Asianet News MalayalamAsianet News Malayalam

തമിഴ്നാട്: അണ്ണായുടേയും പെരിയോരുടേയും ജനത എങ്ങോട്ട്?

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളിലും നാലാം സ്ഥാനത്തേക്ക് കൂപ്പ്കുത്തിയിരുന്നു. എന്നാല്‍  മുന്നണിയുടെ ഭാഗമായതോടെ പാര്‍ട്ടിയുടെ  പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ശിവഗംഗ, ഈറോഡ്, തിരുപ്പൂര്‍, കടലൂര്‍ മണ്ഡലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ വിലയിരുത്തല്‍.

thamil nadu politics analysis
Author
Tamil Nadu, First Published Mar 24, 2019, 1:44 PM IST

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഹൃദയമിടിപ്പ് എന്നും ആരാധനാ ബിംബങ്ങളാല്‍ ചുറ്റപ്പെട്ടാണ്. കാലത്തിനൊപ്പം മാറുന്ന രീതികള്‍, കുറഞ്ഞ  വേഗതയിലെങ്കിലും പുതിയ തോരണങ്ങള്‍ കെട്ടിക്കഴിഞ്ഞു. പാര്‍ലമെന്‍റ് വിധിയെഴുത്തില്‍ രാജ്യം തമിഴ്നാട്ടിലേക്ക് ഉറ്റ് നോക്കുന്നതിന് കാരണം രണ്ടാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനത്തെ ഫലം തിരഞ്ഞെടുപ്പ് ഗോദയില്‍ തുറുപ്പ് ചീട്ടാണ്. കരുണാനിധിയും ജയലളിതയും ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ തമിഴ്നാടിന്‍റെ പുതിയ രാഷ്ട്രീയ യുഗവും കുറിക്കപ്പെടുകയാണ്.

thamil nadu politics analysis

ദ്രാവിഡ കോട്ട കാത്ത മുത്തുവേല്‍ കരുണാനിധിയും ജെ. ജയലളിതയും വിടപറഞ്ഞതോടെ കെട്ടഴിഞ്ഞ തമിഴകം ഇന്ന് പുതിയ ഉത്തരം തേടുകയാണ്. സ്വത്വരാഷ്ട്രീയത്തില്‍ പിടിവള്ളിയില്‍ തട്ടിവീഴാതെ ദ്രവീഡിയന്‍ സംസ്കാരത്തിന്‍റെ നിഴലില്‍ നില്‍ക്കാന്‍ മാറ്റത്തിന്‍റെ അലയൊലികള്‍  രാജ്യത്തിന്‍റെ തെക്കേയറ്റത്ത് മുഴുങ്ങുന്നുണ്ട്. ഇരു നേതാക്കളുടേയും സംസ്കാരസമയത്ത് പോലും വീശിയടിച്ച രാഷ്ട്രീയ കാറ്റ് ഏത് ദിശയിലേക്ക് വഴുതിമാറുമെന്നും ഈ തിരഞ്ഞെടുപ്പോടെ വ്യക്തമാകും.

രണ്ടായി പിളര്‍ന്നാണ് അണ്ണാ ഡിഎംകെ വോട്ട് തേടുന്നത്. പുരട്ചി തലൈവിയുടെ പിന്‍ഗാമി ആരെന്നതാണ് ചോദ്യം. എടപ്പാടി പളനിസ്വാമിയും ഒ പനീര്‍സൈല്‍വവും നേതൃത്വം നല്‍കുന്ന പാര്‍ട്ടി യഥാര്‍ത്ഥ അണ്ണാ ഡിഎംകെ അല്ലെന്നാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ വാദം. മന്നാര്‍കുടി കുടുംബത്തിന്‍റെ നീക്കങ്ങള്‍ ഒന്നും വിലപോവില്ലെന്ന് ഇപിഎസ് ഒപിഎസ് ക്യാമ്പ് ആവര്‍ത്തിക്കുന്നു. ഒറ്റയ്ക്ക് നില്‍ക്കാന്‍ പോലും അണ്ണാ ഡിഎംകെ മടിച്ചു. ഇപിഎസ് ഒപിഎസ് ചുമലിലേറി വേര് പടര്‍ത്താനാണ് സംഘപരിവാര്‍ ശ്രമം. അടിത്തറ ഇളകിയ അണ്ണാ ഡിഎംകെ എതിരാളിയേ അല്ലെന്ന് കണക്ക്കൂട്ടുന്നു ഡിഎംകെ. 2013 -ന് ശേഷം കോണ്‍ഗ്രസുമായും ഇടത്പാര്‍ട്ടികളുമായും കൈകോര്‍ത്തതോടെ ലക്ഷ്യം ഒന്നേയുള്ളൂ ഡിഎംകെയ്ക്ക്, കേന്ദ്രത്തില്‍ നിന്ന് ബിജെപിയെയും അതുവഴി അണ്ണാ ഡിഎംകെയെയും തൂത്ത് എറിയുക.
                              
