍ പിടിക്കുന്നതോടെ ഇവ ഇണ ചേരാന്‍ തയ്യാറാകുന്നു. തുടര്‍ന്ന് സ്വന്തം ശരീരങ്ങള്‍ കൊണ്ട് അവ ഒരു പ്രണയ ചിത്രം വരയ്ക്കുന്നു. ഇണ ചേര്‍ന്ന് കഴിഞ്ഞാലും ആണ്‍ തുമ്പികള്‍ പെണ്‍ തുമ്പികളെ പിടിച്ച് വയ്ക്കുന്നു. 

തുമ്പികൾ ഇണ ചേർന്നു കഴിഞ്ഞാൽ വലിയ താമസമില്ലാതെ പെണ്‍ തുമ്പികള്‍, തങ്ങളുടെ വാലിന്‍റെ അറ്റത്തുള്ള കൂര്‍ത്ത അവയവം ഉയോഗിച്ച് കൈതോലകളില്‍ ചെറിയ തുളകളുണ്ടാക്കി അതില്‍  മുട്ടകൾ നിക്ഷേപിക്കുന്നു. ഇങ്ങനെ മുട്ടകള്‍ പൂര്‍ണ്ണമായും ഇട്ട ശേഷമാകും ആണ്‍ തുമ്പികള്‍ പെണ്‍ തുമ്പികളെ സ്വതന്ത്രാരാക്കുക. പൂർണ വളർച്ചയെത്തിയ അണ്ഡങ്ങളോടെയാണ് പെണ്‍തുമ്പികള്‍ ഇണചേരുന്നത്. ഇത് കൊണ്ട് തന്നെ ഇണ ചേര്‍ന്നതിന് പിന്നാലെ ഇവയ്ക്ക് തങ്ങളുടെ മുട്ടകള്‍ നിക്ഷേപിക്കാന്‍ കഴിയുന്നു. മറ്റ് തുമ്പികള്‍ വെള്ളത്തിലേക്ക് നേരിട്ടോ അല്ലെങ്കില്‍ വെള്ളത്തിലേക്ക് വീണു കിടക്കുന്ന ജലസസ്യങ്ങളിലോ മുട്ടകളിടുന്നു. എന്നാല്‍ പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ കൈതോലകളില്‍ ചെറു ദ്വാരങ്ങളുണ്ടാക്കി അവയില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. വെറും കാടെന്ന് പറഞ്ഞ് കൈതകള്‍ വെട്ടിമാറ്റുമ്പോള്‍, പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍റെ വംശഹത്യയും കീടങ്ങളായ ഷഡ്പദങ്ങളുടെ പെരുകലുമാണ് ഫലമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം. അതെ ഓരോ ചെറുജിവിയ്ക്കും ഈ ഭൂമിയില്‍ അതിന്‍റെതായ കര്‍മ്മം നിര്‍വഹിക്കാനുണ്ട്.

Follow Us:
Download App:
  • android
  • ios