അണ്ണാ ഡിഎംകെ ബിജെപി സഖ്യപരീക്ഷണം ലക്ഷ്യമിടുന്നത് എന്താണ്? പാര്‍ലമെന്‍റ് വിധിയെഴുത്തില്‍ അണ്ണാഡിഎംകെ അടിപറ്റുമെന്നായിരുന്നു ആദ്യഘട്ട സര്‍വ്വേ ഫലങ്ങള്‍. എന്നാല്‍, രാഷ്ട്രീയ ചിത്രം മാറിയിരിക്കുന്നു. എഴുതിത്തള്ളിയ ഇടത്ത് നിന്ന് ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി  കണക്കുകള്‍ കൊണ്ടെങ്കിലും കരുത്തരായി കഴിഞ്ഞു അണ്ണാ ഡിഎംകെ സഖ്യം. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടി അണ്ണാ ഡിഎംകെയെങ്കിലും എന്‍ഡിഎ എന്ന നിലയിലാണ് പ്രചാരണം. 2014 -ല്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോഴും നരേന്ദ്രമോദിയെ നേരിട്ട് വെല്ലുവിളിച്ച നേതാക്കളില്‍ ഒരാളാണ് ജയലളിത. തെരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ പ്രധാനമന്ത്രി പദം ജയലളിതയെ തേടിയെത്തുമെന്ന പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും അണ്ണാ ഡിഎംകെ നടത്തി. ഒറ്റയ്ക്ക് മത്സരിച്ച പാര്‍ട്ടി 39 -ല്‍ 37 സീറ്റും  തൂത്ത് വാരി. വിജയകാന്തിന്‍റെ ഡിഎംഡികെ, പാട്ടാളി മക്കള്‍ കച്ചി, എംഡിഎംകെ പാര്‍ട്ടികളുമായി  സഖ്യത്തില്‍ മത്സരിച്ച  ബിജെപിയെ ശക്തികേന്ദ്രമായ കന്യാകുമാരിയും പിഎംകെയുടെ ഉറച്ച് കോട്ടയായ ധര്‍മപുരിയും മാത്രം തുണച്ചു. കോയമ്പത്തൂര്‍ തിരുപ്പൂര്‍ പൊള്ളാച്ചി ഉള്‍പ്പടെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.  വടക്കന്‍ മേഖലകളില്‍ 11.5 ശതമാനത്തോളം വോട്ട് നേടി പിഎംകെ ശക്തി തെളിയിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം എംഡിഎംകെ ഒഴികെ എന്‍ഡിഎയുടെ ഭാഗമായിരുന്ന മുഴുവന്‍ പാര്‍ട്ടികളുമായി അണ്ണാഡിഎംകെ കൈകോര്‍ത്തു. നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, നിതിന്‍ ഗഡ്ഗരി തുടങ്ങിയ ബിജെപി കേന്ദ്രനേതാക്കള്‍ ചര്‍ച്ചകള്‍ക്കായി തമിഴകത്ത് എത്തി രണ്ട് മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

അന്‍പുമണി രാംദോസിന്‍റെ പാട്ടാളി മക്കള്‍ കച്ചിയെ ഒപ്പം നിര്‍ത്താനാകാത്തത് ക്ഷീണമായി

അണ്ണാ ഡിഎംകെ നേതൃത്വത്തിന്‍റെ അഴിമതി ആരോപണങ്ങള്‍ മുതല്‍ എന്‍ഫോഴ്സ്മെന്‍റ് കേസുകള്‍ വരെ സഖ്യതീരുമാനത്തിന് സമ്മര്‍ദ്ദം കൂട്ടി എന്നാണ് അഭ്യൂഹം. എന്നാല്‍, അധികാരകേന്ദ്രങ്ങളുടെ കൈകോര്‍ക്കല്‍ മറ്റുപാര്‍ട്ടികളെ സഖ്യത്തിലേക്ക് അടുപ്പിച്ചു. അണ്ണാ ഡിഎംകെ, പിഎംകെ, ഡിഎംഡികെ, ബിജെപി, പുതിയ നീതി കക്ഷി, പുതിയ തമിഴകം, എന്‍ ആര്‍ കോണ്‍ഗ്രസ്- മുന്നണിയില്‍ കഴിഞ്ഞ തെരഞ്ഞടുപ്പിലെ കണക്ക് പ്രകാരം വോട്ട് അറുപത് ശതമാനത്തിന് മുകളിലാണ്. എന്നാല്‍, ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് കണ്ടറിഞ്ഞ് താഴെക്കിടയിലുള്ള കുടുംബങ്ങള്‍ക്ക് പണം നല്‍കുന്ന പദ്ധതി ഉള്‍പ്പടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായ മാറ്റത്തിന് വഴിവച്ചിട്ടില്ല. ജിഎസ്ടിയും നോട്ട് നിരോധനവും നെയ്ത്തുഗ്രാമങ്ങളില്‍ കഷ്ടതയ്ക്ക് കനലേകിയെങ്കില്‍ കാവേരി നദിക്ക് കുറുകെയുള്ള കര്‍ണാടകയുടെ അണക്കെട്ട് നിര്‍മ്മാണ നീക്കത്തിനുള്ള കേന്ദ്രത്തിന്‍റെ അനുകൂല നിലപാട് കാവേരി ബെല്‍റ്റില്‍ പ്രതിഷേധാഗ്നി പടര്‍ത്തി കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ ആര്‍.കെ.രാധാകൃഷ്ണന്‍ ഈ സാഹചര്യത്തെ വിശേഷിക്കുന്നത് ഇങ്ങനെയാണ്: ''ബിജെപിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി നിന്നാല്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി, അണ്ണാഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് വോട്ടിങ്ങ് ശതമാനം വര്‍ധിപ്പിക്കുകയാണ്. ഇത് തീര്‍ച്ചയായും ബിജെപിക്ക് മാത്രമേ ഗുണം ചെയ്യൂ. മോദി വിരുദ്ധ, ബിജെപി വിരുദ്ധ വികാരം ഉടനീളമുള്ള സംസ്ഥാനമാണ് തമിഴ്നാട്.. ഇവിടെ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വോട്ട് ചോദിക്കുന്നത് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയേ നല്‍കൂ..''

ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ക്കിടയിലും ജാതി സമവാക്യങ്ങളിലാണ് അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ പ്രതീക്ഷ. പിഎംകെയിലൂടെ ലഭിക്കുന്ന വണ്ണിയര്‍ വോട്ടുകള്‍ വടക്കന്‍ മേഖലയില്‍ ഡിഎംകെയ്ക്ക് എതിരെ പൊരുതാന്‍ കരുത്തേകും. മുഖ്യമന്ത്രി എടപ്പാടിയും ഭൂരിഭാഗം മന്ത്രിമാരും ഉള്‍പ്പെട്ട കൊങ്കു ബെല്‍റ്റില്‍ ഗൗണ്ടര്‍ വിഭാഗത്തിന്‍റെ പിന്തുണ നഷ്ടപ്പെടില്ലെന്നും  നേതൃത്വം കണക്കുകൂട്ടുന്നു. വോട്ട് വിഹിതം രണ്ടര ശതമാനം മാത്രമേ ബിജെപിക്കുള്ളൂവെങ്കിലും മുന്നാക്ക വിഭാഗത്തിന്‍റെയും നാടാര്‍ വിഭാഗത്തിന്‍റെയും പിന്തുണ സഖ്യം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഡിഎംകെയ്ക്ക് ഒപ്പമായിരുന്ന പുതിയ തമിഴകവും എത്തിയതോടെ ദളിത് വോട്ടുകള്‍ ചോര്‍ന്നേക്കില്ല. ഇതോടെ ബിജെപി സഖ്യത്തിലൂടെ ചോര്‍ന്ന് പോകുന്ന മുസ്ലീം വോട്ടുകളും ടിടിവി ദിനകരന്‍റെ സ്വാധീനത്താല്‍ നഷ്ടപെടുന്ന തേവര്‍ വോട്ടുകളും വലിയ ആഘാതമേല്‍പ്പിക്കില്ലെന്ന് കണക്കുകൂട്ടുന്നു. അതേസമയം പ്രചാരണം തുടങ്ങിയെങ്കിലും മുന്നണിയിലെ കക്ഷികള്‍ക്ക് ഇടയില്‍ പോലും അതൃപ്തിയുണ്ട്. പിഎംകെയുടെ സമാന പരിഗണന ലഭിച്ചില്ലെന്ന പരാതി കടിച്ചമര്‍ത്തിയാണ് വിജയ്കാന്തിന്‍റെ ഡിഎംഡികെ സഹകരിക്കുന്നത്. സീറ്റ് നഷ്ടപ്പെടുമെന്ന് ഉറപ്പായ സിറ്റിങ്ങ് എംപിമാരും അണ്ണാ ഡിഎംകെയില്‍ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പുതുച്ചേരി ഉള്‍പ്പടെ 40 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച അണ്ണാ ഡിഎംകെ നേടിയത് 45 ശതമാനത്തോളം വോട്ട്. ഇത്തവണ ഇരുപത് സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ബിജെപിക്ക് അഞ്ച് സീറ്റ് നല്‍കിയതോടെ കന്യാകുമാരി ഉള്‍പ്പടെ തെക്കന്‍ മേഖലയില്‍ അട്ടിമറി നടക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. ബദ്ധവൈരികളെങ്കിലും ഏഴ് സീറ്റ് ലഭിച്ച പിഎംകെയും  നാല് സീറ്റുമായി ഡിഎംഡികെയും വടക്ക് ഡിഎംകെയ്ക്ക് എതിരായ പോരാട്ടം കടുപ്പിക്കും. ഇക്കഴിഞ്ഞ ഒന്നര മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാല് തവണയാണ് തമിഴ്നാട്ടില്‍ പ്രചാരണത്തിന് എത്തിയത്. പക്ഷേ, പ്രചാരണ വേദികളില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പടെ  പ്രധാനനേതാക്കളെല്ലാം പ്രതിപക്ഷത്തിന് എതിരെ രാഷ്ട്രീയ വിഭവങ്ങള്‍ ഇല്ലാതെ വിയര്‍ക്കുകയാണ്.

ഡിഎംകെയുടെ തിരിച്ചുവരവിന് കളമൊരുങ്ങുമോ?

അണ്ണാസമാധിക്ക് സമീപം ആറടി മണ്ണിനായി നേരിട്ട അപമാനം  കലൈജ്ഞറുടെ ഓര്‍മകളോളം ഡിഎംകെ പൊറുക്കില്ല. വാജ്പേയി സര്‍ക്കാരിനൊപ്പം  കലൈജ്ഞര്‍ ഒരിക്കല്‍ കൂട്ടിക്കെട്ടിയ ഡിഎംകെ, ഇന്ന് നരേന്ദ്രമോദിക്ക് എതിരായ തീവ്രനിലപാടുകളിലാണ്. പ്രതിപക്ഷ സഖ്യത്തിന്‍റെ ശക്തിപ്രകടനത്തിനൊപ്പം എം.കെ.സ്റ്റാലിന്‍റെ നേതൃപാടവത്തിന്‍റെ വിലയിരുത്തല്‍ കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഡിഎംകെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഏഴ് മാസങ്ങള്‍ക്കമാണ് സുപ്രധാന തെരഞ്ഞെടുപ്പ് ദൗത്യം സ്റ്റാലിന് മുന്നില്‍ എത്തിയത്. ചെറുപാര്‍ട്ടികളോട് ഉദാരസമീപനം കാട്ടി ഡിഎംകെ സഖ്യം ഉറപ്പിച്ചാണ്  സ്റ്റാലിന്‍  രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഭിന്നതകള്‍ പറഞ്ഞ് തീര്‍ത്ത് പത്ത് സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ത്തു. കോണ്‍ഗ്രസിനൊപ്പം സിപിഎമ്മിനേയും, സിപിഐ യേയും ഒരേ വേദിയില്‍ അണിനിരത്തി. ഡിഎംകെയ്ക്ക് ശക്തി കുറഞ്ഞ മേഖലകളില്‍ വോട്ട് ചോര്‍ച്ച തടയാന്‍ ഘടകകക്ഷികളെ കണ്ടെത്തി. കഴിഞ്ഞ തവണ ബിജെപി സഖ്യത്തിന്‍റെ ഭാഗമായിരുന്ന ഇന്ത്യന്‍ ജനനായകക്ഷി കൊങ്കുമക്കള്‍ ദേശീയ കക്ഷി പാര്‍ട്ടികളെ മുന്നണിയിലെത്തിച്ചു. വൈക്കോയുടെ എംഡിഎംകെ, വിസികെ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകള്‍ നല്‍കി. അന്‍പുമണി രാംദോസിന്‍റെ പാട്ടാളി മക്കള്‍ കച്ചിയെ ഒപ്പം നിര്‍ത്താനാകാത്തത് ക്ഷീണമായി. വിശാലസഖ്യത്തിന്‍റെ  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയെന്ന് ഡിഎംകെ വ്യക്തമാക്കുമ്പോള്‍ സിപിഎം തമിഴ്നാട് ഘടകം ഇതിനോട് യോജിക്കുന്നില്ല. പ്രതിപക്ഷ സഖ്യനീക്കങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആര്‍.കെ. രാധാകൃഷ്ണന്‍ വിലയിരുത്തുന്നത് ഇങ്ങനെ: ''1977 -ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തണമെന്ന പൊതുവികാരം ഉയര്‍ന്നതിന് സമാനമാണ് ഇപ്പോഴത്തെ നീക്കവും. 2019 -ലും പ്രധാന ലക്ഷ്യം ഒന്നേയുള്ളൂ, ബിജെപിയെ മാറ്റണം. അത് സംഭവിച്ചില്ലെങ്കില്‍  ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയെന്ന് കണക്കുകൂട്ടുന്നു പാര്‍ട്ടികള്‍. ഇതിന്‍റെ ഭാഗമായാണ് രാജ്യം മുഴുവന്‍ ഇത്തരം നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്..''

എന്നാല്‍, ഡിഎംകെ സഖ്യത്തിന് മുന്നിലെ വെല്ലുവിളികള്‍ ചെറുതല്ല. അനായാസ വിജയം നേടുമെന്നായിരുന്നു ആദ്യ ഘട്ട സര്‍വ്വേ ഫലങ്ങള്‍. എന്നാല്‍, അണ്ണാ ഡിഎംകെ സഖ്യചിത്രം വ്യക്തമായതോടെ ഡിഎംകെയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തെളിഞ്ഞു. 2009 -ന് ശേഷം ഒരു തിരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യം വിജയിച്ചിട്ടില്ല. ആര്‍.കെ.നഗര്‍ ഉപതെരഞ്ഞടുപ്പില്‍ കെട്ടി വച്ച കാശ് പോലും പാര്‍ട്ടിക്ക് നഷ്ടമായത് അണികളെ തളര്‍ത്തി. മുന്നണിയിലെ ഘടകകക്ഷികളെല്ലാം ചേര്‍ന്നാലും കഴിഞ്ഞ തിരഞ്ഞടുപ്പിലെ വോട്ട് നില നാല്‍പത് ശതമാനത്തില്‍ താഴെ. ടുജിക്കേസില്‍ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനാല്‍ മുന്‍ തെരഞ്ഞെടുപ്പിലേത് പോലെ അഴിമതിയുടെ കരനിഴല്‍ ഇന്ന് പാര്‍ട്ടിക്ക് ഭീഷണിയല്ല. അണ്ണാ ഡിഎംകെയേക്കാള്‍ ബഹുദൂരം മുന്‍പേ ഗ്രാമസഭകളുമായി പ്രചാരണം തുടങ്ങിയ ഡിഎംകെ അഴിമതി തന്നെയാണ് പ്രധാന പ്രചാരണ വിഷയം ആക്കുന്നത്. അണ്ണാ ഡിഎംകെയേക്കാള്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നു. സ്റ്റെര്‍ലൈറ്റ് വിഷയം കത്തി നില്‍ക്കുന്ന അണ്ണാഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ തൂത്തുക്കുടിയിൽ കനിമൊഴിയെ തന്നെ മത്സരംഗത്ത് ഇറക്കി. പൊള്ളാച്ചി പീഡനക്കേസില്‍ ഡിഎംകെ തുടങ്ങിയ പ്രതിഷേധം സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ഉടനീളം പടര്‍ന്ന് കഴിഞ്ഞു. സ്റ്റാലിന്‍റെ നേതൃത്വത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ബി.ആര്‍.പി.ഭാസ്കര്‍ പറയുന്നു: ''കരുണാനിധിയില്‍ നിന്ന് സ്റ്റാലിനേക്കുള്ളത് വലിയ മാറ്റമാണ്. കരുണാനിധി എത്ര അനുഭവസമ്പത്തുള്ള നേതാവായിരുന്നു. അറുപത് കൊല്ലം രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന നേതാവാണ് അദേഹം. സ്റ്റാലിന്‍ അച്ഛന്‍റെ തണലില്‍ വളരെക്കാലം നിന്ന മനുഷ്യനാണ്.. അതുകൊണ്ട് സ്റ്റാലിന്‍റെ നേതൃത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്ന് വരില്ല എന്ന് പറയാനാകില്ല..''

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ പ്രചാരണം

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളിലും നാലാം സ്ഥാനത്തേക്ക് കൂപ്പ്കുത്തിയിരുന്നു. എന്നാല്‍  മുന്നണിയുടെ ഭാഗമായതോടെ പാര്‍ട്ടിയുടെ  പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ശിവഗംഗ, ഈറോഡ്, തിരുപ്പൂര്‍, കടലൂര്‍ മണ്ഡലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ വിലയിരുത്തല്‍. വടക്കന്‍ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. പിഎംകെ വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ജയത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. തെക്കന്‍ മേഖലകളില്‍ ടിടിവി ദിനകരപക്ഷം അണ്ണാ ഡിഎംകെ വോട്ട് ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയാല്‍ സ്ഥിതി അനുകൂലമാകുമെന്ന് ഡിഎംകെ സഖ്യം കണക്കുകൂട്ടുന്നു. കൊങ്കു മേഖലയില്‍ ശക്തരായ അണ്ണാ ഡിഎംകെയെ അട്ടിമറിക്കുക പ്രയാസമാണ്. എന്നാല്‍, ദിനകര പക്ഷത്തെ സെന്തില്‍ ബാലാജിയെ ജില്ലാ സെക്രട്ടറിയാക്കി കൊങ്കു മക്കള്‍ കക്ഷിയെ മുന്നണിയെത്തിച്ചത് മാറ്റത്തിന് വഴിവയ്ക്കും. ഇതുവരെ ശാന്തനായ അഴഗിരി വിമത ശബ്ദമുയര്‍ത്തിയാല്‍ കാര്യങ്ങള്‍ മാറി മറയും. അത്ഭുതം സംഭവിച്ചില്ലെങ്കില്‍ പുതുച്ചേരിയില്‍ ഉള്‍പ്പടെ വ്യക്തമായ മുന്‍തൂക്കം ഡിഎംകെ കണക്കുകൂട്ടുന്നു.

മന്നാര്‍ക്കുടി കുടുംബത്തിന്‍റെ ലക്ഷ്യം എന്താണ്?

അണ്ണാഡിഎംകെ സഖ്യത്തിന് ഡിഎംകെയ്ക്ക് ഒപ്പം ഭീഷണിയാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ പ്രചാരണം. ദിനകര പക്ഷം നേടുന്ന പിന്തുണ അണ്ണാഡിഎംകെയുടെ വോട്ട് ബാങ്കില്‍ തന്നെയാണ് വിള്ളല്‍ വിഴ്ത്തുന്നത്. ജയിലില്‍ ആണെങ്കിലും പാര്‍ട്ടിയുടെ നീക്കങ്ങള്‍ ശശികലയുടെ നിര്‍ദേശപ്രകാരമാണ്. കാര്‍ഷിക കടം എഴുതിത്തള്ളും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മിനി കമ്പ്യൂട്ടര്‍, സ്ത്രീകള്‍ക്ക് ബിസിനസ് സംരംഭത്തിനായി പ്രത്യേക വനിതാ സഹകരണ ബാങ്ക്, ഒരു വര്‍ഷത്തിനകം മദ്യശാലകള്‍ അടച്ച് പൂട്ടല്‍ തുടങ്ങി ജനപ്രിയ പദ്ധതികളാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ പ്രചരണപത്രികയിലെ വാഗ്ദാനങ്ങള്‍.

തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ പ്രചാരണം. ജയലളിത നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ എടുത്ത് കാട്ടുന്നു. ഡിഎംകെയ്ക്ക് ഒപ്പം ഇപിഎസ് ഒപിഎസ് മന്ത്രിസഭയിലെ അഴിമതിയും ടിടിവി പ്രചാരണായുധമാക്കുന്നു. ഇപിഎസ് ഒപിഎസ് പക്ഷത്തെ നേതാക്കളില്‍ പലരും അസംതൃപ്തരാണെന്നും തിരഞ്ഞടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇവര്‍ അമ്മമക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ ഭാഗമാകുമെന്നുമാണ് ദിനകരന്‍റെ അവകാശവാദം. അമ്മമക്കള്‍ മുന്നേറ്റ കഴകത്തിനൊപ്പം സഹകരിക്കുന്ന എസ് ഡി പി ഐ രാമനാഥപുരത്തും, തമിഴക വായവുവരുമൈ കക്ഷി വണ്ണിയര്‍ കേന്ദ്രങ്ങളിലും ചെറിയ തോതില്‍ വോട്ട് പിടിക്കും. എന്നാല്‍, ദില്ലി ഹൈക്കോടതി ഉത്തരവോടെ രണ്ടില ചിഹ്നം നഷ്ടപ്പെട്ട ടിടിവിയും പാര്‍ട്ടിയും അപ്രസ്കതമായെന്ന് ഇപിഎസ് ഒപിഎസ് ക്യാമ്പ് വാദിക്കുന്നു.സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചില്ലെങ്കിലും അണ്ണാ ഡിഎംകെ വോട്ട് ബാങ്ക് തകരുമെന്നാണ് ടിടിവിയുടെ മറുപടി. ജയലളിതയുടെ മരണത്തിന് ശേഷം നടന്ന ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് ടിടിവി വിജയിച്ചത്. 

വെളിച്ചം വീഴ്ത്തുമോ ഉലകനായകന്‍?

ടോര്‍ച്ചാണ് മക്കള്‍ നീതി മയ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം. അത്യാധുനിക സൗകര്യങ്ങളുള്ള ഓഫീസും ന്യൂജെന്‍ പ്രവര്‍ത്തകരുമായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തമിഴ്നാട്ടില്‍ കമല്‍ ഇപ്പോഴും നടന്‍ മാത്രമാണ്, രാഷ്ട്രീയ നേതാവിന്‍റെ പ്രതിച്ഛായയിലേക്ക് ആളുകള്‍ പ്രതിഷ്ഠിച്ചിട്ടില്ല.

സിനിമയില്‍ നിന്ന് അകലാന്‍ മടിക്കുകയാണ് രജനീകാന്ത്

പാര്‍ട്ടി പ്രഖ്യാപനം നടന്ന് ഒരു വര്‍ഷത്തിനകം ശക്തിപ്രകടനത്തിന് മക്കള്‍ നീതി മയ്യം ഇറങ്ങിയിരിക്കുന്നത്. ശക്തരായ സഖ്യകക്ഷികളുടെ കൂട്ട് ഇല്ലാതെയാണ് നാല്‍പത് മണ്ഡലങ്ങളിലേയും പോരാട്ടം. കമല്‍ ഹാസന്‍ തന്നെയാണ് പാര്‍ട്ടിയുടെ ശക്തി. മക്കള്‍ നീതി മയ്യത്തിന്‍റെ ചുമതലയുള്ള ടെക്കികളാണ് ഗ്രാമസഭകളുടെ സംഘാടകര്‍. കമല്‍ഹാസന്‍റെ പ്രചാരണം ലൈവായി മക്കള്‍ നീതി വെബ്സൈറ്റില്‍ ‍നല്‍കുന്നു. ദേശീയവിഷയങ്ങളില്‍ നിലപാട് വെട്ടിതുറന്ന് പറഞ്ഞും എതിരാളികളെ കടന്നാക്രമിച്ചുമാണ് കമല്‍ഹാസന്‍റെ പ്രസംഗങ്ങള്‍.പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ രജനീകാന്തിന്‍റെ നിലപാട് ഭീരുത്വമെന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. സ്ത്രീ സുരക്ഷയും സര്‍വ്വതോന്മുകമായ വികസനവും എടുത്ത് പറഞ്ഞ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സത്രീ സാന്നിദ്ധ്യം വേണ്ടത്ര  ഉള്‍പ്പെട്ടില്ല. നടന്‍ നാസ്സറിന്‍റെ ഭാര്യയും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകയുമായ കമീല നാസ്സറാണ് ആദ്യ ഘട്ട പട്ടികയിലെ ഏക വനിതാ പ്രതിനിധി.ജനകീയപ്രശ്നങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി നിറഞ്ഞ് നില്‍ക്കുന്നുവെങ്കിലും താഴെകിടയിലേക്ക് മക്കള്‍നീതി മയ്യം ഇറങ്ങിയിട്ടില്ലെന്നാണ് വിമര്‍ശം. കമല്‍ അല്ലാതെ ജനങ്ങളെ സ്വാധീനിക്കാനാവുന്ന നേതാക്കളും ഇല്ല.

കമല്‍ഹാസന്‍റെ നീക്കങ്ങളെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ റാം നിരീക്ഷിക്കുന്നത് ഇങ്ങനെ: ''കമല്‍ വാസ്തവത്തില്‍ രാഷ്ട്രീയ ഇന്‍വസ്റ്റ്മെന്‍റ് തന്നെയാണ് ചെയ്തിരിക്കുന്നത്. വിജയകാന്ത് നടത്തിയ നീക്കങ്ങള്‍ക്ക് സമാനമാണിത്. ഒറ്റയ്ക്ക് നിന്നാലും എട്ട് ശതമാനം എങ്കിലും വോട്ട് നേടാന്‍ കഴിയുമെന്ന് കാണിച്ച് കൊടുക്കാനാണ് കമലിന്‍റെ ശ്രമം. പക്ഷേ, ഏതെങ്കിലും പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയോട് സഖ്യത്തിന് തീരുമാനിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെടാന്‍ പോകുന്നത്.. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തന്നെ കാരണം ഈ പാര്‍ട്ടികള്‍ തെറ്റായത് കൊണ്ടെന്നായിരുന്നു കമലിന്‍റെ വാദം.. രാഷ്ട്രീയത്തില്‍ അത്തരമൊരു സമയം നേരിടാതിരിക്കാന്‍ കഴിയില്ല..''

സ്റ്റൈല്‍ മന്നന്‍ എവിടെയാണ്?
സിനിമയില്‍ നിന്ന് അകലാന്‍ മടിക്കുകയാണ് രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് ഇത്തവണ തെരഞ്ഞടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന വിഷയങ്ങളാണ് മുഖ്യമെന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി, പാര്‍ട്ടി പ്രഖ്യാപനത്തിനാണ് ഒരുങ്ങുന്നത്. ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്‍ഡിഎക്ക് പരസ്യപിന്തുണ നല്‍കാന്‍ താരം ഇപ്പോള്‍ മടിക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തേക്കും താരത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കുകള്‍ ഉണ്ട്. കമല്‍ഹാസനെ പോലെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രജനി തയ്യാറാകുമോ എന്ന് കണ്ടറിയാം..

സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന സിനിമയേക്കാള്‍ സസ്പെന്‍സ് നിറഞ്ഞതാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞടുപ്പിലും ഒരു പോലെ വോട്ട് ചെയ്യുന്നതാണ് തമിഴകത്തെ രീതി. പാര്‍ലമെന്‍റിന്‍റെ വിളിപ്പാട് അകലം നഗ്നരായി സമരം ചെയ്ത കര്‍ഷകര്‍ അടക്കം പ്രതിഷേധാഗ്നി അടങ്ങാത്തവര്‍ അനേകമാണ്. ദ്രാവിഡരാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ബിജെപി നീക്കത്തിന് അണ്ണായുടേയും പെരിയോരുടേയും ജനത എന്ത് വിധിയെഴുമെന്ന് കാത്തിരിക്കാം.. 

Follow Us:
Download App:
  • android
  • ios